ADVERTISEMENT

രാജകുമാരി ∙ വയനാട് മാനന്തവാടിയിൽ കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ യുവാവ് കാെല്ലപ്പെട്ടതിന് പിന്നാലെ സ്ഥലം എംഎൽഎ, കലക്ടർ, ജില്ല പാെലീസ് മേധാവി എന്നിവരുടെ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞ് പ്രതിഷേധമുയർത്തിയപ്പോൾ നഷ്ടപരിഹാരമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടായി. എന്നാൽ ജില്ലയിൽ കഴിഞ്ഞ 13 വർഷത്തിനിടെ വന്യജീവിയാക്രമണങ്ങളിൽ അറുപതിലധികം പേർ കാെല്ലപ്പെട്ടിട്ടും ഇവരുടെ കുടുംബങ്ങൾക്ക് പൂർണമായ നഷ്ടപരിഹാരം പോലും അധികൃതർ ലഭ്യമാക്കിയിട്ടില്ല.

കാെല്ലപ്പെട്ടവരിൽ ആരുടെയും കുടുംബാംഗങ്ങൾക്ക് ഇതുവരെ സ്ഥിരജോലിയും ലഭിച്ചിട്ടില്ല. 2018 വരെ വന്യജീവിയാക്രമണങ്ങളിൽ കാെല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയാണ് സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നത്. അതിന് ശേഷം അത് 10 ലക്ഷമായി വർധിപ്പിച്ചു.

മരണം, പരുക്ക്, കൃഷിനാശം, വീടുകൾക്കുണ്ടായ നാശനഷ്ടം തുടങ്ങി വിവിധ ഇനങ്ങളിലായി ഒരു കോടിയിലധികം രൂപയാണ് ജില്ലയിൽ ഇരകൾക്ക് ഇനിയും നഷ്ടപരിഹാരം നൽകാനുള്ളത്. കഴിഞ്ഞ 44 ദിവസത്തിനുള്ളിൽ ജില്ലയിൽ കാട്ടാനയാക്രമണത്തിൽ മരിച്ച പന്നിയാർ സ്വദേശിനി പരിമളം(44), കോയമ്പത്തൂർ സ്വദേശി പോൾ രാജ്(73), ചിന്നക്കനാൽ ബിഎൽ റാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജൻ(68) എന്നിവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരമായി 50,000 രൂപ മാത്രമാണ് നൽകിയിട്ടുള്ളത്.

നടപടികളിൽ കാലതാമസം
വന്യജീവിയാക്രമണത്തിൽ കാെല്ലപ്പെട്ടവരുടെ അനന്തരാവകാശികൾക്ക് അടിയന്തരമായി 50,000 രൂപയും വില്ലേജ് ഓഫിസിൽ നിന്നുള്ള ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ നാലര ലക്ഷം രൂപയും താലൂക്ക് ഓഫിസിൽ നിന്നുള്ള അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ബാക്കിയുള്ള 5 ലക്ഷം രൂപയും നഷ്ടപരിഹാരം അനുവദിക്കാറുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.

എന്നാൽ ഗസറ്റിൽ പരസ്യം ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ 6 മാസമെങ്കിലും സമയമെടുക്കും. മുൻപ് വില്ലേജ് ഓഫിസിൽ നിന്ന് നൽകുന്ന കുടുംബാംഗത്വ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകിയിരുന്നതാണ്. എന്നാൽ അനന്തരാവകാശ രേഖ നിർബന്ധമാക്കിയതോടെ നടപടികൾ ഇഴഞ്ഞു നീങ്ങാൻ തുടങ്ങി.

വനംവകുപ്പ്  വാച്ചറോടും
2022 ജനുവരി 25 ന് കൃത്യനിർവഹണത്തിനിടെ കാട്ടാനയാക്രമണത്തിൽ കാെല്ലപ്പെട്ട വനംവകുപ്പ് വാച്ചർ ശക്തിവേലിന്റെ(57) കുടുംബത്തിനും ഇതുവരെ നഷ്ടപരിഹാരം പൂർണമായി ലഭിച്ചില്ല. ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു അന്ന് വനം മന്ത്രി വ്യക്തമാക്കിയത്. എന്നാൽ ഇതുവരെ 6 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിച്ചത്. 

ശക്തിവേലിന്റെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് ചില ഉന്നത ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നെങ്കിലും അതുണ്ടായില്ല. ഒരു മാസം മുൻപ് ശക്തിവേലിന്റെ മരുമകന് വനംവകുപ്പിൽ താൽക്കാലിക വാച്ചറായി നിയമനം നൽകി.

നഷ്ടപരിഹാരം കിട്ടാതെ വേണുവിന്റെ കുടുംബം
മൂന്നാർ ∙ രണ്ടര വർഷം മുൻപ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഗോത്രവർഗക്കാരന്റെ ബന്ധുക്കൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇടമലക്കുടി പഞ്ചായത്തിലെ കീഴ്‌വളയം പാറക്കുടി സ്വദേശിയായിരുന്ന വേണു ജ്ഞാനമുത്തുവാണ് (62) 2021 ജനുവരി 15ന് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ ശിവരാജാണ് സർക്കാരിൽ നിന്നുള്ള അടിയന്തര സഹായം ഉൾപ്പെടെ ഒന്നും ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.

2021 ജനുവരി 15ന് വൈകിട്ട് അഞ്ചിന് ഏലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിലാണ് വേണു ആനയുടെ ചവിട്ടേറ്റു മരിച്ചത്. പല ഓഫിസുകളിലും ഒട്ടേറെ തവണ കയറിയിറങ്ങിയെങ്കിലും സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന് ശിവരാജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com