മൂന്നാർ ടൗണിലെ ഗതാഗതക്കുരുക്ക്: പാർക്കിങ്ങിനായി കണ്ടെത്തിയ സ്ഥലം കാടുകയറി നശിക്കുന്നു
Mail This Article
മൂന്നാർ∙ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വാഹനങ്ങൾ പാർക്ക് ചെയ്യാനായി പെരിയവര റോഡിൽ കണ്ടെത്തിയ ഭൂമി കാടുകയറി കിടക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ 25ന് ചേർന്ന ഗതാഗത ഉപദേശക സമിതിയാണ് ടൗണിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനായി പെരിയവര റോഡിൽ നിലവിലെ ടാക്സി സ്റ്റാൻഡിനോട് ചേർന്നുള്ള ഭൂമിയിൽ സഞ്ചാരികളുടെയും വ്യാപാരികളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനുള്ള തീരുമാനമെടുത്തത്.
വാഹനം പാർക്ക് ചെയ്യുന്നതിനായി കണ്ടെത്തിയ ഭൂമിയുടെ കുറച്ചുഭാഗം അധികൃതർ ഇടപെട്ട് വെട്ടിത്തെളിച്ചെങ്കിലും പിന്നീട് മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്താൻ തയാറാകാതിരുന്നതോടെ 5 മാസമായി ഈ സ്ഥലം കാടുകയറി കിടക്കുകയാണ്. കാടുപിടിച്ച് കിടക്കുന്ന ഭാഗം ഒഴിവാക്കി ചില വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ടെങ്കിലും വാഹനങ്ങളുടെ ഒരു ഭാഗം പ്രധാന റോഡിലേക്ക് കിടക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
ഇരുചക്ര പാർക്കിങ്ങും നടപ്പാക്കിയില്ല
സെപ്റ്റംബർ 25ന് ചേർന്ന ഗതാഗത ഉപദേശക സമിതിയിൽ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾ പെരിയവര റോഡിലെ മുസ്‌ലിം പള്ളിക്ക് താഴ്ഭാഗത്ത് പാർക്ക് ചെയ്യണമെന്നായിരുന്നു തീരുമാനം. എന്നാൽ ഇതിനായി കണ്ടെത്തിയ സ്ഥലം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാനനുവദിക്കാതെ വാഹന പാർക്കിങ് നിരോധിച്ചുകൊണ്ട് റിബൺ വലിച്ചുകെട്ടിയ നിലയിലാണിപ്പോൾ. തീരുമാനങ്ങൾ നടപ്പിലാക്കാത്തത് കാരണം ടൗണിന്റെ വിവിധ സ്ഥലങ്ങളിലെ വാഹന പാർക്കിങ് പഴയപടി തുടരുകയാണ്.