ADVERTISEMENT

രാജകുമാരി∙ പൂപ്പാറയിൽ ജൽ ജീവൻ മിഷന്റെ എച്ച്ഡിപിഇ പൈപ്പ് കത്തിനശിച്ച സംഭവത്തിൽ റവന്യു, അഗ്നിരക്ഷാസേന വകുപ്പുകൾ ജലവിഭവ വകുപ്പിന് റിപ്പോർട്ട് നൽകി. സമീപത്തുണ്ടായ കാട്ടുതീ പൈപ്പ് സൂക്ഷിച്ചിരുന്ന മൈതാനത്തിലേക്ക് പടർന്നതാണ് അപകടത്തിന് കാരണമെന്നാണ് റവന്യു വകുപ്പിന്റെയും ഫയർ ഫോഴ്സിന്റെയും റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. 

കഴിഞ്ഞ ഒന്നിന് വൈകുന്നേരം അഞ്ചരയോടെയാണ് എസ്റ്റേറ്റ് പൂപ്പാറയിൽ വില്ലേജ് ഓഫിസിന് സമീപം മൈതാനത്ത് സൂക്ഷിച്ചിരുന്ന 70 കിലോമീറ്റർ നീളമുള്ള പൈപ്പ് കത്തിനശിച്ചത്. നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകളും നാട്ടുകാരും ചേർന്ന് 2 മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. 2.60 കോടി രൂപയുടെ പൈപ്പുകൾ കത്തിനശിച്ചതായാണ് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നത്. 

മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ തീപിടിക്കാത്തതും ഭാഗികമായി കത്തിയതുമായ പൈപ്പുകൾ ഇവിടെനിന്ന് മാറ്റിയെങ്കിലും ഇതിൽ 5 കിലോമീറ്റർ പൈപ്പ് മാത്രമാണ് പുനരുപയോഗിക്കാൻ കഴിയുകയെന്ന് ജലവിഭവ വകുപ്പ് കട്ടപ്പന പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ എം.സുധീർ പറഞ്ഞു.

ഹൈ ഡെൻസിറ്റി പോളിത്തിലീൻ പൈപ്പുകൾ (എച്ച്ഡിപിഇ) ആയതിനാൽ ചൂടേറ്റാൽ അതിന്റെ ഘടനയിൽ മാറ്റം വരും. അതുകാെണ്ട് തന്നെ ശുദ്ധജല വിതരണത്തിന് ഇൗ പൈപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. റവന്യു, ഫയർ ഫോഴ്സ് വിഭാഗങ്ങൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർ ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടർക്ക് വിശദ റിപ്പോർട്ട് നൽകി.

കലക്ടർക്കും ഇൗ റിപ്പോർട്ട് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പാെലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണം പൂർത്തിയായാൽ മാത്രമേ സംഭവത്തിൽ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്നാണ് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നത്. 

എറണാകുളം സ്വദേശിയാണ് ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി ശാന്തൻപാറ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ പൈപ്പുകൾ സ്ഥാപിക്കാൻ കരാറെടുത്തിരിക്കുന്നത്. കത്തി നശിച്ച പൈപ്പുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നില്ല. പാെലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ പൈപ്പ് കത്തിയതിന്റെ നഷ്ടം ആരാണ് വഹിക്കേണ്ടതെന്ന കാര്യത്തിൽ ജലവിഭവ വകുപ്പ് തീരുമാനമെടുക്കുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com