ADVERTISEMENT

മുട്ടം ∙ മുഖ്യമന്ത്രിയുടെ 100 ദിന പദ്ധതിയിൽ പണിത കുടുംബശ്രീ സംരംഭം പൊളിച്ചു മാറ്റാൻ എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ പരാതി നൽകി. കോടതിക്കവലയിൽ 2 ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച കുടുംബശ്രീ മാർക്കറ്റിങ് കിയോസ്ക് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടാണ് 4 പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയത്.  ജില്ലയ്ക്ക് അനുവദിച്ച 3 സംരംഭങ്ങളിൽ ഒന്നാണ് മുട്ടത്തുള്ളത്. പി.ടി.തോമസ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്കു മുൻപ് കോടതിക്കവലയിൽ രണ്ടു മുറികളായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരുന്നു.

എന്നാൽ ഇതിനു സമീപം ബസ് നിർത്താത്തതിനാൽ കാത്തിരിപ്പു കേന്ദ്രം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുകയായിരുന്നു. മുൻ പഞ്ചായത്ത് ഭരണ സമിതി ഇതിൽ ഒരു മുറി കട മുറിയാക്കി മാറ്റി. ഈ മുറിയിലാണ് കിയോസ്‌ക് സ്ഥാപിച്ചത്. എന്നാൽ ഇതിനെതിരെ എൽഡിഎഫ് സമരം പ്രഖ്യാപിക്കുകയും കുടുംബശ്രീ സംരംഭം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബസ് കാത്തിരിപ്പു കേന്ദ്രം മുട്ടം എൻജിനീയറിങ് കോളജിന്റെ സ്ഥലത്ത് പണിതപ്പോൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കരാർ ഉണ്ടായിരുന്നെന്നും അതിനാലാണ് സംരംഭം പൊളിച്ചുനീക്കേണ്ടി വരുന്നതെന്നും എൽഡിഎഫ് അംഗങ്ങൾ പറയുന്നു. എന്നാൽ കരാർ നിലനിൽക്കെ തന്നെ രണ്ടര ലക്ഷത്തോളം രൂപ മുടക്കി ബസ് കാത്തിരുപ്പു കേന്ദ്രം കടമുറിയാക്കിയത് എൽഡിഎഫ് ഭരണത്തിലാണ്.

അന്നത്തെ പ്രസിഡന്റും ഒരു പഞ്ചായത്ത് അംഗവും ഇപ്പോൾ നൽകിയ പരാതിയിൽ ഒപ്പ് വെച്ചിട്ടുമുണ്ട്.  പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് കെട്ടിടം നിർമിച്ചാൽ അത് പഞ്ചായത്തിന്റെ ആസ്തിയിൽ ആയിരിക്കണമെന്നാണ് നിയമം. അങ്ങനെ വന്നില്ലെങ്കിൽ അതിന് ഉത്തരവാദി അന്നത്തെ എൽഡിഎഫ് ഭരണ സമിതിയാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. 2 ലക്ഷത്തിലധികം രൂപ അവരിൽ നിന്നു തിരിച്ചുപിടിക്കണമെന്നും യുഡിഎഫ് അംഗങ്ങൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com