എന്തൊക്കെ സംഭവിച്ചാലും പഠിക്കില്ല അല്ലേ...
Mail This Article
വണ്ണപ്പുറം∙ പ്രധാന റോഡരികിൽ ലോറികൾ നിർത്തിയിട്ട് തടി ഉൾപ്പെടെയുള്ളവ ലോഡ് കയറ്റുന്നത് അപകടത്തിനു കാരണമാകുന്നു. വീതി കുറഞ്ഞ റോഡിന്റെ അരികിൽ ലോറി നിർത്തി ഇട്ട് ലോഡ് കയറ്റുമ്പോൾ എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് കാണാൻ കഴിയുകയില്ല. വണ്ണപ്പുറത്ത് പല പ്രദേശങ്ങളിലും ഇത്തരത്തിൽ ലോഡ് കയറ്റുന്നത് പതിവാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വണ്ണപ്പുറം ചീങ്കൽ സിറ്റിയിൽ സ്കൂട്ടറിന്റെ പിന്നിൽ കാർ ഇടിച്ച് ബ്ലാത്തിക്കവല സ്വദേശി വിലങ്ങുപാറയിൽ ജോസ് അഗസ്റ്റിന് പരുക്ക് പറ്റിയിരുന്നു.
മുണ്ടൻമുടി ഭാഗത്തുനിന്ന് വന്ന ജോസ് ലോറി തടി കയറ്റുന്നിടത്തെ തടസ്സം മാറാൻ സ്കൂട്ടർ ലോറിയുടെ പിന്നിൽ നിർത്തിയിരിക്കുക ആയിരുന്നു. ഇതേ ദിശയിൽ പിന്നാലെ വന്ന കാർ ഇടിച്ചതിനെ തുടർന്ന് സ്കൂട്ടർ ലോറിക്കടിയിലേക്കും കാർ ലോറിയിലേക്കും ഇടിച്ച് കയറുകയായിരുന്നു. ഇത്തരം അപകടം ഒഴിവാക്കാൻ പ്രധാന റോഡുകളുടെ ഓരങ്ങളിൽ പാർക്ക് ചെയ്ത് ലോഡ് കയറ്റുന്ന നടപടി നിയന്ത്രിക്കാനും ആവശ്യമായ മുൻ കരുതലും അടയാളവും വയ്ക്കുന്നതിനും അധികൃതർ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പല ചെറിയ റോഡുകളിൽ പോലും ഇത്തരത്തിൽ വലിയ ലോറികൾ നിർത്തിയിട്ട് ലോഡ് കയറ്റുന്നത് ഗതാഗത തടസ്സത്തിനും ഇടയാക്കുന്നുണ്ട്. മാത്രമല്ല അമിതമായ ഉയരത്തിൽ ലോഡ് കയറ്റിപ്പോകുന്നത് വൈദ്യുത ലൈനുകൾക്കും കേബിളുകൾക്കും തകരാർ സംഭവിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരത്തിൽ യാതൊരു മുൻകരുതൽ ഇല്ലാതെ റോഡിൽ തടസ്സം സൃഷ്ടിച്ച് ലോഡ് കയറ്റുന്നതിനു നിയന്ത്രണം ഏർപ്പെടുത്തണമെന്നും സുരക്ഷാ നടപടികൾ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.