കെഎസ്ആർടിസി ജില്ലാ വർക് ഷോപ് തകർച്ചയുടെ വക്കിൽ
Mail This Article
മൂലമറ്റം ∙ കെഎസ്ആർടിസി ബസുകളുടെ പ്രധാന തകരാറുകൾ പരിഹരിക്കേണ്ട ജില്ലാ വർക് ഷോപ് തകർച്ചയുടെ വക്കിൽ. അരനൂറ്റാണ്ട് മുൻപ് നിർമിച്ച താൽക്കാലിക ഷെഡിലാണ് ഇപ്പോൾ വർക് ഷോപ് പ്രവർത്തിക്കുന്നത്. കെട്ടിടം ഏതു നിമിഷവും തകർന്നു വീഴുന്ന നിലയിലാണ്. മഴ പെയ്താൽ നനയാതെ കയറി നിൽക്കുന്നതിനു പോലും സാധിക്കുന്നില്ല. മെക്കാനിക്കൽ ജീവനക്കാർ അര നൂറ്റാണ്ട് മുൻപ് ഉപേക്ഷിച്ച കെഎസ്ഇബിയുടെ പഴയ ഷെഡിലാണ് ജോലി ചെയ്യുന്നത്. ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോയിലെ ബസുകളുടെ തകരാറു പരിഹരിക്കുന്നതിനായി 2 വർഷം മുൻപാണ് ഇവിടെ ജില്ല വർക് ഷോപ്പ് അനുവദിച്ചത്. ഇതിനായി കെട്ടിടം നിർമിച്ചിരുന്നെങ്കിലും വാഹനങ്ങൾ പണിയുന്നതിന് പഴയ ഷെഡ് തന്നെയാണ് ഉപയോഗിക്കുന്നത്. കാലപ്പഴക്കത്താൽ കെട്ടിടം ഏതു സമയവും തകർന്നുവീഴുന്ന അവസ്ഥയിലാണ്. ജില്ലയിലെ 235 ബസുകളിൽ പ്രധാന ജോലികൾ നടത്തുന്ന മൂലമറ്റം കെഎസ്ആർടിസി ജില്ലാ വർക് ഷോപ്പിന് മഴയും വെയിലും ഏൽക്കാത്ത ഒരു നല്ല കെട്ടിടം അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.