ADVERTISEMENT

വണ്ടൻമേട്. മലയാറ്റൂർ തീർഥാടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന വാൻ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബാലികയ്ക്ക് ദാരുണാന്ത്യം. മാതാപിതാക്കൾ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു. കമ്പംമെട്ട് അച്ചക്കട കാട്ടേഴത്ത് എബി ജോസഫിന്റെ മകൾ ആമി എൽസ(5) ആണ് മരിച്ചത്. എബി(33), ഭാര്യ അമലു(31), പിതാവ് ജോസഫ് വർക്കി(63), മാതാവ് മോളി(58), മകൻ എയ്ഡൻ(2) എന്നിവർക്കാണ് പരുക്കേറ്റത്. 

രാവിലെ 7.30ഓടെ ചേറ്റുകുഴിക്കു സമീപമായിരുന്നു അപകടം. അമലുവിന്റെ രക്ഷിതാക്കൾ ഉൾപ്പെടെയാണ് മലയാറ്റൂർ തീർഥാടനത്തിന് പോയിരുന്നത്. അവരെ തോപ്രാംകുടിയിലെ വീട്ടിലെത്തിച്ചശേഷം അച്ചക്കടയിലെ വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. എബിയാണ് വാഹനം ഓടിച്ചിരുന്നത്. കമ്പത്തു നിന്ന് കട്ടപ്പനയിലേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസിലേക്കാണ് വാൻ ഇടിച്ചുകയറിയത്. തുടർന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് വാൻ പുറത്തെടുത്തത്. പരുക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആംബുലൻസുകാരുടെ കൂട്ടായ്മയിൽ അതിവേഗം പ്രവർത്തനം

ambulance1
അപകടത്തിൽപെട്ട കുടുംബാംഗങ്ങളെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ്

പാലാ . ഇടുക്കി ചേറ്റു കുഴിയിൽ  അപകടത്തിൽ പെട്ട  കുടുംബാംഗങ്ങളെ  ആംബുലൻസുകാരുടെ കൂട്ടായ്മയിൽ അതിവേഗം പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു . മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ച വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ കമ്പംമെട്ട് അച്ചക്കട സ്വദേശികളായ  ജോസഫ് വർക്കി (62) ഭാര്യ മോളി ജോസഫ് ( 60) മകൻ എബി ജോസഫ് (33) ഭാര്യ അമൽ എബി (28) മകൻ ഏയ്ദൻ  എബി ( രണ്ട്)  എന്നിവരെയാണ് വിദഗ്ദ ചികിത്സക്കായി ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര പരുക്കേറ്റവർക്ക് വിദഗ്ദ ചികിത്സ വേണ്ടി വന്നതിനാൽ കട്ടപ്പനയിലെ ആശുപത്രിയിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു ഇവരെ കൊണ്ടുവരാൻ നാല് ആംബുലൻസുകളാണ് ക്രമീകരിച്ചത് . ഹൈറേഞ്ച് കിംഗ്സ് എന്ന ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടുന്ന കൂട്ടായ്മ വിവരങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അറിയിച്ചതോടെ ആംബുലൻസുകൾക്ക് സുഗമമായി കടന്നു പോരാൻ വഴി നീളെ ക്രമീകരണം ഒരുക്കി. പൊലിസും ജനപ്രതിനിധികളും ഉൾപ്പെടെ ട്രാഫിക് തടസം ഉണ്ടാകാതെ നോക്കി. ഒന്നര മണിക്കൂറിനുള്ളിൽ പരുക്കേറ്റവരെ എല്ലാം മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിക്കാൻ സാധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com