ADVERTISEMENT

മൂന്നാർ∙ കോടികൾ വിലമതിക്കുന്ന ദേവികുളത്തെ കെഎസ്ആർടിസി വക ഭൂമിയും കെട്ടിടവും കാടുകയറി നശിക്കുന്നു. ദേവികുളം ആർഡിഒ ഓഫിസിനു എതിർവശത്താണ് കെഎസ്ആർടിസി വക കെട്ടിടവും 20 സെന്റ് സ്ഥലവുമുള്ളത്. സംസ്ഥാനത്ത് പൊതു ഗതാഗത സൗകര്യം ആരംഭിക്കുന്ന കാലം മുതൽ ദേവികുളത്തേക്കും മൂന്നാറിലേക്കും സർക്കാരിന്റെ അധീനതയിലുണ്ടായിരുന്ന ബസുകൾ സർവീസുകൾ നടത്തിയിരുന്നത് ഇവിടെ നിന്നായിരുന്നു.

കെഎസ്ആർടിസിക്ക് മുൻപ് സംസ്ഥാനത്ത് പൊതുഗതാഗതം നടത്തിയിരുന്ന കേരള ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന് അന്നത്തെ മഹാരാജാവ് നൽകിയ 20 സെന്റ് സ്ഥലത്താണ് അന്ന് ദേവികുളം ഡിപ്പോ പ്രവർത്തിച്ചിരുന്നത്. 1982ൽ മൂന്നാർ ഡിപ്പോ പ്രവർത്തനമാരംഭിച്ചതോടെയാണ് ദേവികുളത്തെ സ്ഥലവും കെട്ടിടവും ഉപേക്ഷിച്ചത്. കോടികൾ വിലമതിക്കുന്ന ഭൂമിയുടെ ഒരു ഭാഗം ഇതിനോടകം കയ്യേറ്റക്കാർ സ്വന്തമാക്കി കഴിഞ്ഞു.

വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന ഭൂമി സ്വകാര്യ പങ്കാളിത്തത്തോടെ ഹോളിഡേ ഹോം നിർമിക്കാനായി ഒരു വർഷം മുൻപ് സർക്കാർ ടെൻഡർ വിളിച്ചിരുന്നു. എന്നാൽ പിന്നീട് ഇതു സംബന്ധിച്ച് തുടർനടപടികളുണ്ടായില്ല. കയ്യേറ്റക്കാർ സ്വന്തമാക്കിയ കോടികൾ വിലമതിക്കുന്ന ഭൂമി വിട്ടുകിട്ടുന്നതിനായി ഭൂമിയുടെ റീസർവേ നടത്തണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് കെഎസ്ആർടിസി അധികൃതർ (എസ്റ്റേറ്റ് മാനേജർ) ദേവികുളം റവന്യു ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയെങ്കിലും നാളിതുവരെയായിട്ടും ഭൂമി അളന്ന് നൽകാൻ അധികൃതർ തയാറായില്ല.

കാടുപിടിച്ചു കിടക്കുന്ന ഓപ്പറേറ്റിങ് സെന്റർ കെട്ടിടത്തിന്റെ മര ഉരുപ്പടികൾ ഉൾപ്പെടെ മോഷ്ടാക്കൾ ഇതിനോടകം കടത്തിക്കൊണ്ടുപോയി. ശേഷിക്കുന്ന കെട്ടിടം വൈകുന്നേരമാകുന്നതോടെ കന്നുകാലികളുടെയും തെരുവുനായ്ക്കളുടെയും വിശ്രമകേന്ദ്രമായി മാറിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com