ADVERTISEMENT

തൊടുപുഴ∙ ഓട്ടോറിക്ഷയിൽ മീറ്റർ ഘടിപ്പിക്കുന്നതിനുള്ള നൂൽക്കമ്പി കെട്ടാൻ 70 രൂപ.  സർക്കാർ ഫീസിന് പുറമേ മീറ്റർ ഘടിപ്പിക്കാനുള്ള നൂൽക്കമ്പിയുടെ പേരിൽ അധിക തുക ഈടാക്കുന്നതിനെച്ചൊല്ലി ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പ്രതിഷേധം. ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധിച്ചതോടെ മീറ്റർ ഘടിപ്പിക്കൽ ഏറെ സമയം വൈകി. 2 മണിക്കൂറിനിടെ 7,000 രൂപയാണ് ഇത്തരത്തിൽ സർക്കാർ ഫീസിന് പുറമേ പിരിച്ചെടുക്കുന്നത്.

ഓട്ടോറിക്ഷയിൽ മീറ്റർ ഘടിപ്പിക്കുന്നതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് 170 രൂപയാണ്. ഇതിനു പുറമേയാണ് ഒരു ഓട്ടോറിക്ഷയ്ക്ക് 70 രൂപ വീതം ഉദ്യോഗസ്ഥർ അധികമായി പിരിച്ചെടുക്കുന്നത്. മീറ്റർ ഘടിപ്പിക്കുന്ന ഏജന്റുമാർ 10 സെന്റി മീറ്റർ വീതം നീളമുള്ള നൂൽക്കമ്പി എത്തിച്ച് ഇതു ഉപയോഗിച്ചാണ് മീറ്റർ ഓട്ടോയിൽ ഘടിപ്പിക്കുന്നത്. ഈ നൂൽക്കമ്പിക്കുള്ള ചെലവ് എന്ന രീതിയിലാണ് 70 രൂപ ഈടാക്കുന്നത്. മറ്റു പല ജില്ലകളിലും സ്വന്തം നിലയിൽ മീറ്റർ ഘടിപ്പിച്ച ശേഷമാണ് പരിശോധനാ ദിവസം ഡ്രൈവർമാർ ഓട്ടോറിക്ഷ എത്തിക്കുന്നതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

തൊടുപുഴയിൽ ഓട്ടോറിക്ഷകളിൽ മീറ്റർ ഘടിപ്പിക്കുന്നതിന്റെ പേരിൽ നടത്തുന്ന അനധികൃത പിരിവിനെതിരെ പ്രതിഷേധിക്കുന്നവർ.
തൊടുപുഴയിൽ ഓട്ടോറിക്ഷകളിൽ മീറ്റർ ഘടിപ്പിക്കുന്നതിന്റെ പേരിൽ നടത്തുന്ന അനധികൃത പിരിവിനെതിരെ പ്രതിഷേധിക്കുന്നവർ.

ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനെതിരെ പ്രതിഷേധം
തൊടുപുഴ താലൂക്ക് തല മീറ്റർ ഘടിപ്പിക്കൽ ക്യാംപ്  നടക്കുന്നത് ഇറക്കംപുഴ റോഡിലാണ്. മാസത്തിൽ രണ്ടു ദിവസം രാവിലെ 10 മുതൽ 12 വരെയാണ് സമയം. ഒരു ദിവസം 100 ഓട്ടോറിക്ഷയിലാണ് മീറ്റർ ഘടിപ്പിക്കുക. ഓരോ വാഹനത്തിനും സമീപമെത്തി രേഖകൾ പരിശോധിക്കണമെന്നാണ് നിയമം.

എന്നാൽ ലീഗൽ മെട്രോളജി വകുപ്പിന്റെ താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥർ റോഡരികിലെ കടത്തിണ്ണയിൽ നിരത്തിയ കസേരകളിൽ ഇരിക്കും. ഡ്രൈവർമാർ രേഖകളും പണവുമായി ഇവിടേക്ക് എത്തണമെന്നാണ് കാലങ്ങളായി തൊടുപുഴയിലെ അലിഖിത നിയമം. അനധികൃത പണപ്പിരിവിനും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനുമെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പ്രതിഷേധവുമായി എത്തിയവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com