6 മാസം: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 32 കന്നുകാലികൾ

Mail This Article
മൂന്നാർ ∙ തോട്ടം ഉൾപ്പെടെയുളള മേഖലകളിൽ കഴിഞ്ഞ 6 മാസത്തിനിടയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 32 കന്നുകാലികൾ. ഇതിൽ മൂരി, പോത്ത്, പശു, കിടാരി എന്നിവയെല്ലാം ഉൾപ്പെടുന്നു. കൂടാതെ ഇക്കാലയളവിൽ 5 പശുക്കളെയും കടുവ ആക്രമിച്ചു പരുക്കേൽപിച്ചിട്ടുണ്ട്. 10 മുതൽ 20 ലീറ്റർ വരെ ദിവസവും പാൽ ലഭിച്ചിരുന്ന കന്നുകാലികളാണ് കൊല്ലപ്പെട്ടവയിൽ അധികവും.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന കന്നുകാലികളെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടറാണ് ഇവയുടെ നഷ്ടപരിഹാരത്തുക തീരുമാനിക്കുന്നത്. പ്രായം, ലഭിക്കുന്ന പാൽ തുടങ്ങിയ മാനദണ്ഡങ്ങളാണ് ഇതിനായി സ്വീകരിക്കുന്നത്. 50,000 രൂപയാണ് പരമാവധി നഷ്ടപരിഹാരത്തുക. പൊതുമാർക്കറ്റിൽ ഒരു ലക്ഷത്തിലധികം വില ലഭിക്കുന്ന കന്നുകാലികളാണ് കൊല്ലപ്പെടുന്നവയിലധികവും.
വെറ്ററിനറി ഡോക്ടർ ശുപാർശ ചെയ്യുന്ന തുക സർക്കാരിൽ നിന്നു ലഭിക്കുന്നത് മാസങ്ങൾക്കു ശേഷമാണ്. ഒരു വർഷമായിട്ടും നഷ്ടപരിഹാരത്തുക ലഭിക്കാത്തവർ ഒട്ടേറെയാണ്. സർക്കാർ ഫണ്ട് ലഭിക്കുന്നതനുസരിച്ച് മാത്രമാണ് തുക വിതരണം ചെയ്യാൻ കഴിയുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കഴിഞ്ഞ 2 മാസത്തിനിടെ കടുവ കൊന്നതിൽ മൃഗസംരക്ഷണ വകുപ്പിലെ സർജൻ പോസ്റ്റ്മോർട്ടം ചെയ്ത 8 പശുക്കൾക്ക് 60,000 രൂപയും 3 കിടാവിന് 25,000 രൂപയും റിപ്പോർട്ട് നൽകുമെന്ന് അധികൃതർ അറിയിച്ചു.