ഇടമലക്കുടിയുടെ അഭിമാനമായി സുപ്രിയ

Mail This Article
മൂന്നാർ∙ സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽനിന്ന് ആദ്യ ബിരുദധാരിയെന്ന അഭിമാനനേട്ടവുമായി സുപ്രിയ. പഞ്ചായത്തിലെ ആണ്ടവൻ കുടി സെറ്റിൽമെന്റിലെ ദാനുവേൽ - പത്മാവതി ദമ്പതികളുടെ 5 മക്കളിൽ മൂന്നാമത്തെ കുട്ടിയായ സുപ്രിയയാണ് ഗോത്രവർഗ പഞ്ചായത്തിൽനിന്ന് ആദ്യമായി ബിരുദ പഠനം പൂർത്തീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളത്തുള്ള കെഎൻഎം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽനിന്നുമാണ് സുപ്രിയ ബിഎ (സോഷ്യോളജി) ബിരുദം കരസ്ഥമാക്കിയത്. പിജി പഠനം തുടരാനാണ് സുപ്രിയയുടെ തീരുമാനം.
നാലാം ക്ലാസ് വരെ സൊസൈറ്റിക്കുടിയിൽ പഠിച്ച ശേഷം പ്ലസ്ടു വരെ മറയൂരിലായിരുന്നു തുടർപഠനം. ഇതിനു ശേഷമാണ് തിരുവനന്തപുരത്ത് ബിരുദത്തിനു ചേർന്നത്. കർഷകരായ ദമ്പതികളുടെ 5 മക്കളിൽ രണ്ടു പേർ കൃഷിപ്പണി ചെയ്യുകയാണ്. നാലാമനായ ചന്ദ്രവർണൻ ടിടിസി പഠനത്തിനു ശേഷം ഇടമലക്കുടിയിലെ ട്രൈബൽ സ്കൂളിൽ താൽക്കാലിക അധ്യാപകനാണ്. ഇളയ മകൻ പ്ലസ് ടു പഠിക്കുന്നു. സ്വന്തമായുള്ള കൃഷിയിടത്തിൽനിന്നുള്ള വരുമാനവും കൂലിപ്പണി ചെയ്തുകിട്ടുന്ന വരുമാനം കൊണ്ടാണ് ഇവർ മക്കളെ പഠിപ്പിച്ചത്.