ADVERTISEMENT

നെടുങ്കണ്ടം ∙ കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റത്തെ തുടർന്ന് കമ്പംമെട്ടിൽ വളർത്തുമത്സ്യങ്ങൾ ചത്തുപൊങ്ങി. കമ്പംമെട്ട് സ്വദേശി മൈലാടിയിൽ തോമസ് മാത്യുവിന്റെ 500 കിലോയോളം വളർത്തു മത്സ്യങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചത്തുപൊങ്ങിയത്. താപനിലയിലെ പെട്ടെന്നുണ്ടായ വ്യതിയാനമാണ് കാരണമെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചു. മത്സ്യങ്ങൾക്ക് അസുഖങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. എട്ടുവർഷത്തോളമായി മത്സ്യകൃഷി നടത്തുന്ന കർഷകനാണ് തോമസ്. ഒരേക്കർ വരുന്ന സ്വാഭാവിക കുളത്തിലാണ് മത്സ്യകൃഷി. കട്‌ല, രോഹു, മൃഗാൾ തുടങ്ങിയ കാർപ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് കൂടുതലും. മത്സ്യഫെഡിൽ നിന്നു ലഭിച്ച കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്.

അടുത്തമാസം വിളവെടുക്കേണ്ട അരക്കിലോ മുതൽ 2 കിലോ വരെ തൂക്കം വരുന്ന മത്സ്യങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചത്തത്. ഒരു ലക്ഷം രൂപയിലധികം നഷ്ടമുണ്ടായി. മത്സ്യകർഷകർക്കുണ്ടാകുന്ന നഷ്ടത്തിന് ധനസഹായമോ ഇൻഷുറൻസ് പരിരക്ഷയോ ലഭ്യമല്ല. ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികളുണ്ടെങ്കിലും മലയോര മേഖലകളിൽ പരിശോധനാ ലാബുകൾ ഇല്ല. എറണാകുളം കുഫോസിലും ഫിഷറീസ് ലാബുകളിലുമുള്ള പരിശോധനകൾക്കായി ശരാശരി 30,000 രൂപ ചെലവ് വരും.

വില്ലൻ കാലാവസ്ഥ
ശരാശരി 23-28 ഡിഗ്രി താപനിലയുള്ള പശ്ചിമഘട്ടത്തിൽ ഉൾനാടൻ മത്സ്യകൃഷി വിജയകരമാണ്. പെട്ടെന്നുണ്ടാകുന്ന താപനിലയിലെ വ്യതിയാനം ഹൈറേഞ്ചിലെ മത്സ്യകൃഷിയെ പൊതുവെ ബാധിക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെട്ടെന്നുണ്ടായ തണുപ്പും തുടർന്നുള്ള കടുത്ത ചൂടും മത്സ്യങ്ങളെ ദോഷകരമായി ബാധിച്ചതാകാമെന്നാണ് വിലയിരുത്തൽ. ഇതിനാൽ രാവിലെയും വൈകിട്ടും മത്സ്യങ്ങൾക്ക് ഓക്സിജന്റെ ലഭ്യത കുറഞ്ഞേക്കാം. ഇതിനോടൊപ്പമുണ്ടാവുന്ന താപനിലയിലെ വ്യതിയാനവും കൂടിയാകുമ്പോൾ മത്സ്യങ്ങൾ ചത്തുപോയേക്കാം.വേനൽക്കാലത്ത് ജലത്തിലെ അമോണിയയുടെ അളവ് ഉയരുന്നതും പ്രശ്നമാണ്. മത്സ്യങ്ങളുടെ വിസർജനത്തിൽ നിന്നുണ്ടാകുന്ന അമോണിയ ഹാനികരമായ അളവിൽ ഉയർന്നാൽ മത്സ്യങ്ങൾ ചത്തുപോകും.

പ്രതിരോധ മാർഗങ്ങൾ
ചലനമില്ലാത്ത കുളങ്ങളിലെ വെള്ളത്തിൽ എയറേഷൻ സംവിധാനങ്ങൾ ഒരുക്കി ജലത്തിലെ ഓക്സിജന്റെ അളവ് വർധിപ്പിക്കണം. കൃത്യമായ ഇടവേളകളിൽ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണം. വേനൽക്കാലത്ത് തണൽ വലകൾ വിരിച്ച് താപനില നിയന്ത്രിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com