പരിതാപകരമായ സ്ഥിതിയിൽ കെഎസ്ആർടിസി; സർവീസ് മുടക്കം പതിവ്

Mail This Article
തൊടുപുഴ ∙ ജില്ലയിൽ കെഎസ്ആർടിസിക്ക് ആവശ്യത്തിനു ബസുകളില്ലാത്തതു പല ഡിപ്പോകളിലും സർവീസുകൾ മുടങ്ങാൻ കാരണമാകുന്നു. സ്പെയർ ബസുകൾ അടക്കമുള്ളവ തകരാറിലായതോടെയാണു പ്രതിസന്ധി രൂക്ഷമായത്. ജില്ലയിലെ 202 സർവീസുകൾ നടത്താൻ ആകെയുള്ളതു 221 ബസുകളാണ്. ഇതിൽ 50 ലേറെ ബസുകൾ കാലഹരണപ്പെട്ടതാണ്. 15 വർഷം പിന്നിട്ട ഈ ബസുകൾ മിക്കതും കട്ടപ്പുറത്താണ്. ജില്ല വർക്‌ഷോപ് സംവിധാനം നിർത്തിയതോടെ മറ്റു ജില്ലകളിലെ വർക്‌ഷോപ്പുകളിൽ അറ്റകുറ്റപ്പണികൾക്കായി പോകുന്ന ബസുകൾ തിരിച്ചെത്താൻ ഏറെ വൈകുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് അവശ്യ സർവീസിനായി കൊണ്ടുപോകുന്ന ബസുകൾ തിരിച്ചെത്താത്ത സ്ഥിതിയുമുണ്ടെന്നു പറയുന്നു.
കൂടാതെ ജില്ലയിൽ പ്രധാന ഡിപ്പോകളിലായി 12 മെക്കാനിക്കൽ ജീവനക്കാരുടെ ഒഴിവുണ്ട്. അത്യാവശ്യം വേണ്ട സ്‌പെയർപാർട്സുകളും ലഭ്യമല്ലെന്നാണ് ജീവനക്കാർ പറയുന്നത്. വാഹനങ്ങൾ മിക്കതും കട്ടപ്പുറത്തായതോടെ മിക്ക ഡിപ്പോകളിലും സർവീസ് മുടങ്ങുന്നതു പതിവായിരിക്കുകയാണ്. മൂലമറ്റം ഡിപ്പോയിൽ 18 സർവീസുകൾക്കായി 18 ബസുകളാണുള്ളത്. ബസ് കുറവായതിനാൽ പ്രതിദിനം 2-3 സർവീസുകളാണ് ഇവിടെ മുടങ്ങുന്നത്. സമാനമായ അവസ്ഥയാണ് നെടുങ്കണ്ടം ഡിപ്പോയിലും. ഇവിടെ 23 ബസുകളും 23 സർവീസുകളുമാണുള്ളത്. തൊടുപുഴയിൽ 49 സർവീസ് നടത്താൻ 55 ബസുകളുണ്ട്. കുമളിയിൽ 44 സർവീസ് നടത്തുന്നതിന് 47 ബസുകളാണുള്ളത് അൽപം ആശ്വാസമുള്ളത് മൂന്നാറിലാണ്. 30 സർവീസിനു 38 ബസ്. കട്ടപ്പനയിൽ 38 സർവീസുകൾക്കായി 40 ബസുകളുണ്ട്.