സബ് ജയിലിനും കോടതിക്കും സമീപം തീപടർന്നു; തീയണച്ചത് രണ്ടര മണിക്കൂർ പരിശ്രമത്തിനുശേഷം
Mail This Article
മൂന്നാർ∙ കോടതികൾ, സബ് ജയിൽ, മജിസ്ട്രേറ്റിന്റെ വസതി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് സമീപം രാത്രി കാട്ടുതീ പടർന്നത് ഭീതിപരത്തി. അടിമാലി, മൂന്നാർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ രണ്ടര മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീയണച്ചത്. ശനി രാത്രി 8.30നാണ് ദേവികുളം കോടതിക്കും സബ് ജയിലിനും സമീപമുളള കച്ചേരിലാൻഡിലെ യൂക്കാലി തോട്ടത്തിന് തീപിടിച്ചത്. വിറകിനത്തിൽപെട്ട യൂക്കാലി മരങ്ങൾക്ക് തീപിടിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് വിവരമറിഞ്ഞ് മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണ് 11 മണിയോടെ തീ അണച്ചത്. രണ്ടര ഏക്കർ തോട്ടമാണ് കത്തിനശിച്ചത്. അടിക്കാടുകൾ ഉണങ്ങിനിന്ന തോട്ടത്തിന് അജ്ഞാതർ തീയിട്ടതാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. യൂക്കാലി തോട്ടത്തിനോടു ചേർന്നുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളിലാണ് സബ് കോടതി, പോക്സോ കോടതി, മജിസ്ട്രേറ്റ് കോടതി എന്നിവ പ്രവർത്തിക്കുന്നതും മജിസ്ട്രേറ്റ് താമസിക്കുന്നതും.