ഗതാഗതം: മാങ്കുളം– മൂന്നാർ റോഡിൽ ലക്ഷ്മി എസ്റ്റേറ്റിനു സമീപം അപകടാവസ്ഥയിൽ കലുങ്ക് ; യാത്രക്കാർ ആശങ്കയിൽ

Mail This Article
അടിമാലി ∙ മാങ്കുളം– മൂന്നാർ റോഡിൽ ലക്ഷ്മി എസ്റ്റേറ്റിനു സമീപം അപകടാവസ്ഥയിലായ കലുങ്ക് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തം. കൊടുംവളവോടു കൂടിയ ഭാഗത്താണു ഫില്ലിങ് സൈഡിൽ കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലായത്. ഇതോടൊപ്പം റോഡും തകർച്ചയിലായതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ദുഷ്്കരമായി. മാങ്കുളത്തു നിന്നു 25 കിലോമീറ്റർ ദൂരമാണു ലക്ഷ്മി വഴി മൂന്നാറിനുള്ളത്.
വിരിപാറ മുതൽ ലക്ഷ്മി വരെയുള്ള 12 കീ.മീ. ദൂരമാണു തകർന്നു കിടക്കുന്നത്. മാങ്കുളത്തു നിന്നു മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികൾ കൂടുതലായി ആശ്രയിക്കുന്ന റോഡാണിത്. മധ്യവേനൽ അവധി ആരംഭിച്ചതോടെ ഇതുവഴി എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോതമംഗലം, കുട്ടമ്പുഴ, മാമലക്കണ്ടം, പഴമ്പിള്ളിച്ചാൽ, കൊരങ്ങാട്ടി, മാങ്കുളം വഴി മൂന്നാറിലേക്കുള്ള കെഎസ്ആർടിസി ജംഗിൾ സർവീസ് ഇതുവഴിയാണു കടന്നു പോകുന്നത്.റോഡ് തകർന്നതു ജംഗിൾ സർവീസിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇതോടൊപ്പം മൂന്നാറിൽനിന്നു മാങ്കുളം, ആനക്കുളം മേഖലയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ യാത്രയും ദുരിതമായി.