2 മാസം, നഷ്ടമായത് 4 ജീവൻ; പ്രതിഷേധം ഉയരുമ്പോൾ മാത്രം നഷ്ടപരിഹാരം
Mail This Article
തൊടുപുഴ∙ 2024 വർഷം 60 ദിവസം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് കാട്ടാനയാക്രമണത്തിൽ ഏറ്റവും കൂടുതൽ ജീവൻ പൊലിഞ്ഞത് ഇടുക്കി ജില്ലയിലാണ്. ഒരു സ്ത്രീയടക്കം 4 പേരാണ് 2 മാസത്തിനിടെ കൊല്ലപ്പെട്ടത്. മൂന്നാർ വനം ഡിവിഷന് കീഴിൽ വരുന്ന തോട്ടം മേഖലയിലാണ് എല്ലാ മരണങ്ങളും സംഭവിച്ചത്. ഇവരിൽ പൂർണമായ നഷ്ടപരിഹാരം ലഭിച്ചത് തിങ്കളാഴ്ച കൊല്ലപ്പെട്ട സുരേഷ്കുമാറിന് (48) മാത്രമാണ്. ബാക്കിയെല്ലാവർക്കും അടിയന്തര സഹായമായ 50,000 രൂപ മാത്രമേ നൽകിയിട്ടുള്ളൂ.
ജനുവരി 8നു തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ തേയിലക്കൊളുന്ത് നുള്ളാൻ പോയ തോട്ടം തൊഴിലാളിയായ പരിമളമാണ് (44) കാട്ടാനയുടെ അടിയേറ്റ് ഈ വർഷം ആദ്യം കൊല്ലപ്പെട്ടത്. രാവിലെ എട്ടോടെ പന്നിയാറിനും പന്തടിക്കളത്തിനും ഇടയിലുള്ള തേയിലത്തോട്ടത്തിൽ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെടുകയായിരുന്നു. ജനുവരി 23നു ബന്ധുവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കോയമ്പത്തൂർ സ്വദേശി കെ.പോൾ രാജ് (79) മൂന്നാറിൽ കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടു.
രാത്രി 9.30നു തെന്മല ലോവർ ഡിവിഷനിലെ കന്റീനിൽനിന്നു ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്കു പോകുന്നതിനിടയിലാണു കാട്ടാനയുടെ മുന്നിൽപെട്ടത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടയിൽ വീണ പോൾരാജിനെ കാട്ടാന ചവിട്ടുകയായിരുന്നു. ഇതേ കാട്ടാന തന്നെയാണ് കഴിഞ്ഞ ദിവസം കന്നിമലയിൽ സുരേഷ് കുമാറിനെയും കൊലപ്പെടുത്തിയത്.
ജനുവരി 22ന് ഉച്ചയ്ക്കു 2ന് കാെച്ചുമകൻ ഗ്രെയ്സനാെപ്പം കൃഷിയിടത്തിൽ ജോലി ചെയ്യവേ ചക്കക്കൊമ്പൻ എന്ന ഒറ്റയാന്റെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു. ചിന്നക്കനാൽ ബിഎൽ റാം സ്വദേശിയായ വെള്ളക്കല്ലിൽ സൗന്ദർരാജനാണ് (68) തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി 26നു മരിച്ചത്.
പ്രതിഷേധം ഉയരുമ്പോൾ മാത്രം നഷ്ടപരിഹാരം
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ അനന്തരാവകാശികൾക്ക് അടിയന്തരമായി 50,000 രൂപയും വില്ലേജ് ഓഫിസിൽ നിന്നുള്ള ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ 4.5 ലക്ഷം രൂപയും താലൂക്ക് ഓഫിസിൽ നിന്നുള്ള അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ബാക്കിയുള്ള 5 ലക്ഷം രൂപയും നഷ്ടപരിഹാരം അനുവദിക്കുകയാണ് ചെയ്യാറുള്ളത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ 6 മാസം എങ്കിലും സമയമെടുക്കും. നേരത്തേ വില്ലേജ് ഓഫിസിൽനിന്ന് നൽകുന്ന കുടുംബാംഗത്വ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം അനുവദിച്ചിരുന്നതാണ്. എന്നാൽ അനന്തരാവകാശ രേഖ നിർബന്ധമാക്കിയതോടെ നടപടികൾ ഇഴഞ്ഞു നീങ്ങാൻ തുടങ്ങി.