ദിവസേന ശുദ്ധജലം വാങ്ങാൻ 500 രൂപ! കോവിൽക്കടവിൽ റോഡ് ഉപരോധിച്ച് പ്രതിഷേധ സമരം

Mail This Article
മറയൂർ∙ 10 വർഷത്തിലെറെയായി ശുദ്ധജലക്ഷാമം നേരിടുന്ന കോവിൽക്കടവിൽ പ്രതിഷേധ സമരവുമായി സ്ത്രീകൾ രംഗത്ത്. ദിവസേന 500 രൂപയോളം നൽകി വെള്ളം വാങ്ങി ഉപയോഗിക്കേണ്ടി വരികയാണെന്നാണ് സ്ഥലവാസികളുടെ പരാതി. കാന്തല്ലൂർ പഞ്ചായത്തിലെ പ്രധാന ടൗണായ കോവിൽക്കടവിൽ ഹോട്ടലുകൾ ഉൾപ്പെടെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമുണ്ട്.
വർഷങ്ങൾക്കു മുൻപ് കാപ്പി സ്റ്റോർ ഭാഗത്തുനിന്ന് മറയൂർ പഞ്ചായത്തിലെ ചിന്നവര ഭാഗത്തുകൂടി പൈപ്പ് സ്ഥാപിച്ച് ശുദ്ധജലം എത്തിച്ചിരുന്നെങ്കിലും കനത്ത മഴവെള്ളപ്പാച്ചിലിൽ പൈപ്പുകൾ എല്ലാം ഒലിച്ചുപോയിരുന്നു. എന്നാൽ ഇതു പുനഃസ്ഥാപിക്കാൻ തയാറാകാത്തതാണ് വർഷങ്ങളായുള്ള ശുദ്ധജലക്ഷാമത്തിനു കാരണമായി പറയുന്നത്. ഇക്കാലയളവിൽ ഒട്ടേറെ പ്രതിഷേധങ്ങളും പരാതികളും ഉയർന്നെങ്കിലും പരിഹാരമുണ്ടായില്ല. പ്രദേശവാസികൾക്ക് പാമ്പാർ പുഴയും പത്തടിപ്പാലം ഭാഗത്തുള്ള ഒരു കിണറുമാണ് ആശ്രയം.
വേനൽ കടുത്തതോടെ പ്രദേശത്ത് പുഴയും കിണറുകളും വറ്റി. ഭൂരിപക്ഷവും കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്നവരായതിനാൽ ദിവസം 500 രൂപ മുടക്കേണ്ടി വരുന്നത് വലിയ ബാധ്യതയാണ്. ഇതോടെയാണ് മറയൂർ കാന്തല്ലൂർ റോഡിൽ കോവിൽകടവ് പത്തടിപ്പാലം ഭാഗത്ത് സ്ത്രീകൾ റോഡ് ഉപരോധം തുടങ്ങിയത്.
ഉപരോധം 2 മണിക്കൂറോളം നീണ്ടപ്പോൾ പൊലീസ് എത്തി സമരക്കാരെ അനുനയിപ്പിച്ച് പറഞ്ഞയച്ചു. എത്രയും വേഗം പരിഹാരമായില്ലെങ്കിൽ പ്രക്ഷോഭം കടുപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു. കാന്തല്ലൂർ പഞ്ചായത്തിൽ നിലവിൽ ജലജീവൻ പദ്ധതി നടപ്പാക്കി വരുകയാണെന്നും ഇതു പൂർത്തിയാകുന്നതോടെ പ്രദേശത്ത് ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.