ADVERTISEMENT

സോണിയ വന്നോട്ടെ.. പോന്നോട്ടെ...’’ എന്നാണെങ്കിൽ എതിരാളിയുടെ അടിതെറ്റിക്കുന്ന രീതിയിൽ സോണിയ ഇടിക്കും. കിക്ക് ബോക്സിങ്ങിലെ രാജ്യാന്തര മത്സരത്തിൽ അമ്മാതിരി ഇടിയേറ്റു വീണത് ഉസ്ബക്കിസ്ഥാൻ താരമാണ്.  അങ്ങനെ സോണിയയിലൂടെ ഇന്ത്യയ്ക്ക് കിട്ടിയത് സ്വർണം. കിക്ക് ബോക്സിങ് തട്ടാമിയിൽ (റിങ്) തന്നെക്കാൾ ഉയരം കൂടിയ ഉസ്ബക്കിസ്ഥാനിയെ ഇടിച്ചിട്ടാണ് കോളജ് അധ്യാപിക കൂടിയായ സോണിയ (34) രാജ്യത്തിനു വേണ്ടി സുവർണ നേട്ടം കൈവരിച്ചത്. 

ഡൽഹിയിൽ നടന്ന വോക്കോ ഓപ്പൺ ഇന്റർനാഷനൽ ടൂർണമെന്റിൽ കേരളത്തിന്റെ ഈ പെൺകരുത്ത് 6 രാജ്യങ്ങളുടെ മേൽ ആധിപത്യം നേടി വിജയം വരിച്ചു.70 കിലോഗ്രാം കാറ്റഗറിയിലായിരുന്നു മത്സരം. ആദ്യം ഇടിയുടെ ചൂടറിഞ്ഞത് ഇറ്റലിക്കാരി. പിന്നീട് നടന്ന 4 മത്സരങ്ങളിലും പൂർണ മേധാവിത്വം. 

ഫൈനലിൽ ആദ്യ റൗണ്ടിൽ സമനില. രണ്ടാം റൗണ്ടിൽ കൂടുതൽ പോയിന്റ് നേടി മുന്നേറ്റം. മൂന്നാം റൗണ്ടിൽ അപ്രതീക്ഷിതമായി എതിരാളിയുടെ ഇടി നേരെ മൂക്കിൽ.  വേദന നൽകിയ വീര്യത്തിൽ നിന്നു സോണിയ കുതിച്ചു. പിന്നെ തുടരെ തുടരെ പഞ്ച്. അവസാനം നോക്കൗട്ട് വിജയം. ബോക്സിങ് റിങ്ങിൽ ആധികാരികം. 

തുടക്കം ജൂഡോയിൽ 
കോളജ് തലത്തിൽ സോണിയയുടെ കമ്പം ജൂഡോയിലായിരുന്നു. സംസ്ഥാന-ദേശീയ തലങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയ പ്രകടനം. കുട്ടിക്കാനം മരിയൻ കോളജിൽ അസിസ്റ്റന്റ് പ്രഫസർ പദവിയിൽ നിയമനം ലഭിച്ചതിനു പിന്നാലെയാണ് കിക്ക് ബോക്സിങ് രംഗത്തേക്ക് ചുവടു മാറ്റം.

വളരെ പെട്ടെന്ന് കിക്ക് ബോക്സിങ് സോണിയയ്ക്കു വഴങ്ങി. സംസ്ഥാന ദേശീയ മത്സരങ്ങളിൽ എല്ലാം മെഡൽ കൊയ്തു. ഇപ്പോൾ, എൻസിസി ഓഫിസറുടെ ചുമതല കൂടി വഹിക്കുന്നുണ്ട്. മുണ്ടക്കയം 31–ാം മൈൽ വെട്ടുകാട്ടിൽ തേജസാണ് ഭർത്താവ്. മക്കൾ: ജോൺ പോൾ, ജുവാൻ, തെരേസാ.

ലക്ഷ്യം പെൺപെരുമ
കിക്ക് ബോക്സിങ് രംഗത്ത് കൂടുതൽ പെൺകുട്ടികളെ എത്തിക്കുന്നതിനുള്ള പ്രയത്നത്തിലാണ് സോണിയ. കായികയിനം എന്നതിനപ്പുറം പെൺകുട്ടികൾക്ക് ആത്മവിശ്വാസവും കരുത്തും നൽകുമെന്ന് ഇവർ പറയുന്നു. ഇപ്പോൾ 45 വിദ്യാർഥിനികൾക്ക് പരിശീലനം നൽകുന്നുണ്ട്. കഴിഞ്ഞ 4 വർഷത്തിനിടെ 200 പെൺകുട്ടികൾക്ക് പരിശീലനം നൽകി.

കിക്ക് ബോക്സിങ്ങിലൂടെ വ്യായാമം
കിക്ക് ബോക്സിങ് വർക്കൗട്ടുകൾ ആയോധന കലയുടെ ഏറ്റവും നൂതന രീതികളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹൃദയാരോഗ്യത്തിനും ശരീരപുഷ്ടി വർധിപ്പിക്കുന്നതിനും ഏറ്റവും മികച്ചത്. ‌

കിക്ക് ബോക്സിങ് ചെയ്യുന്നതു വഴി ശരീരത്തിൽ നിന്ന് മണിക്കൂറിൽ 800 ഗ്രാം കാലറി വരെ ബേൺ ചെയ്യാൻ കഴിയും. അമിതഭാരം കുറയ്ക്കാനും മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com