ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷം; വെള്ളം തേടി നെട്ടോട്ടം
Mail This Article
തൊടുപുഴ ∙ വിലക്കയറ്റത്തിന്റെ വാർത്ത കേട്ടു വരളുന്ന തൊണ്ടയിലൊഴിക്കാൻ തീവില കൊടുത്തു വാങ്ങിയ വെള്ളമേയുള്ളൂ എന്ന സ്ഥിതിയാണു ജില്ലയിൽ പലയിടത്തും. ഫെബ്രുവരിയുടെ തുടക്കത്തിൽ തന്നെ ജില്ലയുടെ പല ഭാഗങ്ങളും രൂക്ഷമായ ശുദ്ധജല ക്ഷാമത്താൽ വലയുകയാണ്. ജലജീവൻ മിഷൻ ഈ വർഷം വെള്ളമെത്തിക്കുമോ എന്നും ചോദ്യമുയരുന്നു. പണം കൊടുത്തു വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഇപ്പോൾ ഒട്ടേറെ കുടുംബങ്ങൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ, അകാലചരമം പ്രാപിച്ചതും പാതിവഴിയിൽ നിലച്ചതും ഒന്നു മനസ്സുവച്ചാൽ ഒരു പ്രദേശത്തിനാകെ ജീവൻ പകരാൻ കഴിയുന്നതുമായ പദ്ധതികൾ ഏറെയുണ്ട്.
പൊട്ടിയൊലിച്ചു ശുദ്ധജലം പാഴാകുന്ന പൈപ്പ് ലൈനുകൾ പലയിടത്തുമുണ്ട്. വരാൻ പോകുന്ന വരൾച്ചയെ തടഞ്ഞുനിർത്താൻ ഇത്തരം പദ്ധതികളെ പുനർജീവിപ്പിക്കുകയും നിലവിൽ പദ്ധതികളൊന്നുമില്ലാത്ത ഇടങ്ങളിൽ ജനങ്ങൾക്കു സഹായമാകുന്ന രീതിയിൽ ജലവിതരണം കാര്യക്ഷമമാക്കുകയുമാണു വേണ്ടത്.
ഇല്ലാത്ത വെള്ളത്തിൽ മുങ്ങിയത് മൂന്നരക്കോടി
വിനോദസഞ്ചാരികളുടെ മുഖ്യാകർഷണമാണെങ്കിലും വേനൽ ആരംഭിച്ചാൽ മൂന്നാർ ശുദ്ധജലക്ഷാമത്തിൽ മുങ്ങും. മേഖലയിലെ വിവിധ കോളനികൾ, ഇക്കാനഗർ, പഴയ മൂന്നാർ, ടൗൺ, നല്ലതണ്ണി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിൽ ജലവിഭവ വകുപ്പും ചില സ്വകാര്യ വ്യക്തികളുമാണ് ജലവിതരണം നടത്തുന്നത്. കുട്ടിയാറും എസ്റ്റേറ്റ് മേഖലകളിലെ ചോലകളും വറ്റി വരളുന്നതോടെ മേഖലയിൽ ജലവിതരണം ആഴ്ചകളോളം നിലയ്ക്കും. ക്ഷാമം പരിഹരിക്കുന്നതിനായി 2018ൽ ചെറുകിട ജലവിഭവ വകുപ്പ് ടൗണിനു സമീപത്തുകൂടി ഒഴുകുന്ന കന്നിയാറിൽ 3.51 കോടി രൂപ മുടക്കി രണ്ടു തടയണകളുടെ നിർമാണം ആരംഭിച്ചിരുന്നു.
ഇവിടെ നിന്ന് ജലം സമീപത്തെ കുന്നിൻ മുകളിലെ സംഭരണിയിലെത്തിച്ചു ശുദ്ധീകരിച്ച് വിതരണം നടത്തുന്നതായിരുന്നു പദ്ധതി. 2022 മാർച്ചിൽ തടയണകളുടെ നിർമാണം പൂർത്തിയാകുകയും ചെയ്തു. എന്നാൽ ചില സാങ്കേതിക തടസ്സങ്ങളിൽ കുരുങ്ങി ജലസംഭരണി പോലും നിർമിക്കാനാകാതെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. പൂർത്തീകരിച്ചിരുന്നെങ്കിൽ മൂന്നാറിന്റെ പല മേഖലകളിലും ശുദ്ധജലക്ഷാമത്തിനു ശാശ്വത പരിഹാരമാകുമായിരുന്നു.
കട്ടപ്പന പൊരിഞ്ഞു തുടങ്ങി
കട്ടപ്പന നഗരസഭയുടെയും പരിസര പഞ്ചായത്തുകളുടെയും ഉയർന്ന മേഖലകളിൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. കല്യാണത്തണ്ട്, പൂവേഴ്സ് മൗണ്ട്, മേട്ടുക്കുഴി തുടങ്ങിയ മേഖലകളിലെല്ലാം ജലക്ഷാമം വർധിച്ചു. ജലവിതരണത്തിനായി പ്രത്യേക ടാങ്കുകൾ ഘടിപ്പിച്ച വാഹനങ്ങൾ നിരത്തുകളിൽ പതിവ് കാഴ്ചയായി തുടങ്ങി.
സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെ ജലസ്രോതസ്സുകളിൽ നിന്നു 50 – 100 രൂപ വരെ നൽകിയാണ് ഇവർ ജലം ശേഖരിക്കുന്നത്. വെള്ളം ശേഖരിക്കുന്ന സ്ഥലത്തു നിന്ന് അത് എത്തിക്കുന്ന പ്രദേശത്തേക്കുള്ള ദൂരം അടക്കമുള്ളവ കണക്കാക്കി 500 ലീറ്റർ വെള്ളത്തിനു 500 മുതൽ 1500 രൂപ വരെ നൽകേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
കുമളിയിൽ ഇനിയുമുണ്ട് ഇടങ്ങൾ
ഒരിക്കലും വറ്റാത്ത തേക്കടി തടാകം ഉണ്ടെങ്കിലും ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിക്കുന്ന കുമളി, ചക്കുപള്ളം, വണ്ടൻമേട് പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമത്തിനു പൂർണമായും പരിഹാരം കാണാൻ വാട്ടർ അതോറിറ്റിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. മൂന്നു പതിറ്റാണ്ടുകൾക്കു മുൻപു സ്ഥാപിച്ച പൈപ്പ് ലൈനുകൾ പലയിടത്തും പൊട്ടിയൊഴുകുന്നുണ്ട്. ഇനിയും വെള്ളം എത്താത്ത സ്ഥലങ്ങളുമുണ്ട്.
ജല ജീവൻ മിഷനുമായി ബന്ധപ്പെട്ട പൈപ്പിടൽ പല മേഖലകളിലും നടക്കുന്നുണ്ടെങ്കിലും ഈ വേനൽക്കാലത്തേക്ക് അതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഉറപ്പില്ല. ത്രിതല പഞ്ചായത്തുകളുടെ ചില ചെറിയ ജലവിതരണ പദ്ധതികൾ ഉള്ളതുകൊണ്ടാണു ജനങ്ങൾ വലിയ വിഷമമില്ലാതെ വേനൽക്കാലം കടത്തിവിടുന്നത്.
പ്രഖ്യാപനത്തിൽ ഒതുങ്ങിയ നാടുകാണി
കുളമാവ്, മുത്തിയുരുണ്ടയാർ, നാടുകാണി പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്. ഇവിടെ ജലവിഭവ വകുപ്പിന്റെ പദ്ധതിയുണ്ടെങ്കിലും ജലക്ഷാമം പൂർണമായി പരിഹരിക്കാനായിട്ടില്ല. നാടുകാണിയിൽ പമ്പിങ് നടത്തിയിട്ടു 2 ആഴ്ച പിന്നിട്ടു. പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനു പുതിയ പദ്ധതി എത്തുമെന്ന് അറിയിച്ചെങ്കിലും ഇതിന്റെ നടപടികളും വൈകുന്നു.
ഉപയോഗശൂന്യമായി അത്ഭുത കിണർ
രാമക്കൽമേട്ടിൽ അധികമാർക്കും അറിയാത്ത പതിറ്റാണ്ടുകൾക്കു മുൻപു നിർമിക്കപ്പെട്ട ഒരു അത്ഭുത കിണറുണ്ട്. ഇപ്പോഴും തെളിനീർ നിറഞ്ഞു കിടക്കുന്ന ഈ കിണർ ആർക്കും പ്രയോജനപ്പെടാത്ത സ്ഥിതിയിലാണ്. കാടു മൂടിക്കിടക്കുന്ന ഈ കിണർ ശുദ്ധീകരിച്ച് ഉപയോഗപ്രദമാക്കാൻ കഴിഞ്ഞ വർഷം പഞ്ചായത്ത് ഫണ്ടിൽനിന്നു 3 ലക്ഷം രൂപ വകയിരുത്തിയെങ്കിലും, കിണർ സ്ഥിതി ചെയ്യുന്ന ഭൂമി സംബന്ധിച്ചു തർക്കം ഉയർന്നതിനാൽ ഒന്നും ചെയ്യാനാകാതെ തുക വകമാറ്റി ചെലവഴിക്കുകയാണുണ്ടായത്. വർഷത്തിൽ 365 ദിവസവും കിണർ നിറഞ്ഞു കിടക്കും എന്നു മാത്രമല്ല, ജലം കണ്ണീരു പോലെ ശുദ്ധവുമാണെന്നു നാട്ടുകാർ പറയുന്നു.
പണ്ട് ആളുകൾ രാമക്കൽമേട് വഴി വ്യാപാരയാത്രകൾ നടത്തിയിരുന്ന സമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർമിച്ച കിണർ ആണ് ഇതെന്നു പഴമക്കാർ പറയുന്നു. പിന്നീട് പഴയകാല വ്യാപാര മാർഗങ്ങൾ ഇല്ലാതായതിനൊപ്പം ഈ കിണറും മറവിയിലാണ്ടു. കാരണമേതായാലും നല്ല ഒരു ശുദ്ധജല സ്രോതസ്സ് ഉപയോഗശൂന്യമായി കിടക്കുന്നതിന്റെ വിഷമത്തിലാണ് നാട്ടുകാർ.