ADVERTISEMENT

ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്ത് ബജറ്റ് അവതരണങ്ങൾ പൂർത്തിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റിൽ പാലവും റോഡുമല്ലാതെ പുതിയ ആശയങ്ങൾ കടന്നു വരുന്നത് കുറവാണ്. മിക്ക തദ്ദേശ സ്ഥാപനങ്ങളും ഫണ്ടില്ലായ്മയിൽ പെട്ട് ഉഴറുമ്പോൾ ഉള്ളതു കൊണ്ട് വ്യത്യസ്തമാക്കാൻ ശ്രമിക്കുന്ന ചില സ്ഥാപനങ്ങളുമുണ്ട്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ എത്തിയ ചില വ്യത്യസ്ത ആശയങ്ങൾ ഇതാ.. ഇവയൊക്കെ നടപ്പാകുമെന്നു പ്രതീക്ഷിക്കാം.. 

രാമക്കൽമേട് കണ്ണാടിപ്പാലം
വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിജ് ഹിറ്റായത് ചുരുങ്ങിയ ദിവസങ്ങൾകൊണ്ടാണ്. വാഗമൺ മാതൃകയിൽ ഒരു ഗ്ലാസ് ബ്രിജ് രാമക്കൽമേട്ടിലും വന്നാലോ? നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ച ബജറ്റിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണ് രാമക്കൽമേട് ടൂറിസം സെന്ററിലെ ഗ്ലാസ് ബ്രിജ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിലെ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്തുന്നതിന് പദ്ധതി സഹായമാകുമെന്നാണ് വിലയിരുത്തൽ.

ഡിടിപിസി, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവ സംയുക്തമായി പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. ആകെ 3 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 50 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലെയും ടൂറിസം സാധ്യതകൾ കണ്ടെത്തുന്ന ഡിപിആർ തയാറാക്കുന്നതിനായി അഞ്ച് ലക്ഷം രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. 

വാളറയിലും ഗ്ലാസ് ബ്രിജ് 
അടിമാലി പഞ്ചായത്ത് ടൂറിസം ചാലഞ്ചിൽ പെടുത്തി വാളറ വെള്ളച്ചാട്ടം അപകടങ്ങളില്ലാതെ കണ്ട് ആസ്വദിക്കുന്നതിന് ഗ്ലാസ് ബ്രിജ് സ്ഥാപിക്കാൻ 20 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കൂമ്പൻപാറ ശ്മശാനത്തിനു സമീപം മൗണ്ട് വ്യൂ ലാഫിങ് പാർക്കിന് 10 ലക്ഷവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കട്ടപ്പനയുടെ തണലിടം 
നഗരത്തെ സൗന്ദര്യവൽക്കരിക്കാനും ജനങ്ങൾക്ക് വിശ്രമിക്കാനും മാനസിക ഉല്ലാസവും ലക്ഷ്യമിട്ട് ‘തണലിടം’ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് കട്ടപ്പന നഗരസഭയാണ്. സ്വന്തമായൊരു പാർക്ക് ഇല്ലാത്ത കട്ടപ്പന നഗരസഭയിൽ മിനി പാർക്ക് മാതൃകയിൽ തണലിടം നിർമിക്കാൻ 2022ലെ ബജറ്റിലാണ് ആദ്യം തുക വകയിരുത്തിയത്.

5 ലക്ഷം രൂപയായിരുന്നു അന്നത്തെ ബജറ്റ് പ്രഖ്യാപനം. 2024 ആയിട്ടും യാതൊരു പ്രവർത്തനവും നടത്താനായില്ല. അതിനാൽ ഇത്തവണത്തെ ബജറ്റിൽ തണലിടം പദ്ധതി നടപ്പാക്കാൻ 15 ലക്ഷം രൂപ വകയിരുത്തിയതായി പ്രഖ്യാപനമുണ്ട്. ഇടുക്കിക്കവല ബൈപാസ് റോഡിലാണ് തണലിടം ഒരുക്കാൻ ലക്ഷ്യമിടുന്നത്. 

കോഫി ബ്രേക്കും പച്ചപ്പും
കുമാരമംഗലം എംകെഎൻഎം സ്കൂളിലെ എൻഎസ്എസ് പ്രവർത്തകർ തയാറാക്കിയ ‘ആരാമം’ വിശ്രമയിടത്തിന് അടുത്ത് പഞ്ചായത്തിലെ ടേക് എ ബ്രേക്കിന്റെ ഭാഗമായി കോഫി ഷോപ്പ് തുടങ്ങാൻ പദ്ധതിയുണ്ട്. ഇതു യാത്രക്കാർക്കും നാട്ടുകാർക്കുമെല്ലാം ഏറെ പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ. 

കുമാരമംഗലം പഞ്ചായത്തിൽ തരിശായി കിടക്കുന്ന പാടങ്ങൾ ഏറ്റെടുത്ത് നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും പ്രതീക്ഷയുണർത്തുന്നതാണ്. കൃഷി മുടങ്ങിയ പാടശേഖരങ്ങൾ ഏറ്റെടുത്ത് പാട്ടത്തിനു നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇത് സ്ഥലമുടമയ്ക്കും പാട്ടമെടുക്കുന്നവർക്കും പ്രയോജനകരമാകും.

സ്ത്രീകൾക്കായി ആരോഗ്യ പരിശോധന
വെള്ളിയാമറ്റം പഞ്ചായത്തിൽ സ്ത്രീകളുടെ ആരോഗ്യത്തിനും ശുചിത്വത്തിനുമായി പദ്ധതി. പരിശോധനയും ബോധവൽക്കരണവുമാണ് ഉദ്ദേശിക്കുന്നത്. 5 ലക്ഷം രൂപയാണ് പഞ്ചായത്ത് മാറ്റിവച്ചിരിക്കുന്നത്. ബാലസൗഹൃദ പഞ്ചായത്തായ വെള്ളിയാമറ്റത്തിനായി യോഗ പരിശീലനം, കുട്ടികളുടെ പാർക്ക്, ബോധവൽക്കരണം എന്നിവയും നടപ്പിലാക്കും.

കുട്ടിക്കൃഷിയുമായി കരിങ്കുന്നം
കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തിയെടുക്കുന്ന പദ്ധതിയാണ് കൃഷിഭവനുമായി സഹകരിച്ച് കരിങ്കുന്നം പഞ്ചായത്ത് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നത്. പഞ്ചായത്തിൽ ഉൾപ്പെടുന്ന 4 സ്കൂളുകളിലും 18 അങ്കണവാടികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പോട്ടിങ് മിശ്രിതം നിറച്ച് പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ച 20 പോട്ടുകൾ തുള്ളിനന സംവിധാനം ഉൾപ്പെടെ സ്കൂളുകൾക്ക് നൽകും. 

പഠനസമയം അധികം നഷ്ടപ്പെടുത്താതെ കുട്ടികൾക്ക് ഇവ പരിചരിക്കാനാകും എന്നതാണ് പ്രത്യേകത. ഉച്ചഭക്ഷണത്തിൽ സ്വയംപര്യാപ്തത സാധ്യമാക്കുക എന്നതും ലക്ഷ്യമാണ്. 20 പോട്ടുകളടങ്ങുന്ന ഒരു യൂണിറ്റിന് 5000 രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സ്കൂളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതൽ യൂണിറ്റുകൾ നൽകുകയും ചെയ്യും.

മുട്ടത്ത്  ചക്ക ഐഡിയ
മുട്ടം പഞ്ചായത്തിൽ ചക്ക ഉൽപന്നങ്ങളുടെ പ്രോസസിങ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ബജറ്റിൽ ഫണ്ട് അനുവദിച്ചു. പഞ്ചായത്തിന്റെ കീഴിൽ യൂണിറ്റുകൾ സ്ഥാപിച്ച് പ്രോസസിങ് കേന്ദ്രങ്ങൾ നടത്തുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com