ADVERTISEMENT

അപ്രന്റിസ്ഷിപ്  മേള നാളെ
കട്ടപ്പന∙ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നാളെ 10ന് കട്ടപ്പന ഗവ. ഐടിഐയിൽ അപ്രന്റിസ്ഷിപ് മേള സംഘടിപ്പിക്കും. ഐടിഐയിലെ ഐഎംസി ഹാളിൽ നടക്കുന്ന മേള നഗരസഭാ ചെയർപഴ്‌സൻ ബീന ടോമി ഉദ്ഘാടനം ചെയ്യും. നഗരസഭാ കൗൺസിലർ ഷാജി കൂത്തോടിയിൽ അധ്യക്ഷത വഹിക്കും.

പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലാത്തതുമായി വിവിധ സർക്കാർ, പബ്ലിക് ലിമിറ്റഡ്, പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങളിലേക്ക് ഐടിഐ വിജയിച്ച ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും. 15 സ്ഥാപനങ്ങളിലേക്കായി നൂറിലധികം ഒഴിവുകളാണുള്ളതെന്ന് അസിസ്റ്റന്റ് അപ്രന്റിസ്ഷിപ് അഡ്‌വൈസർ ഡബ്ല്യു.എ.പീറ്റർ സ്റ്റാലിൻ, പി.ഐ.വിനു, കെ.എസ്.പ്രസാദ്, പി.സി.ചന്ദ്രൻ, ബിജേഷ് ജോസ് എന്നിവർ പറഞ്ഞു.

ജോലി ഒഴിവ്
വണ്ടിപ്പെരിയാർ∙ വഞ്ചിവയൽ ഗവ.ഹൈസ്കൂളിൽ എൽപിഎസ്ടി (തമിഴ്) അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.

ലോക് അദാലത്ത് 
തൊടുപുഴ∙ ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ലോക് അദാലത്ത് മാർച്ച് 9ന് നടക്കും. ജില്ലാ നിയമ സേവന അതോറിറ്റി (ഡിഎൽഎസ്എ) തൊടുപുഴ, ഇടുക്കി, കട്ടപ്പന, പീരുമേട്, ദേവികുളം, നെടുങ്കണ്ടം, അടിമാലി എന്നീ കോടതി കേന്ദ്രങ്ങളിൽ ലോക് അദാലത്ത് സംഘടിപ്പിക്കും. 

വിവിധ കോടതികളുടെ പരിഗണനയിലിരിക്കുന്നതും അല്ലാത്തതുമായ സിവിൽ, ക്രിമിനൽ, വാഹനാപകട ഇൻഷുറൻസ്, കുടുംബ തർക്കം, റവന്യു റിക്കവറി, മുദ്ര വില കുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ട് റജിസ്ട്രേഷൻ വകുപ്പിലുള്ള കേസുകൾ എന്നിവ പരിഗണിക്കും. ഇതു സംബന്ധിച്ച് മുൻകൂട്ടി നോട്ടിസ് ലഭിച്ച കക്ഷികൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ രാവിലെ 10ന് ഹാജരാകണമെന്ന് ഡിഎൽഎസ്‌എ ചെയർമാനും ജില്ലാ ജഡ്ജിയുമായ പി.എൻ.സീത, സെക്രട്ടറി എ.ഷാനവാസ് എന്നിവർ അറിയിച്ചു.

പെൻഷൻ
തൊടുപുഴ∙ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻ ഗുണഭോക്താക്കളുടെ 2024ലെ മസ്റ്ററിങ് നടത്തുന്നതിനുള്ള സോഫ്റ്റ്‌വെയർ സജ്ജമാകാത്തതിനാൽ 2023 ഏപ്രിൽ മുതൽ മസ്റ്ററിങ് പൂർത്തിയാക്കിയവർക്കും 2023ൽ പുതിയതായി പെൻഷൻ അനുവദിച്ചവർക്കും 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷനുകൾ നൽകുന്നതാണെന്ന് ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ഈ മാസം 29 വരെ മസ്റ്ററിങ് സംബന്ധിച്ച് സർക്കാരിൽനിന്ന് അറിയിപ്പൊന്നും ലഭിക്കുന്നില്ലെങ്കിൽ വില്ലേജ് ഓഫിസർ/ഗസറ്റഡ് ഓഫിസർ/ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ/അംഗീകൃത ട്രേഡ് യൂണിയൻ പ്രസിഡന്റ്/സെക്രട്ടറി എന്നിവർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31നു മുൻപായി വെങ്ങല്ലൂരിലുള്ള ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫിസിൽ ഹാജരാക്കണം.

കട്ടപ്പന കമ്പോളം
ഏലം: 1300-1450
കുരുമുളക്: 530
കാപ്പിക്കുരു(റോബസ്റ്റ): 158
കാപ്പി പരിപ്പ്(റോബസ്റ്റ): 267
കൊക്കോ: 120
കൊക്കോ(ഉണക്ക): 350
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 160, ചുക്ക്: 380
ഗ്രാമ്പൂ: 975, ജാതിക്ക: 265
ജാതിപത്രി: 1400-2000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com