വണ്ടിപ്പെരിയാറിലെ വാഹനത്തിന് ഉടുമ്പൻചോലയിൽ പിഴയിട്ട് ഉദ്യോഗസ്ഥൻ; മന്ത്രിക്ക് പരാതിയുമായി ഉടമ

Mail This Article
വണ്ടിപ്പെരിയാർ ∙ വണ്ടിപ്പെരിയാറ്റിലെ വർക് ഷോപ്പിൽ കിടന്ന ബസിനു ഉടുമ്പൻചോലയിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വക പിഴ. ഉദ്യോഗസ്ഥന് എതിരെ ഗതാഗതമന്ത്രിക്ക് പരാതിയുമായി ബസ് ഉടമ. കഴിഞ്ഞ ഫെബ്രുവരി 5ന് വണ്ടിപ്പെരിയാറ്റിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണി നടത്തി കൊണ്ടിരുന്ന മുബാറക്ക് ബസിനു സിഎഫ് ഇല്ല, നികുതി അടച്ചിട്ടില്ല എന്നിങ്ങനെ കാണിച്ചു ചെല്ലാൻ സൈറ്റിൽ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. പാർക്ക് ചെയ്തിരുന്ന വാഹനത്തിനു ചെക്ക് റിപ്പോർട്ട് ആക്കിയ വിവരം കഴിഞ്ഞ ദിവസം മറ്റൊരു ആവശ്യത്തിനായി ഫീസ് അടയ്ക്കുവാൻ ബസ് ഉടമ വണ്ടിപ്പെരിയാർ ആർടിഒ ഓഫിസിൽ എത്തിയപ്പോഴാണ് അറിയുന്നത്.
ഈ പിഴ തുക അടച്ചാൽ മാത്രമേ മറ്റു സേവനം ലഭ്യമാകൂ. ഇതേ തുടർന്ന് ഉടമ 6000 രൂപ അടച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടുമ്പൻചോല ആർടി ഓഫിസിലെ എംവിഐ പി.എസ്.മുജീബ് ആണ് തന്റെ അധികാര പരിധിയിലല്ലാത്ത സ്ഥലത്ത് വച്ചു വർക് ഷോപ്പിൽ കിടന്ന വാഹനത്തിനു പിഴ ചുമത്തിയതെന്നു കണ്ടെത്തിയതായി ബസ് ഉടമ എ.എം.അഷറഫ് പറഞ്ഞു. ഇതിനു പിന്നാലെ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി. ഇതിനിടെ ആരോപണവിധേയനായ ഉദ്യോഗസ്ഥൻ വണ്ടിപ്പെരിയാർ ആർടിഒ ഓഫിസിന്റെ പരിധിയിൽ വരുന്നയാളല്ലെന്ന് ജോയിന്റ് ആർടിഒ എൽ.ഷാജി പറഞ്ഞു.