ADVERTISEMENT

എൽഡിഎഫ്: ജോയ്സ് ജോർജ്
നെടുങ്കണ്ടം ∙ തോട്ടം മേഖലയുടെ സ്നേഹവായ്പ് ഏറ്റുവാങ്ങി ജോയ്സ് ജോർജ് ഉടുമ്പൻചോലയുടെ മനം കവർന്നു. കാന്തിപ്പാറ, ഉടുമ്പൻചോല, ശാന്തൻപാറ, സേനാപതിയിലെ കുത്തുങ്കൽ, മുക്കുടിൽ, ചെമ്മണ്ണാർ, മുരിക്കുംതൊട്ടി, കുരുവിള സിറ്റി, രാജകുമാരി നോർത്ത്, ഖജനാപ്പാറ, എൻആർ സിറ്റി, രാജാക്കാട് എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ട് തേടി. വന്യജീവി ശല്യമുൾപ്പെടെ നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വോട്ടർമാർ സ്ഥാനാർഥിയുമായി പങ്കുവച്ചു.വന്യജീവി ആക്രമണം നേരിടാൻ കർമപദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അതിനാൽ കേന്ദ്ര വന്യജീവി നിയമം മാറ്റിക്കിട്ടുന്നതിന് പാർലമെന്റിൽ നാടിനുവേണ്ടി സംസാരിക്കാൻ അവസരമുണ്ടാക്കി തരണമെന്നും ജോയ്സ് ജോർജ് അഭ്യർഥിച്ചു. രാജാക്കാട് നിംസ് കോളജ്, രാജകുമാരി എൻഎസ്എസ് കോളജ്, കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ജോയ്സ് ജോർജ് മേഖലയിലെ മതമേലധ്യക്ഷന്മാരെയും കണ്ടു.

എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് ഉടുമ്പൻചോല മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ.
എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് ഉടുമ്പൻചോല മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ.

ജോയ്സ് ജോർജിനായി വനിതാ മുന്നേറ്റം
ചെറുതോണി ∙ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ വിജയത്തിനായി വനിതാ മുന്നേറ്റം. ഇടുക്കി തങ്കമണിയിലെ ബസ് സ്റ്റാൻഡ് മൈതാനിയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്ന വനിതാ പാർലമെന്റിൽ വൻ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. തൊഴിലുറപ്പ് രംഗത്തെ വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും മുടങ്ങിക്കിടന്ന തൊഴിലുറപ്പ് വേതനം ലഭ്യമാക്കുന്നതിനു പാർലമെന്റിൽ ശബ്ദമുയർത്തുകയും ചെയ്ത ജോയ്സ് ജോർജ് വീണ്ടും ജയിച്ചു വരേണ്ടത് നാടിന്റെ ആവശ്യമാണെന്നു വനിതാ പാർലമെന്റ് പ്രഖ്യാപിച്ചു. യോഗം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. പീരുമേട് മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ, മെർലിൻ ആന്റണി, ലിസി ജോസ്, ആലീസ് വർഗീസ്, സെലിൻ കുഴിഞ്ഞാലി, ഗീത തുളസീധരൻ എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ്: ഡീൻ കുര്യാക്കോസ്
തൊടുപുഴ ∙ ഇന്നലെ ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ സജീവമായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്. രാവിലെ കുടയത്തൂർ പഞ്ചായത്തിലെ ചക്കിക്കാവ് ഭാഗത്ത് ആരാധനാലയങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച ശേഷം കൂവപ്പിള്ളി, അടൂർമല, കോളപ്ര, കുടയത്തൂർ ഭാഗങ്ങളിൽ പ്രചാരണം നടത്തി. കാഞ്ഞാറിൽ വിവിധ ആരാധനാലയങ്ങളും  കുടയത്തൂർ, കാഞ്ഞാർ എന്നിവിടങ്ങളിൽ പ്രമുഖ വ്യക്തികളെയും ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. തുടർന്ന് അറക്കുളം പഞ്ചായത്തിൽ സെന്റ് ജോസഫ്സ് കോളജ് മഠം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗൺ, ജ്യോതി ഭവൻ, ബിഷപ് വയലിൽ മെഡിക്കൽ സെന്റർ, മൂലമറ്റം എന്നിവിടങ്ങളിലായിരുന്നു ഡീൻ കുര്യാക്കോസിന്റെ പര്യടനം. വൈകിട്ട് വെള്ളത്തൂവൽ പഞ്ചായത്തിൽ ഡീൻ കുര്യാക്കോസ് നയിച്ച റോഡ് ഷോയും സംഘടിപ്പിച്ചു.

‘എംപി ഫണ്ട് പാഴാക്കിയെന്നത് വാസ്തവവിരുദ്ധം’
ചെറുതോണി ∙ എംപി ഫണ്ട് വിനിയോഗിക്കാതെ പാഴാക്കിയെന്ന് ചില ഇടതുപക്ഷ നേതാക്കൾ നടത്തുന്ന ആരോപണം വാസ്തവവിരുദ്ധവും ദുഷ്ടലാക്കോടെയുള്ളതുമാണെന്നു ഡീൻ കുര്യാക്കോസ് എംപി. മുൻ എംപി ജോയിസ് ജോർജിന്റെ കാലയളവിൽ ചെലവഴിക്കാതെ കിടന്ന 1,91,70,000 രൂപ ഉൾപ്പെടെ ആകെ ലഭ്യമായത് 19,23,08,000 രൂപയായിരുന്നു. നിർവഹണ ചെലവിനായി കേന്ദ്ര സർക്കാർ നീക്കി വച്ചിരിക്കുന്നത് 14 ലക്ഷം രൂപയാണ്. ഇതോടൊപ്പം 17–ാം ലോക്സഭാ കാലയളവിൽ ഭരണാനുമതി നൽകിയ പ്രവൃത്തികളുടെ ബിൽ മാറി നൽകിയപ്പോൾ ബാക്കിവന്ന തുകയായി കണക്കാക്കിയിട്ടുള്ള 95.49 ലക്ഷം ഉൾപ്പെടെ 20,04,57,000 രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിച്ച മുഴുവൻ പ്രവൃത്തികളും നടന്നു കൊണ്ടിരിക്കുകയാണ്. അവയുടെ പൂർത്തീകരണ സമയത്ത് നടപടിക്രമങ്ങൾ പാലിച്ച് നിർവഹണ ഉദ്യോഗസ്ഥർ ബിൽ മാറി തുക നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. 

എൻഡിഎ: സംഗീത വിശ്വനാഥൻ
തൊടുപുഴ ∙ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ തൊടുപുഴ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. രാവിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കാർഗിൽ രക്തസാക്ഷി ലാൻസ് നായിക് സന്തോഷ്‌ കുമാറിന്റെ വീട് സന്ദർശിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സന്തോഷ്‌ കുമാറിന്റെ പിതാവ് പത്മനാഭപിള്ളയിൽ നിന്നു സംഗീത വിശ്വനാഥ് അനുഗ്രഹം വാങ്ങി. ആർഎസ്എസ് ഇടുക്കി വിഭാഗ് സംഘചാലക് കെ.എൻ.രാജുവിന്റെ കുടയത്തൂരിലെ വീട്ടിൽ സന്ദർശനം നടത്തി. തൊടുപുഴ ദിവ്യരക്ഷാലയത്തിലെ അന്തേവാസികളെയും കലയന്താനി സെന്റ് മേരീസ് പള്ളിയും തൊടുപുഴ മേഖലയിലെ വിവിധ സാമൂഹിക സാമുദായിക നേതാക്കളെയും സന്ദർശിച്ചു തുടർന്ന് എൻഡിഎ വണ്ണപ്പുറം പഞ്ചായത്ത്‌ നേതൃയോഗത്തിലും പങ്കെടുത്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com