ADVERTISEMENT

പൂപ്പാറ∙ റവന്യു വകുപ്പ് ബുധനാഴ്ച ഒഴിപ്പിച്ച പൂപ്പാറയിലെ കടകളിൽനിന്നു സാധനങ്ങൾ മാറ്റുന്നതിനു വ്യാപാരികളാരും ഇന്നലെ വരെ അപേക്ഷ നൽകിയിട്ടില്ലെന്നു റവന്യു അധികൃതർ. അപേക്ഷ ലഭിച്ചാൽ കലക്ടർക്ക് കൈമാറി തുടർനടപടി സ്വീകരിക്കുമെന്ന് ഉടുമ്പൻചോല എൽആർ തഹസിൽദാർ സീമ ജോസഫ് പറഞ്ഞു. വ്യാപാരികൾ അപേക്ഷ നൽകിയാൽ കടയിലെ സാധനങ്ങൾ മാറ്റുന്നതിനു സമയം അനുവദിക്കുമെന്നു നേരത്തെ ഇടുക്കി സബ് കലക്ടർ അരുൺ എസ്.നായരും വ്യക്തമാക്കിയിരുന്നു. ഏതാനും ചില വ്യാപാരികൾ കടകളിലെ സാധനങ്ങൾ പൂർണമായും മാറ്റിയിരുന്നു.  എന്നാൽ ഇൗ സാധനങ്ങൾ സൂക്ഷിക്കാൻ മറ്റാെരു സ്ഥലമില്ലാത്ത വ്യാപാരികൾ അത് തെരുവിൽനിന്നു മാറ്റിയിട്ടില്ല. 

പഴങ്ങൾ, പച്ചക്കറികൾ, ബേക്കറി ഉൽപന്നങ്ങൾ എന്നിവയെല്ലാം ഇങ്ങനെ അടച്ചു പൂട്ടിയ കടമുറികളിലുണ്ട്.  കടകളിൽനിന്നു സാധനങ്ങൾ മാറ്റുന്നില്ലെന്നാണ് ആക്‌ഷൻ കൗൺസിൽ നേതാക്കൾ പറയുന്നത്. ഇൗ സാധനങ്ങളെല്ലാം കാെണ്ടുപോയി സൂക്ഷിക്കാൻ സ്ഥലമില്ല. അതിനാൽ നിയമപോരാട്ടം തുടരാനാണു തീരുമാനം. പന്നിയാർ പുഴയുടെ പുറമ്പോക്ക് കയ്യേറി നിർമിച്ചതെന്നു റവന്യു വകുപ്പ് കണ്ടെത്തിയ 46 കടകൾ, ആളുകൾ താമസിച്ചിരുന്ന 39 കെട്ടിടങ്ങൾ, 3 ആരാധനാലയങ്ങൾ, ഒരു കുരിശടി എന്നിവയാണു കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത്.

വ്യാപാരികളുടെ പ്രതിഷേധം വക വയ്ക്കാതെയാണു 6 മണിക്കൂറോളം നീണ്ട ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്.സർക്കാർ ഏറ്റെടുത്ത കെട്ടിടങ്ങളിലെ താമസക്കാരെ നിലവിൽ ഒഴിപ്പിച്ചിട്ടില്ല.  ബുധനാഴ്ച രാത്രി വൈകി പൂപ്പാറ ടൗണിൽ നിന്നു മറ്റുസ്റ്റേഷനുകളിൽ നിന്നുള്ള പാെലീസിനെ പിൻവലിച്ചിരുന്നു. എങ്കിലും സ്ഥലത്തു ശാന്തൻപാറ പാെലീസിന്റെ സാന്നിധ്യമുണ്ട്.

ഒഴിപ്പിക്കലിൽ  രാഷ്ട്രീയ വിവാദം
പൂപ്പാറയിലെ ഒഴിപ്പിക്കലിനു പിന്നിൽ ബിജെപി പ്രാദേശിക നേതാക്കൾക്കു ചില വ്യാപാരികൾ പിരിവ് നൽകാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് ആരോപണം. ബിജെപി എറണാകുളം ജില്ല കമ്മിറ്റിയംഗവും ഒരു പ്രാദേശിക നേതാവും ചേർന്നു ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണു ബിജു, താഷ്കന്റ് എന്നിവരുടെ നിർമാണങ്ങൾക്കെതിരെ ആദ്യം നടപടിയുണ്ടായത്. തുടർന്നു പുറമ്പോക്ക് ഭൂമിയിലെ മറ്റു നിർമാണങ്ങളും കണ്ടെത്തി കലക്ടർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.

എന്നാൽ ഇവർ രണ്ടുപേരും ദേശീയപാതയുടെ പുറമ്പോക്ക് കയ്യേറി നിർമിച്ച കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന തങ്ങളുടെ ആവശ്യം റവന്യു വകുപ്പ് തള്ളിയതാണു കോടതി ഇടപെടലിലേക്കും ഒഴിപ്പിക്കലിലേക്കും നയിച്ചതെന്നും പിരിവ് ചോദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ബിജെപി പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com