പാട്ടിനെ ചിത്രമാക്കി നിവേദ്യ
Mail This Article
നെടുങ്കണ്ടം∙ പാട്ടിനെ തത്സമയം ചിത്രമാക്കി കൊച്ചുമിടുക്കി. പഞ്ചായത്ത് യുപി സ്കൂളിലെ യുകെജി വിദ്യാർഥിനിയായ നിവേദ്യയാണ് സ്കൂളിലെ കിഡ്സ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കേൾക്കുന്ന ഗാനത്തെ ചിത്രമാക്കി മാറ്റി കാണികളെ അദ്ഭുതപ്പെടുത്തിയത്. സ്കൂളിലെ ആർട്ട് ഇന്റഗ്രേറ്റഡ് ലേണിങ്ങിന്റെ ഭാഗമായി നിർമിച്ച വരയിടത്തിന്റെ സാധ്യതകളെ ചിത്രകലാ അധ്യാപകനായ ഷാജി ചിത്രയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും തുടർന്ന് പ്രീപ്രൈമറി വിദ്യാർഥികൾക്കായി വരയുത്സവം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
അധ്യാപകനായ ഷാജി ചിത്ര വരച്ച ചിത്രങ്ങൾ കണ്ടതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് നിവേദ്യ ചിത്രമൊരുക്കിയത്. കേരളഗാനത്തെ അടിസ്ഥാനപ്പെടുത്തി വരികളുടെ അർഥം ഗ്രഹിച്ചാണ് നിവേദ്യ ചിത്രം വരച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് വാർഡ് അംഗം ബിന്ദു സഹദേവൻ, പ്രീപ്രൈമറി അധ്യാപികയായ മഞ്ജു, എസ്എംസി ചെയർമാൻ ധനേഷ് കുമാർ എന്നിവർ പങ്കെടുത്ത വേദിയിലാണ് നിവേദ്യ പാട്ട് തീരുന്നതിന് മുൻപ് ചിത്രം വരച്ചു പൂർത്തിയാക്കിയത്.
അനീഷ് കുമാർ- രമ്യ അനീഷ് ദമ്പതികളുടെ മകളാണ് നിവേദ്യ. സ്കൂളിലെ ആർട്ട് ഇന്റഗ്രേറ്റഡ് കോർണറിന്റെ ഭാഗമായി ശിൽപ നിർമാണം, ചിത്രകലാ പരിശീലനം എന്നിവയും ആരംഭിച്ചിട്ടുണ്ട്. പ്രശസ്ത കലാകാരനായ ഷാജി ചിത്രയാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ സിബി പോൾ, സ്കൂൾ പിടിഎയും ചേർന്ന് നിവേദ്യയെ അനുമോദിച്ചു.