ADVERTISEMENT

തൊടുപുഴ∙ കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ സിപിഎം അമരാവതി ലോക്കൽ സെക്രട്ടറി വലിയകണ്ടത്തിൽ വീട്ടിൽ രാജൻ (52), ഡിവൈഎഫ്ഐ നേതാവ് വേലംകുന്നേൽ നിഖിൽ (27) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്ന സിപിഎം പ്രാദേശിക നേതാക്കളായ കെ.എം.സിദ്ദിഖ്, കാർത്തിക് കണ്ണൻ, സാബു എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ജനുവരി 10ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു പോയ കോൺഗ്രസ് പ്രവർ‌ത്തകൻ അമരാവതി കക്കാടംപള്ളിൽ ജോബിൻ ചാക്കോയെ ഇവരുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോബിൻ ചികിത്സയിലാണ്. ജോബിനെ മർദിക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ എത്തിയ സമീപവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവദിവസം രാത്രി തന്നെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തില്ല.

പ്രതികൾ ഒളിവിലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.  പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഇവരോട് 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചു. തുടർന്ന് ഇന്നലെ പൊലീസിൽ കീഴടങ്ങിയ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്നായിരുന്നു റിമാൻഡ്. പീരുമേട്ടിലെ സിപിഎം നേതാവിന്റെ അനുസ്മരണം സംബന്ധിച്ച് സമൂഹമാധ്യമത്തിൽ വന്ന വാർത്തയുടെ താഴെ മോശമായ പരാമർശം നടത്തിയെന്നതാണ്  ആക്രമണകാരണമായി പൊലീസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com