തീപിടിത്തം ഉണ്ടായത് ഉച്ചകഴിഞ്ഞ് 3.30 ന്; പുകയിൽ മുങ്ങി ചെറുതോണി
Mail This Article
ചെറുതോണി ∙ ടൗണിനോടു ചേർന്ന് ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തം ഭീതി പടർത്തി. വാഴത്തോപ്പ് ജംക്‌ഷനിൽ പാപ്പൻസ് ഹോട്ടലിനു സമീപം ഉച്ചകഴിഞ്ഞ് 3.30 ന് ആണ് തീപിടിത്തമുണ്ടായത്. ടൗണിനോടു ചേർന്നുള്ള വെളിമ്പ്രദേശത്ത് ഉപേക്ഷിച്ച ചപ്പുചവറുകൾക്കും മാലിന്യ കൂമ്പാരത്തിനുമാണു തീ പിടിച്ചത്.
തീ ആളിക്കത്തിയതോടെ ടൗൺ പുക കൊണ്ടു നിറയുകയും വ്യാപാരികളും, യാത്രക്കാരും ഭീതിയിലാകുകയും ചെയ്തു. ഇതിനു സമീപം നിരവധി വാഹനങ്ങളും പാർക്കു ചെയ്തിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാ സേനയെത്തി തീ അണച്ചതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല.
തീ പടർന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചിരുന്നെങ്കിൽ വ്യാപകമായ നാശനഷ്ടം സംഭവിക്കുമായിരുന്നു. ഇതിനു സമീപം ഒരു ധനകാര്യ സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. മാലിന്യ കൂമ്പാരത്തിന് ആരോ തീയിട്ടതാണെന്നു നാട്ടുകാർ പറയുന്നു.
സമീപ നാളുകളിൽ ടൗണിനു സമീപം ഒട്ടേറെ സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ടൗണിനു സമീപം വളർന്നു നിൽക്കുന്ന കാടുകൾ അടിയന്തരമായി വെട്ടിത്തെളിക്കണമെന്നും വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.