ADVERTISEMENT

അണക്കര ∙ ഇടുക്കി ജില്ലയിലെ ഗ്രാമീണ മലയോര മേഖലകളിൽ വെറ്ററിനറി സേവനം ഉറപ്പാക്കുന്നതിനായി മൂന്ന് പുതിയ മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. അണക്കരയിൽ ക്ഷീരസംഗമം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് അധികവരുമാനം ഉറപ്പുവരുത്താൻ  സർക്കാരിന്റെ ക്ഷീര ലയം പദ്ധതി സഹായകമാകും. ഈ പദ്ധതിയിലൂടെ അവരെ സ്വയംപര്യാപ്തരാകുന്നതിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.

 ഉൽപാദനക്ഷമതയിൽ രാജ്യത്തു രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കണമെങ്കിൽ  ഏറ്റവും ഗുണമേന്മയുള്ളതും സുരക്ഷിതവുമായ തീറ്റ ഉരുക്കൾക്ക് ലഭ്യമാക്കണം. ഇത് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് കാലിത്തീറ്റ ബിൽ പാസ്സാക്കിയിട്ടുള്ളത്. മായം കലർന്ന തീറ്റ വിതരണം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. പാൽ സംഭരണ സമയം 12 മണിക്കൂർ ഇടവേള ഉള്ള രീതിയിൽ ആക്കിയതു വഴി ഉൽപാദനത്തിലും ഉരുക്കളുടെ ആരോഗ്യത്തിലും മികവ് കണ്ടെത്താൻ സാധിച്ചതായി മന്ത്രി പറഞ്ഞു.  

 പീരുമേട് എംഎൽഎ വാഴൂർ സോമൻ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ.യൂസഫ്  പദ്ധതി വിശദീകരണം നടത്തി.‘മൃഗപരിപാലനത്തിലെ പരമ്പരാഗത ചികിത്സ രീതികൾ’ എന്ന വിഷയത്തിൽ മണ്ണുത്തി വെറ്ററിനറി സർവകലാശാല അസോഷ്യേറ്റ് പ്രഫസർ ഡോ. സുരേഷ് എൻ.നായർ സെമിനാർ അവതരിപ്പിച്ചു.

ക്ഷീരകർഷകരായ കോഴിക്കോട് സ്വദേശി പി.ബി. ജിനേഷ്, മലപ്പുറം സ്വദേശി പി.സി.ജംഷീർ, വടശ്ശേരിക്കര സ്വദേശി റെയ്സൺ ചാക്കോ, എറണാകുളം സ്വദേശി മോനു വർഗീസ് മാമൻ, തൊടുപുഴ സ്വദേശി നിഷാ ബെന്നി എന്നിവർ വിജയഗാഥകൾ പങ്കുവച്ചു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷീരകർഷകർ ശാസ്ത്രീയ കണ്ടെത്തലുകളുടെ അവതരണം നടത്തി. ക്ഷീരസംഗമം ഇന്നു സമാപിക്കും. നാല് മണിക്ക് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

തോട്ടം മേഖലയ്ക്കായി ക്ഷീരലയം പദ്ധതി 
തോട്ടം  മേഖലയിലെ  തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കുന്നതിനും അതിലൂടെ അവരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനുമാണ് ക്ഷീരലയം പദ്ധതി  ലക്ഷ്യമിടുന്നത്.  കമ്യൂണിറ്റി ക്യാറ്റിൽ ഷെഡിൽ 10 പശുക്കളെ ലയത്തിലുള്ള 10 പേർ ചേർന്നു വളർത്തുന്ന പദ്ധതിയാണ് ക്ഷീരലയം. ഇതിന്റെ ഭാഗമായി  മൂന്നാർ കണ്ണൻ ദേവൻ കമ്പനിയുടെ ലയവുമായി ആലോചിച്ചു പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com