ADVERTISEMENT

രാജകുമാരി ∙ വേനൽ കടുത്തതോടെ കടന്നൽ, പെരുന്തേനീച്ച എന്നിവയുടെ ഭീഷണിയിലാണ് മലയോര മേഖല. 2 മാസത്തിനിടെ ജില്ലയിൽ 2 പേരാണ് പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്. ഇക്കാലയളവിൽ 34 പേർ തേനീച്ച, പെരുന്തേനീച്ച, കടന്നൽ എന്നിവയുടെ കുത്തേറ്റ് ചികിത്സ തേടി. ജില്ലയിൽ തേനീച്ച ആക്രമണങ്ങൾക്കെതിരെ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ കോഓർഡിനേഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകുന്നു. നെടുങ്കണ്ടം മേഖലയിലെ അൻപതേക്കർ, കല്ലാർ‌, മാവടി, മൂന്നാറിന് സമീപമുള്ള നല്ലതണ്ണി, പൂപ്പാറയ്ക്കു സമീപമുള്ള കോരമ്പാറ എന്നിവിടങ്ങളിലാണ് പെരുന്തേനീച്ചയുടെ ആക്രമണത്തിൽ നാട്ടുകാർക്കു പരുക്കേറ്റത്. 

ജില്ലാ ആസ്ഥാനത്തുൾപ്പെടെ അപകടകരമായ രീതിയിൽ പെരുന്തേനീച്ചയുടെയും കടന്നലിന്റെയും കൂടുകൾ ജനവാസ മേഖലകളോടു ചേർന്ന് സ്ഥിതി ചെയ്യുന്നുണ്ട്. പക്ഷികൾ കൂടുകളിൽ ഇടിക്കുമ്പോഴും ശക്തമായി കാറ്റ് വീശുമ്പോഴും ഇവ ഇളകി വന്ന് മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കാനുള്ള സാധ്യതയുണ്ട്. വേനൽച്ചൂട് കൂടുമ്പോഴും ഇവ കൂട്ടിൽ നിന്നു പുറത്തുവരാറുണ്ടെന്ന് വിദഗ്ധർ പറയുന്നു. കൂടുകളിൽ നിന്ന് അശാസ്ത്രീയമായി തേനെടുക്കുന്നതും തേനീച്ചയാക്രമണങ്ങൾക്കു കാരണമാകാറുണ്ട്.

കാട്ടാനയെ അകറ്റാൻ തേനീച്ച:പദ്ധതി പരിഗണനയിൽ
∙മനുഷ്യ – വന്യജീവി സംഘർഷങ്ങളാെഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കാട്ടാനയെ അകറ്റാൻ പ്രത്യേക തരം തേനീച്ചയെ വളർത്തുന്നതിന് തീരുമാനമെടുത്തിരുന്നു. തേനീച്ചക്കൂടുകൾ കരടികളെ ആകർഷിക്കുമെന്നതിനാൽ കരടികളില്ലാത്ത വനങ്ങളുടെ അതിർത്തി മേഖലയിലായിരിക്കും തേനീച്ച വളർത്തുന്നത്.

2021 മാർച്ചിൽ കർണാടകയിലെ കുടകിൽ ഇൗ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയിച്ചിരുന്നു. 2023 ജനുവരിയിൽ മധ്യപ്രദേശ് സർക്കാർ കാട്ടാനശല്യം നിയന്ത്രിക്കുന്നതിനായി ഛത്തീസ്ഗഡുമായി അതിർത്തി പങ്കിടുന്ന 7 ജില്ലകളിലുള്ള കർഷകർക്ക് തേനീച്ചപ്പെട്ടികൾ സ്ഥാപിക്കാൻ സഹായം നൽകിയിരുന്നു. തുമ്പിക്കൈയുടെ ഉൾഭാഗത്തും കണ്ണിലും തേനീച്ച കുത്തുമെന്നതിനാൽ ആനകൾക്കു പൊതുവെ തേനീച്ചയെ പേടിയാണ്. അതിനാൽ തേനീച്ചക്കൂടുകളുള്ള സ്ഥലങ്ങളിൽ കാട്ടാനയെത്തില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

തേനീച്ച വേലി നടപ്പായില്ല
∙2021ൽ കേരളമുൾപ്പെടെ 7 സംസ്ഥാനങ്ങളിൽ കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മിഷൻ പൈലറ്റ് അടിസ്ഥാനത്തിൽ ‘ആനയ്ക്കെതിരെ തേനീച്ച’ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. കുടകിൽ നടപ്പാക്കിയ പദ്ധതി വിജയമായതോടെയാണ് കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ കേരളത്തിലുൾപ്പെടെ പദ്ധതി യാഥാർഥ്യമായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com