ADVERTISEMENT

2024 ജനുവരി 26 
കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോൾ ചക്കക്കൊമ്പൻ എന്ന ഒറ്റയാന്റെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു. ചിന്നക്കനാൽ ബിഎൽ റാം സ്വദേശിയായ വെള്ളക്കല്ലിൽ സൗന്ദർരാജനാണ് (68) തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആന്തരികാവയവങ്ങൾക്കുണ്ടായ ഗുരുതരപരുക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ജനുവരി 22ന് ഉച്ചയ്ക്കു 2ന് കാെച്ചുമകൻ ഗ്രെയ്സനാെപ്പം കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജനെ ചക്കക്കാെമ്പൻ ആക്രമിച്ചത്. 

 2024 ജനുവരി 23 
ബന്ധുവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കോയമ്പത്തൂർ സ്വദേശി കെ.പോൾ രാജ് (79) മൂന്നാറിൽ കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടു. രാത്രി 9.30നു തെന്മല ലോവർ ഡിവിഷനിലെ കന്റീനിൽനിന്നു ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്കു പോകുന്നതിനിടയിലാണു കാട്ടാനയുടെ മുന്നി‍ൽപെട്ടത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടയിൽ വീണ പോൾരാജിനെ കാട്ടാന ചവിട്ടുകയായിരുന്നു. 

2024 ജനുവരി 08 
തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ തേയിലക്കൊളുന്ത് നുള്ളാൻ പോയ തോട്ടം തൊഴിലാളി സ്ത്രീ കാട്ടാനയുടെ അടിയേറ്റു മരിച്ചു. പന്നിയാർ സ്വദേശി പരിമള (44) ആണു മരിച്ചത്. രാവിലെ എട്ടോടെ പന്നിയാറിനും പന്തടിക്കളത്തിനും ഇടയിലുള്ള തേയിലത്തോട്ടത്തിൽ കാെളുന്ത് നുള്ളാൻ പോകുമ്പോൾ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെടുകയായിരുന്നു. 

2023 ജനുവരി 25 
പന്നിയാർ എസ്റ്റേറ്റിനു സമീപം കാട്ടാനക്കൂട്ടത്തിന്റെ ചവിട്ടേറ്റു ശക്തിവേൽ(54) എന്ന താൽക്കാലിക വാച്ചർ മരിച്ചു. കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് ഒട്ടേറെപ്പേരെ രക്ഷിച്ച ശക്തിവേൽ കോഴിപ്പനക്കുടി സ്വദേശിയും ആദിവാസി വിഭാഗത്തിൽപെട്ടയാളുമാണ്. 

2022 നവംബർ 21 
പൂപ്പാറ തലക്കുളത്തിനു സമീപം കൃഷിയിടത്തിലേക്കു പോയ കർഷകനെ കാട്ടാന അടിച്ചു കൊലപ്പെടുത്തി. ഭാര്യ ഓടി രക്ഷപ്പെട്ടു. തലക്കുളം സ്വദേശി സ്വാമിവേൽ (68) ആണ് കൊല്ലപ്പെട്ടത്. 

2022 നവംബർ 2 
സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിനോദസഞ്ചാരി മറയൂർ – ചിന്നാർ റോഡിൽ ജെല്ലിമല ഭാഗത്ത് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. തമിഴ്നാട് പുതുക്കോട്ട സൗത്തിൽ മൂന്നാമത്തെ തെരുവ് സ്വദേശി അക്ബർ അലിയാണ് (52) മരിച്ചത്. ഒന്നരക്കൊമ്പൻ എന്നു വിളിപ്പേരുള്ള ഒറ്റയാനാണ് ആക്രമിച്ചത്. 

2022 ഒക്ടോബർ 27 
കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ അതിഥിത്തൊഴിലാളി പാറയിൽ നിന്ന് വീണു മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദർശൻ കുമാർ സയാം (27) ആണ് മരിച്ചത്. അടിമാലിക്കു സമീപം പീച്ചാട് സ്വകാര്യ ഏലം എസ്റ്റേറ്റിൽ ജോലിക്കിടെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. 

2022 മാർച്ച് 30 
സൂര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. തിരുവള്ളൂർ കോളനി കൃപാഭവനിൽ ബാബു(60)വിനെയാണ് രാവിലെ 6നു വീടിനു സമീപം കാട്ടാന ആക്രമിച്ചത്. ചക്കക്കൊമ്പൻ എന്നറിയപ്പെടുന്ന ഒറ്റയാൻ ബാബുവിന്റെ ഇടതുകാലിൽ പിടിച്ച് പൊക്കി നിലത്തടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബു തൽക്ഷണം‍ മരിച്ചു. 

2022 ജനുവരി 15 
ഇടമലക്കുടിയിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. കീഴ്‌വളയം പാറക്കുടി സ്വദേശി വേണുവാണ് (62) മരിച്ചത്. വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന വേണുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. 

2021 സെപ്റ്റംബർ 24 
ബൈക്കിൽ യാത്ര ചെയ്തിരുന്ന ദമ്പതികൾ പുലർച്ചെ കാട്ടാനയുടെ മുന്നിൽപെട്ടു; വീട്ടമ്മയെ ആന ചവിട്ടിക്കൊലപ്പെടുത്തി. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറ മൂലത്തുറ എസ് വളവിൽ പുലർച്ചെ അഞ്ചരയ്ക്കാണു സംഭവം. ചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. കുമാർ പരുക്കുകളോടെ രക്ഷപ്പെട്ടു. 

2020 ഫെബ്രുവരി 25 
ചിന്നക്കനാൽ അപ്പർ സൂര്യനെല്ലിയിൽ ഭിന്നശേഷിക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. അപ്പർ സൂര്യനെല്ലി സ്വദേശി തങ്കരാജ് (71) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നിന് അപ്പർ സൂര്യനെല്ലിയിലെ കടയിൽ പോകുമ്പോൾ ആണ് തങ്കരാജ് കാട്ടാനയുടെ മുന്നിൽ പെട്ടത്. 

2019 മേയ് 12 
മൂകനും ബധിരനുമായ ആദിവാസി കൃഷിയിടത്തിൽ കാട്ടാനകളുടെ ചവിട്ടേറ്റ് മരിച്ചു. ചിന്നക്കനാൽ, ചെമ്പകത്തൊഴുക്കുടിയിലെ എസ്.കൃഷ്ണനെ (45) ആണ് വൈകുന്നേരം 301 കോളനിയിലെ കൃഷിയിടത്തിൽ 2 ഒറ്റയാൻമാർ കൊലപ്പെടുത്തിയത്. 

2018 ജൂലൈ 11 
ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം താമസസ്ഥലത്തേക്കു നടന്നുപോയ ഏലം എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടിക്കൊന്നു. രാജാപ്പാറയിലെ ജംഗിൾപാലസ് എസ്റ്റേറ്റ് മാനേജർ ഉടുമ്പൻചോല ശാന്തരുവി സ്വദേശി കുമാറിനെ (46) ആണ് പുലർച്ചെ എസ്റ്റേറ്റിനു സമീപം കാട്ടാന കൊലപ്പെടുത്തിയത്. 

2018 സെപ്റ്റംബർ 20 
എസ്റ്റേറ്റ് പരിസരത്തു കാട്ടാന ഇറങ്ങിയിട്ടുണ്ടോയെന്നു പരിശോധന നടത്തുന്നതിനിടെ വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറയ്ക്കു സമീപം മൂലത്തുറ പുതുപ്പാറ ഏലം എസ്റ്റേറ്റിലെ വാച്ചർ തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി മുത്തയ്യ (65) ആണു മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. 

2018 ജൂലൈ 03 
ചിന്നക്കനാൽ സിങ്കുകണ്ടം 301 കോളനിയിൽ കല്ലാർ പെട്ടിമുടി തങ്കച്ചൻ (49) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ലോകകപ്പ് ഫുട്ബോൾ മത്സരം ബന്ധുവിന്റെ വീട്ടിലെ ടിവിയിൽ കണ്ടശേഷം മടങ്ങുമ്പോൾ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെടുകയായിരുന്നു.

2018 ജൂൺ 16 
ഏലത്തോട്ടം കാവൽക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറ മൂലത്തുറയിൽ പുത്തുപ്പാറ എസ്റ്റേറ്റ് ലൈൻസിലെ പി.വേൽ‌ (വേലു–55) ആണു മരിച്ചത്. രാവിലെ പുതുപ്പാറയിൽ നിന്നു മൂലത്തുറയിലെ തോട്ടത്തിലേക്കു നടന്നുവരുമ്പോഴാണു വേലു കാട്ടാനയുടെ മുന്നിൽപെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com