ADVERTISEMENT

രാജകുമാരി∙ കുരുമുളക് കർഷകർക്ക് അനിശ്ചിതത്വത്തിന്റെ വിളവെടുപ്പ് കാലം. ഹൈറേഞ്ചിൽ കുരുമുളകിന്റെ വിളവെടുപ്പ് കാലം കഴിയാറായിട്ടും വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഒരാഴ്ച മുൻപ് വരെ 530 രൂപയ്ക്ക് വരെ ചില്ലറ വിൽപന നടന്നെങ്കിലും പെട്ടെന്നാണ് 60രൂപ വരെ കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വില 500 വരെയായി. എങ്കിലും വില സ്ഥിരതയില്ലാത്തതിനാൽ പല വ്യാപാരികളും കുരുമുളക് വാങ്ങുന്നത് നിർത്തി. ഉൽപാദനത്തിലെ ഇടിവ് മൂലം പ്രതിസന്ധിയിലായ കർഷകർക്കും വിലയിലെ ഏറ്റക്കുറച്ചിലുകൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

ഇറക്കുമതി ബാധിച്ചെന്ന്  വ്യാപാരികൾ
∙വടക്കേ ഇന്ത്യൻ വിപണികളിലേക്കുള്ള കുരുമുളകിന്റെ ഇറക്കുമതി നിയന്ത്രിക്കാനാവാത്തതാണ് വില ഇടിയാൻ കാരണമെന്ന് വൻകിട വ്യാപാരികൾ പറയുന്നു.  ഡിസംബറിൽ 1416 ടൺ കുരുമുളകാണ് വിവിധ രാജ്യങ്ങളിൽ നിന്നായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. വിയറ്റ്നാമിൽ നിന്ന് മാത്രം 502 ടൺ കുരുമുളക് ഇറക്കുമതി ചെയ്തു.

ബ്രസീൽ, വിയറ്റ്നാം, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഉൽപാദന ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക് രാജ്യാന്തര വിപണികളിൽ വിറ്റഴിക്കാൻ കഴിയും. രാജ്യാന്തര വിപണിയിൽ ഒരു ടൺ ഇന്ത്യൻ കുരുമുളകിന് 7400 ഡോളറാണ് വില. ബ്രസീൽ കുരുമുളകിന് 3800 ഉം, വിയറ്റ്നാം കുരുമുളകിന് 3950 ഡോളറുമാണ്  വില.

ഓർമയിലെ നല്ലകാലം
∙ഇത്തവണ കുരുമുളക് വിളവെടുപ്പ് ആരംഭിച്ചപ്പോൾ ആഭ്യന്തര വിപണിയിൽ 550രൂപ വരെ വിലയുണ്ടായിരുന്നു. 2014 ൽ 730 രൂപ വരെ ഒരു കിലോഗ്രാം കുരുമുളകിന് വില ലഭിച്ചിരുന്നു. കഴിഞ്ഞ സീസണിൽ 530 രൂപ വരെ വില ലഭിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്ന് കുരുമുളക് എത്തിച്ച് ഇന്ത്യയിലെ കുരുമുളകുമായി മിക്സ് ചെയ്ത്  രാജ്യാന്തര വിപണികളിൽ വിറ്റഴിക്കുന്നത് മൂലം ഗുണമേന്മയിൽ മുന്നിൽ നിന്നിരുന്ന കേരളത്തിലെ കുരുമുളകിന്റെ ഡിമാൻഡ് ഇടിയാൻ കാരണമായെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com