ADVERTISEMENT

തൊടുപുഴ ∙ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ‘ഭാരത് അരി’ പാക്കറ്റുകൾ ജില്ലയിൽ ആദ്യമായി വിതരണത്തിന് എത്തി. തൊടുപുഴ ഗാന്ധി സ്ക്വയറിന് സമീപത്തെ പഴയ സ്റ്റാൻഡിൽ നടന്ന വിതരണത്തിൽ സ്ത്രീകളടക്കം ഒട്ടേറെപ്പേരാണ് അരി വാങ്ങാനെത്തിയത്. മുൻകൂട്ടി അറിയിക്കാതെയായിരുന്നു അരിവിതരണം. 10 കിലോയുടെ പായ്ക്കറ്റുകളായി 10 ടൺ അരിയാണ് ലോറിയിൽ ഇവിടെ എത്തിച്ചത്. രാവിലെ 7.30ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി അരി വിതരണം ഉദ്ഘാടനം ചെയ്തു. 10 മണിയോടെ പൂർണമായും വിറ്റുപോയി. 

നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്), നാഡ് എന്നീ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്. കർണാടകയിൽ നിന്ന് എത്തിക്കുന്ന അരി എൻസിസിഎഫിന്റെ കാലടി ഗോഡൗണിൽ നിന്നാണ് പാക്ക് ചെയ്ത് വിൽപനയ്ക്കെത്തിക്കുന്നത്. ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് വിതരണം ചെയ്യും.

സപ്ലൈകോ  പഴയ വിലവിവരപ്പട്ടിക
സപ്ലൈകോ പഴയ വിലവിവരപ്പട്ടിക

തിരക്ക് നിയന്ത്രിക്കാൻ വൈകാതെ വിവിധ ജില്ലകളിൽ എൻസിസിഎഫിന്റെ ഔട്‌ലെറ്റുകളും തുടങ്ങാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. അരിയുടെ വിൽപന സൂപ്പർമാർക്കറ്റുകൾ വഴി ആരംഭിക്കുന്നതോടെ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. 10 കിലോയുടെ പായ്ക്കറ്റിന് 290 രൂപയാണ് വില. യാതൊരു രേഖകളും അരി വാങ്ങാൻ ആവശ്യമില്ല. കാഴ്ചയിൽ പച്ചരിയുമായി സാമ്യമുള്ള വെള്ളയരിയാണ് വിൽപനയ്ക്കായി എത്തിച്ചിരിക്കുന്നത്.

സപ്ലൈകോയിൽ ഒന്നുമില്ല
സപ്ലൈകോ വിൽപനകേന്ദ്രങ്ങളിൽ സബ്സിഡി ഉൽപന്നങ്ങളുടെ റാക്കുകൾ കാലി. ഇതൊടെ മാർച്ച് 1ന് പുതുക്കിയ വില നിലവിൽ വരുന്നതിനു മുൻപായി സാധനങ്ങൾ കിട്ടില്ലെന്ന് ഉറപ്പായി.  ജില്ലയിലെ സപ്ലൈകോ പീപ്പിൾസ് ബസാറിൽ നിലവിൽ സബ്സിഡി ഉൽപന്നങ്ങൾ ഒന്നും ലഭ്യമല്ല. പുതുക്കിയ വിലയിലെ ഇനി വിൽപനയുണ്ടാകൂ എന്നാണ് അധികൃതർ നൽകുന്ന സൂചന. 

സബ്സിഡി ഉൽപന്നങ്ങൾ വാങ്ങാനാണ് സപ്ലൈകോ സ്റ്റോറുകളെ ആശ്രയിക്കുന്നത്. 13 ഇന സബ്സിഡി ഉൽപന്നങ്ങൾ സുലഭമായാൽ അവയ്ക്കൊപ്പം മറ്റ് ഉൽപന്നങ്ങളും സപ്ലൈകോയിൽ നിന്നു തന്നെ ആളുകൾ വാങ്ങാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. നിലവിൽ ആളൊഴിഞ്ഞ നിലയിലാണ് സ്റ്റോറുകളെല്ലാം. 

കുടിശിക നൽകാത്തതിനാൽ വിതരണക്കാരിൽ പലരും ടെൻഡറുകളിൽ പങ്കെടുക്കാത്തതാണ് നിലവിലുള്ള ക്ഷാമത്തിനു കാരണമെന്നാണ് സപ്ലൈകോ കോട്ടയം റീജനൽ ഓഫിസിൽ നിന്ന് നൽകുന്ന വിശദീകരണം.  വിലവർധന സർക്കാർ പ്രഖ്യാപിച്ചതോടെ 20ന് നടക്കുന്ന ടെൻഡറിൽ കൂടുതൽ വിതരണക്കാർ പങ്കെടുത്തേക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com