ADVERTISEMENT

മൂന്നാർ ∙ 126 വർഷം പഴക്കമുള്ള മൂന്നാർ മൗണ്ട് കാർമൽ ദേവാലയം മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെടുന്നതോടെ മലയോരത്തിന്റെ ആത്മീയ യാത്രകൾക്ക് പുതിയ കേന്ദ്രസ്ഥാനം ലഭ്യമാവുകയാണ്. കത്തോലിക്കാ സഭയിൽ ഒരു ദേവാലയത്തിന് ലഭിക്കുന്ന ശ്രേഷ്ഠ പദവിയാണ് ബസിലിക്ക. ഈ പദവിയോടെ ആ ദേവാലയം  പരിശുദ്ധ സിംഹാസനവുമായും പരിശുദ്ധ പിതാവുമായും പ്രത്യേക ബന്ധത്തിൽ വരുന്നു.

ബസലിക്കയുടെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നു. മാത്രമല്ല ഈ ദേവാലയം കത്തോലിക്കാ സഭയുടേയും ദൈവാരാധനയുടെയും ശുശ്രൂഷയുടെയും  മാതൃക കേന്ദ്രമായി മാറുന്നു. പരിശുദ്ധ പിതാവിന്റെ കീഴിലുള്ള ബസിലിക്കയിൽ കുമ്പസാരിച്ച്, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്ക് വേണ്ടി പ്രാർഥിച്ച് കുർബാനയിൽ പങ്കു ചേർന്ന് ദിവ്യകാരുണ്യം സ്വീകരിക്കുന്നവർക്ക് പൂർണ ദണ്ഡ വിമോചനം ലഭിക്കുമെന്നാണ് വിശ്വാസം.

ബസിലിക്ക പദവിയിലേക്കുള്ള യാത്ര
ബസിലിക്കകൾ രണ്ടു വിധമാണുള്ളത്. മേജർ ബസിലിക്ക,മൈനർ ബസലിക്ക. റോമിലുള്ള 4 ബസലിക്കകളാണ് മേജർ ബസലിക്കകൾ. റോമിന് പുറത്തുള്ളവ മൈനർ ബസലിക്കകളാണ്. മാർപാപ്പയുടെ  കീഴിലുള്ള തിരുസംഘത്തിന്റെ 124 ചോദ്യോത്തരങ്ങൾക്ക് കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ പൂരിപ്പിച്ച് നൽകി, അവ പ്രത്യേക നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും വിധേയമാക്കി  തിരുസംഘം നൽകുന്നതാണ് ബസലിക്ക പദവി.

ദേവാലയത്തിന്റെ പഴമ ,പാരമ്പര്യം, ചരിത്ര പശ്ചാത്തലം, ദേവാലയ ക്രമീകരണം, ആഗോള സഭയ്ക്ക് ഇടവക നൽകിയ സംഭാവനകൾ, ദൈവ വിളികൾ, തീർത്ഥാടകരുടെ സന്ദർശനം, ആത്മീയതയുടെ തീഷ്ണത, ആരാധന ആചാരങ്ങൾ തുടങ്ങിയ നിഷ്ഠകൾ, ഇടവക തിരുനാളുകൾ, ധ്യാനം, ദിവ്യകാരുണ്യ പ്രവർത്തനങ്ങൾ, സംഘടനകൾ, കുടുംബ കൂട്ടായ്മകൾ  തുടങ്ങിയവ ഉൾപ്പെടെ വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നു. മാർപാപ്പയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ദൈവാരാധനക്കും കൂദാശ പരികർമത്തിനുമുള്ള  തിരുസംഘമാണ് ഇവ പരിശോധിക്കുന്നതും അനുമതി നൽകുന്നതും.

126 ആത്മീയ വർഷങ്ങൾ
1898 ൽ സ്പെയിനിൽ നിന്നുള്ള കർമ്മലീത്താ മിഷനറിയായിരുന്ന ഫാ. അൽഫോൻസാണ് മൂന്നാർ മലനിരയിൽ വരാപ്പുഴ രൂപതയുടെ കീഴിൽ ഹൈറേഞ്ചിലെ ആദ്യ കത്തോലിക്കാ ദേവാലയം സ്ഥാപിച്ചത്. ചെറിയൊരു ഷെഡിലായിരുന്നു ആദ്യ കാലഘട്ടങ്ങളിൽ പ്രാർഥനകളും മറ്റും നടന്നിരുന്നത്. ഷെഡിനു പകരം 11 വർഷങ്ങൾക്കു ശേഷം 1909 ൽ തേയില കമ്പനിയുടെയും തോട്ടം തൊഴിലാളികളുടെയും സഹകരണത്തോടെ പുതിയ ദേവാലയം നിർമിച്ചു.

1919ൽ അന്നത്തെ മെത്രാപ്പോലീത്താ ആയിരുന്ന ഏയ്ഞ്ചൽ മേരി മൂന്നാർ പള്ളിയെ ആലുവാ പള്ളിയുടെ കീഴിലാക്കി. ബ്രിട്ടീഷ് കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിച്ച തേയില തോട്ട വ്യവസായം വിജയിച്ചതോടെ ജോലികൾക്കായി വിവിധ സ്ഥലങ്ങളിൽ നിന്നും കൂടുതൽ കത്തോലിക്കർ മൂന്നാറിലേക്ക് അക്കാലത്ത് എത്തി തുടങ്ങിയിരുന്നു. 1925ൽ ഫാ.സലൂസ്റ്റിൻ റോഡരുകിൽ അന്തോണീസിന്റെ കുരിശടി നിർമിച്ചു.

1934 ജനുവരി 21 ന് അന്നത്തെ വരാപ്പുഴ ബിഷപ്പായിരുന്ന ബെന വെന്തുര പുതിയ പള്ളി നിർമാണത്തിനുള്ള ശിലാസ്ഥാപനം നടത്തി. 1938 ഏപ്രിൽ 17ന് പള്ളി പണി പൂർത്തിയാക്കി കൂദാശ നടത്തി. ഇടയ്ക്ക് ചില മാറ്റങ്ങൾ വരുത്തിയെങ്കിലും പഴയ കെട്ടിടം തന്നെയാണ് ഇന്നും ദേവാലയത്തിന്റേത്. പിന്നീട് 1943 ലാണ് മൗണ്ട് കാർമൽ ദേവാലത്തെ സ്വയംഭരണാവകാശമുള്ള ഇടവകയായി പ്രഖ്യാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com