ADVERTISEMENT

മറയൂർ ∙ കാന്തല്ലൂരിലും വട്ടവടയിലും വെളുത്തുള്ളി വിളവ് എടുക്കുന്നതിനു മുൻപേ റെക്കോർഡ് വില ലഭിക്കുന്നതു കർഷകർക്ക് ആഹ്ലാദമായി. നിലവിൽ ഒരു കിലോയ്ക്കു 450 മുതൽ 650 രൂപയാണ് വില ലഭിക്കുന്നത്. അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രളയക്കെടുതിയിൽ വെളുത്തുള്ളി കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് കർഷകർ പറയുന്നു. കാന്തല്ലൂർ വട്ടവട മേഖലയിൽ കാരറ്റ് കാബേജ് ബീൻസ് ഉൾപ്പെടെയുള്ള ശീതകാല പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെങ്കിലും സീസൺ അനുസരിച്ച് കൂടുതലും വെളുത്തുള്ളിക്കൃഷിയാണ് ചെയ്തു വന്നിരുന്നത്. എന്നാൽ ഇത്തവണ കർഷകർ വെളുത്തുള്ളി  കുറവാണ് കൃഷി ചെയ്തത്. ഇതിനിടയിലാണ് വിപണിയിൽ ഒരു കിലോ വെളുത്തുള്ളി 450 മുതൽ 650 രൂപ വരെ വില വന്നത്. മാർച്ച് മാസം മുതൽ വെളുത്തുള്ളി വിളവെടുക്കാൻ തുടങ്ങും.

∙ കൊക്കോയ്ക്ക്  നല്ലകാലം
അടിമാലി ∙ കൃഷിക്കാർക്കും വ്യാപാരികൾക്കും പിടി കൊടുക്കാതെ ചരിത്രത്തിലേക്കു കുതിച്ചുയർന്ന് കൊക്കോ വില. ഉണക്ക പരിപ്പിനു കിലോഗ്രാമിനു 450 രൂപ വരെയാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ മുരിക്കാശേരിയിൽ ഇന്നലത്തെ വില 460 ആണെന്ന് മലഞ്ചരക്ക് വ്യാപാരി നിസാർ പ്ലാവിലവീട്ടിൽ പറഞ്ഞു. പച്ചപ്പരിപ്പിനു 160 വരെ വിലയുണ്ട്. മുൻവർഷം ഇതേ സമയത്തു 220 വരെ ആയിരുന്നു ഉണക്കപ്പരിപ്പിന്റെ വില. 

അന്നത്തെ വിലയുടെ ഇരട്ടിയിലധികം ലഭിക്കുന്നു എന്നതു ചരിത്രമായി മാറുകയാണ്. വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾ പങ്കുവയ്ക്കുന്നത്. രാജ്യാന്തര മാർക്കറ്റിൽ കൊക്കോ പരിപ്പിന്റെ ദൗർലഭ്യമാണ് വില വർധനയ്ക്കു പ്രധാന കാരണമായത്. 

കാംകോ, കാഡ്ബറി ഉൾപ്പെടുന്ന കമ്പനികൾക്കു പുറമേ ചെറുകിട ചോക്ലേറ്റ് കമ്പനികളും വിപണി കയ്യടക്കിയതോടെയാണു വില കുതിച്ചുയരുന്നത്. ജില്ലയിലെ കർഷകരുടെ പ്രധാന വരുമാന മാർഗമായിരുന്നു കൊക്കോ. ഹൈറേഞ്ചിലാണു കൊക്കോ കൃഷി വ്യാപകമായി ഉണ്ടായിരുന്നത്. 

കടുത്ത ചൂട് മൂലം ഉണങ്ങിത്തുടങ്ങിയ ഏലച്ചെടികൾ.
കടുത്ത ചൂട് മൂലം ഉണങ്ങിത്തുടങ്ങിയ ഏലച്ചെടികൾ.

എന്നാൽ, സീസണിലെ വിലയിടിവും കുരങ്ങ്, അണ്ണാൻ, മരപ്പെട്ടി തുടങ്ങിയ വന്യമൃഗശല്യവും രോഗബാധയും കൊക്കോക്കൃഷിയെ കാര്യമായി ബാധിച്ചു. നിലനിൽപില്ലാതെ കൊക്കോ ഉപേക്ഷിച്ച കർഷകർ ഏലത്തിലേക്കു ചുവട് ഉറപ്പിച്ചു.  ഇതോടെ ഹൈറേഞ്ചിൽ കൊക്കോ ഉൽപാദനം പത്തിലൊന്നായി ചുരുങ്ങി. സീസൺ അവസാനിച്ച സമയത്തുണ്ടായ വിലവർധന തുടർന്നാൽ കൊക്കോക്കൃഷി വീണ്ടും ഹൈറേഞ്ചിലേക്കു തിരികെ വരുന്ന കാലം വിദൂരമല്ല.

∙ കീശവീർപ്പിക്കാതെ കുരുമുളക്
രാജാക്കാട് ∙ ഹൈറേഞ്ചിലുൾപ്പെടെ കുരുമുളക് വിളവെടുപ്പ് കാലം കഴിയാറായിട്ടും വിലയിൽ വർധനയില്ലാത്തതു കർഷകരെ നിരാശയിലാക്കി. കഴിഞ്ഞ 31ന് 556 രൂപ വിലയുണ്ടായിരുന്ന അൺഗാർബിൾഡ് കുരുമുളകിനു 23 ദിവസത്തിനുള്ളിൽ 32 രൂപയാണ് കുറഞ്ഞത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ കുരുമുളക് എത്തുന്നതാണ് ആഭ്യന്തര വിപണികളിൽ വില കുറവിനു കാരണമെന്നാണു വ്യാപാരികൾ പറയുന്നത്. 

വിയറ്റ്നാം, ബ്രസീൽ, മഡഗാസ്കർ എന്നിവിടങ്ങളിൽ നിന്ന് ഉത്തരേന്ത്യൻ വിപണിയിലേക്കു കുരുമുളക് എത്തുന്നതും ഡിമാൻഡ് കുറയാൻ കാരണമായി. കാലാവസ്ഥ വ്യതിയാനം മൂലം ജില്ലയിലെ കുരുമുളക് ഉൽപാദനം 50% വരെ കുറഞ്ഞിട്ടും വിലയിൽ വർധനവുണ്ടായിട്ടില്ല. ഇത് ഹൈറേഞ്ചിൽ നിന്നുള്ള കുരുമുളക് കൃഷിയുടെ പടിയിറക്കത്തിന്റെ വേഗം കൂട്ടുമെന്നാണു കർഷകരും വ്യാപാരികളും പറയുന്നത്.

വിലയില്ലാതെ ഏലം
രാജകുമാരി∙ വേനൽ ചൂടിനാെപ്പം വിലയിടിവും ഏലം കർഷകരെ കണ്ണീരിലാഴ്ത്തുന്നു. സീസൺ അവസാനിച്ചിട്ടും ഏലം വില 1500 നു മുകളിൽ ഉയരാത്തതു കർഷകരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. ഇൗ സീസണിൽ ഏലത്തിന്റെ ശരാശരി വില 2000 ന് മുകളിലേക്കുയർന്നില്ല. സീസൺ ആരംഭത്തിൽ 1900 വരെ വില ലഭിച്ചിരുന്നു. ഒരു മാസം മുൻപുവരെ 1700 വരെ ശരാശരി വില ലഭിച്ചിരുന്നു. 

അതിനുശേഷമാണ് 300 രൂപയിലധികം കുറഞ്ഞത്. കടുത്ത വേനലിൽ ഏലച്ചെടികൾ സംരക്ഷിച്ചു നിർത്താൻ മുടക്കുന്ന പണം അടുത്ത സീസണിൽ പോലും തിരിച്ചു കിട്ടില്ലെന്നാണു കർഷകർ പറയുന്നത്. ഏലത്തോട്ടങ്ങളിൽ തണൽ വലകൾ വലിച്ചു കെട്ടിയാണ് കർഷകർ കത്തുന്ന വേനൽച്ചൂടിനെ പ്രതിരോധിക്കുന്നത്. എന്നാൽ ഇതും പൂർണമായി ഫലപ്രദമല്ല. വേനൽക്കാലത്ത് ആഴ്ചയിൽ 40 ലീറ്റർ വരെ വെള്ളം ഒരു ഏലച്ചെടിക്ക് ആവശ്യമാണ്. ജലസ്രോതസ്സുകൾ പലതും വറ്റിയതിനാൽ ഏലത്തോട്ടങ്ങളിലെ നനയും പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com