ADVERTISEMENT

തൊടുപുഴ∙ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലെ ഇരുമ്പ് ഗ്രില്ലിനിടയിൽ യുവതിയുടെ കാൽ അകപ്പെട്ടു. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് യുവതിയെ രക്ഷിച്ചത്. തൊടുപുഴയിൽ പഠന ആവശ്യത്തിനായി എത്തിയ കോട്ടയം തിരുവഞ്ചൂർ  സ്വദേശിനി (35)യുടെ കാലാണ് ഗ്രില്ലിനിടയിൽ പോയത്. കാലിനു  പരുക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഇന്നലെ വൈകിട്ട് അഞ്ചോടെ ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടെ ഗ്രില്ലിന്റെ വീതി കുറഞ്ഞ വിടവിലൂടെ വലതു കാൽ കുടുങ്ങുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാ സേന യൂണിറ്റ് അസി. സ്റ്റേഷൻ ഓഫിസർ സാജൻ വർഗീസിന്റെ നേതൃത്വത്തിൽ എത്തിയ സംഘം ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ഗ്രില്ല് അകറ്റിയ ശേഷമാണ് കാൽ പുറത്തെടുത്തത്. ഫയർമാൻമാരായ ജോബി, ജൂബി, ജിനിഷ്കുമാർ, ഷിബിൻ, അനിൽ, സോജൻ,പ്രവീൺ, ഷാജി, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. 

ബസ് സ്റ്റാൻഡിൽ നിന്ന് പാലാ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഗ്രില്ലാണ് വർഷങ്ങളായി യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നത്. ഇതിനു മുൻപും ഇവിടെ ബസ് ജീവനക്കാർ ഉൾപ്പെടെ പലരുടെയും കാൽ ഗ്രില്ലിനിടയിൽപെട്ട് അപകടത്തിലായിട്ടുണ്ട്.  വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഗ്രില്ല് കാലപ്പഴക്കത്താൽ പലപ്പോഴും ഇതിലെ ഇരുമ്പ് ദണ്ഡുകൾ ഒടിഞ്ഞ അവസ്ഥയിലാണ്. ഇവിടെ ബസ് ജീവനക്കാരും മറ്റും ഗ്രില്ല് പോയ ഭാഗത്ത് കല്ലും മറ്റും വച്ചാണ് യാത്രക്കാരെ അപകടത്തിൽനിന്ന് രക്ഷിക്കുന്നത്.

ഇവിടെ മതിയായ കട്ടി ഇല്ലാത്ത ഇരുമ്പ് ദണ്ഡുകൾ കൊണ്ട് ഗ്രില്ല് സ്ഥാപിച്ചതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് നഗരവാസികളും യാത്രക്കാരും ചൂണ്ടിക്കാട്ടി. ചില ഭാഗത്ത് ഇരുമ്പ് ദണ്ഡുകൾ അകന്ന നിലയിലാണ്. ഇവിടെ അപകടം ഒഴിവാക്കണമെന്ന ആവശ്യത്തിനു നഗരസഭയുടെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയാണ് ഉണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്. അപകടം ഉണ്ടാകുമ്പോൾ മാത്രം അന്വേഷിക്കുന്നതല്ലാതെ അപകടം ഒഴിവാക്കാൻ യാതൊന്നും അധികൃതർ ചെയ്യുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com