തകർന്ന പാലം പുനഃസ്ഥാപിക്കണം; ആവശ്യവുമായി നാട്ടുകാർ

Mail This Article
മൂലമറ്റം ∙ രണ്ടര വർഷം മുൻപ് മലവെള്ളപ്പാച്ചിലിൽ തകർന്ന മൂലമറ്റം ഗണപതി ക്ഷേത്രത്തിനു സമീപമുള്ള പാലം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2018ലെ മലവെള്ളപ്പാച്ചിലിൽ നച്ചാർ പുഴയുടെ ഇരുകരകളിലും ഇടിഞ്ഞു പോയ പ്രധാന ഭാഗങ്ങളിലെല്ലാം സംരക്ഷണ ഭിത്തി നിർമിക്കുന്നതിനും ഏതാനും വീടുകളുള്ള പ്രദേശത്തേക്ക് പുതിയ പാലം നിർമിക്കാനും നടപടിയായി.
എന്നാൽ ഗണപതി ക്ഷേത്രത്തിനു സമീപത്തെ പാലം നിർമിക്കാൻ ഇനിയും നടപടിയായില്ല. മൂലമറ്റം ടൗണിൽ നിന്നും കെഎസ്ഇബി കോളനിയിലേക്കും വാഗമൺ റൂട്ടിലേക്കുമുള്ള കുറുക്കുവഴിയാണിത്. ഇലപ്പള്ളി, മണപ്പാടി, കണ്ണിക്കൽ, പുത്തേട്, മൂന്നുങ്കവയൽ പ്രദേശങ്ങളിലേക്കുള്ള ഒട്ടേറെയാളുകൾ കാൽനടയായും ഇരുചക്രവാഹനങ്ങളിലും കടന്നുപോകുന്നത് ഇതുവഴിയാണ്.
പതിറ്റാണ്ടുകൾക്കു മുൻപ് പഞ്ചായത്താണ് നച്ചാർ തോടിനു കുറുകെ പാലം നിർമിച്ചിരുന്നത്. ഇതിനിടെ കെഎസ്ഇബി കോളനിയിലേക്ക് പുതിയ പാലം എത്തിയതോടെ കൂടുതൽ വാഹനങ്ങൾ ഇതു വഴിയാക്കി യാത്ര. എന്നാൽ കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിലും എത്തുന്നവർ ഇതുവഴിയാണ് കടന്നുപോയിരുന്നത്.
ഇവിടെ പാലം തകർന്നതോടെ കാൽനടയാത്രക്കാർക്ക് ഒരു കിലോമീറ്ററോളം കൂടുതൽ കറങ്ങി വേണം മറുകരയിലെത്താൻ. കൂടാതെ ഒട്ടേറെ ഭക്തർ ഗണപതി ക്ഷേത്രത്തിലെത്തുന്നത് ഈ പാലം കടന്നായിരുന്നു. പാലം തകർന്നതോടെ ഇവരും ദുരിതത്തിലായി. ആയതിനാൽ ഗണപതി ക്ഷേത്രത്തിനു സമീപം പുതിയപാലം നിർമിക്കാൻ ആവശ്യമായ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.