ജിബിന്റെ യാത്ര, ലഹരിക്കെതിരെ പോരാടാൻ
Mail This Article
തൊടുപുഴ∙ റോയൽ എൻഫീൽഡിലെ എണ്ണം പറഞ്ഞ ജോലിയും രാജിവച്ച് ജിബിൻ ഷാജി എന്ന ഓട്ടമൊബീൽ എൻജിനീയറും നായ്ക്കുട്ടി ജെന്നയും കൂടി സൈക്കിളിൽ ഉലകം ചുറ്റാനിറങ്ങിയത് വെറുതേ ഒരു ദിവസം ബോധോദയം ഉണ്ടായതു കൊണ്ടല്ല. മദ്യവും ലഹരിമരുന്നും നൽകുന്ന ലഹരിയാണ് യഥാർഥ ലഹരിയെന്നുന്നു വിചാരിച്ചു നശിക്കുന്ന കുട്ടികളെ തിരുത്തണമെന്നു തോന്നിയതു കൊണ്ടാണ്.
സേവ് ചിൽഡ്രൻ എന്ന ആശയവുമായി ഫെബ്രുവരി 11ന് സ്വന്തം നാടായ കൊടുങ്ങല്ലൂരിൽനിന്ന് പുറപ്പെടുമ്പോൾ യാത്രയാക്കാൻ നാട്ടുകാരുമുണ്ടായിരുന്നു. കുട്ടികളോട് ഏളുപ്പത്തിൽ കൂട്ടുകൂടാനായി ജെന്നയെയും കൂടെ കൂട്ടി. പകൽ മുഴുവൻ കറക്കം, രാത്രിയിൽ പമ്പുകളിൽ ടെന്റടിച്ച് ഉറക്കം, ഇതാണ് യാത്രയുടെ രീതി. ഏപ്രിൽ 6ന് കൊടുങ്ങല്ലൂരിൽ തിരിച്ചെത്തുമ്പോൾ നൂറുകണക്കിന് കുട്ടികൾക്ക് മനോധൈര്യം പകർന്നിട്ടുണ്ടാകുമെന്ന് ജിബിൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.