ADVERTISEMENT

രാജകുമാരി∙ കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ്, കടന്നൽ, മലന്തേനീച്ച തുടങ്ങി ചെറുതും വലുതുമായ വന്യമൃഗങ്ങളും ഷഡ്പദങ്ങളുമാെക്കെ മലയോരത്തിന്റെ സമാധാനം കെടുത്തുമ്പോൾ ജനപ്രതിനിധികളും അധികൃതരുമാെക്കെ നിസ്സഹായരായി നോക്കിനിൽക്കുകയാണ്.  വ്യാഴാഴ്ച വൈകുന്നേരം പൂപ്പാറ കോരംപാറയിലെ കൃഷിയിടത്തിൽ വച്ച് മലന്തേനീച്ചകൾ ആക്രമിച്ച കർഷകൻ രാമചന്ദ്രൻ(60) മരിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

2 ദിവസത്തിനിടെ മാത്രം മുപ്പതിലധികം പേർക്കാണ് ജില്ലയിൽ തേനീച്ചകളുടെയും കടന്നലുകളുടെയും കുത്തേറ്റത്. ഹൈറേഞ്ചിൽ പല ഭാഗത്തും കടന്നലുകളും തേനീച്ചകളും കൂടാെരുക്കിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശിയാലോ, പരുന്തുൾപ്പെടെയുള്ള പക്ഷികൾ കൂട്ടിൽ വന്നിടിച്ചാലോ ഇവ ഇളകും. കൂടിളകിയെത്തുന്ന തേനീച്ചകളും കടന്നലുകളും കൂടുതൽ ഉപദ്രവകാരികളാകും.

തേനീച്ച പലതരം
5 തരം തേനീച്ചകളാണ് നാട്ടിലുള്ളത്. ചെറുതേനീച്ച, ഇറ്റാലിയൻ തേനീച്ച, ഞാെടിയൻ തേനീച്ച, കോൽ തേനീച്ച, മലന്തേനീച്ച (വൻതേനീച്ച). ഇവയിൽ ചെറുതേനീച്ച ഉപദ്രവകാരികളല്ല. മലന്തേനീച്ചയാണ് ഏറ്റവും അപകടകാരി. മറ്റെല്ലാ തേനീച്ചകളെയും തേനുൽപാദനത്തിനായി കർഷകർ വളർത്താറുണ്ട്. ഹോർനെറ്റ്, പാപെർ വാസ്പ്, യെല്ലോ ജാക്കറ്റ് എന്നിവയാണ് അപകടകാരികളായ കടന്നലുകളിൽ ചിലത്. 

കുത്തുമ്പോൾ കാെമ്പ് ഒടിഞ്ഞു കയറുന്നതിനാൽ തേനീച്ചകൾക്ക് ഒരു തവണ മാത്രമേ കുത്താൻ കഴിയൂ. എന്നാൽ കടന്നലുകൾക്ക് പലതവണ കുത്താനാകും. പലതരം എൻസൈമുകൾ, അമൈനുകൾ, വിഷലിപ്തമായ പെപ്റ്റൈഡുകൾ എന്നിവയുടെ മിശ്രിതമാണ് ഇവയുടെ വിഷം. ഇത്തരം ഷഡ്പദങ്ങളുടെ കുത്തേറ്റയാളെ കാലതാമസമില്ലാതെ ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധി.

വിവരങ്ങൾക്ക് കടപ്പാട്:  ആശിഷ് വർഗീസ്,  വൈൽഡ് ലൈഫ്  സർവൈവൽ എക്സ്പേർട്ട് കുത്തേറ്റാലുള്ള ലക്ഷണങ്ങൾ
∙ ഒന്നോ രണ്ടോ കുത്തുകൾ മാത്രമേയുള്ളൂവെങ്കിൽ അത്ര അപകടകരമല്ല. കുത്തേറ്റ സ്ഥലത്ത് വേദന, ചുവന്നു തടിക്കുക, ചൊറിച്ചിൽ, അസ്വസ്ഥത തുടങ്ങിയവ ഉണ്ടാകാം. എന്നാൽ കുത്തേൽക്കുന്നത് കണ്ണ്, വായ, നാക്ക് എന്നിവയിലായാൽ അപകടകരമാണ്. കുത്തേറ്റ ഭാഗത്ത് അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. 
∙ മരണം വരെ സംഭവിക്കാവുന്ന അനാഫിലാക്സിസ് (അലർജി ലക്ഷണങ്ങൾ) ലക്ഷണങ്ങളുമുണ്ടാകാം. ഒട്ടേറെത്തവണ കുത്തേൽക്കുമ്പോൾ ഈ സാധ്യത വർധിക്കുന്നു. കുത്തേറ്റ് മിനിറ്റുകൾക്കകം ലക്ഷണങ്ങൾ ആരംഭിക്കും. തലകറക്കം, ബോധക്ഷയം, ഛർദി, ചുമ, മുഖം ചുവന്നു തടിക്കുക തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ. കൂടുതൽ ഗുരുതരമായാൽ ശ്വാസനാളിയിൽ നീർവീക്കം ഉണ്ടാകുക, ശ്വാസതടസ്സം, രക്തസമ്മർദം കൂടുക, കോമ തുടങ്ങിയ അവസ്ഥയുണ്ടാകും. മിനിറ്റുകൾക്കുള്ളിൽ മരണം വരെ സംഭവിക്കാം.
 ∙ വളരെ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഹൃദയസംബന്ധമായ അസുഖം ഉള്ളവർ എന്നിവരിൽ കുത്തേറ്റാൽ ഗുരുതരമാകാനുള്ള സാധ്യതയേറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com