ADVERTISEMENT

രാജകുമാരി∙ ശാന്തൻപാറ പഞ്ചായത്തിലെ കാെഴിപ്പനക്കുടിയിലെ ഇരുപതിലധികം ആദിവാസി കുടുംബങ്ങൾ ശുദ്ധജലത്തിനായി അനുഭവിക്കുന്നത് സമാനതകളില്ലാത്ത ബുദ്ധിമുട്ട്. കാട്ടാനയുൾപ്പെടെയുള്ള വന്യ മൃഗങ്ങളുടെ സാന്നിധ്യമുള്ള വഴിയിലൂടെ ഒരു കിലോമീറ്ററിലധികം നടന്ന് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തിൽ നിന്നാണ് തലച്ചുമടായി വെള്ളം കുടിയിലെത്തിക്കുന്നത്. കാട്ടാനയെ ഭയന്ന് കുടിയിലെ വീട്ടമ്മമാർ കൂട്ടമായാണ് വെള്ളം കാെണ്ടുവരാൻ പോകാറുള്ളത്. വന്യമൃഗങ്ങളും ഇൗ കുളത്തിൽ നിന്നു തന്നെയാണ് വെള്ളം കുടിക്കുന്നത്. വെള്ളമെടുക്കാൻ പോയവരെ കാട്ടാന ഓടിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 

2014–15 ൽ 9 ലക്ഷം രൂപ മുടക്കി ഇവിടെ ശുദ്ധജല പദ്ധതി പൂർത്തിയാക്കിയെങ്കിലും വെള്ളം ലഭിച്ചത് കുറച്ചു മാസങ്ങൾ മാത്രം. അതിന് ശേഷം ജനപ്രതിനിധികളാരും ഇവിടേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. 2023 ജനുവരി 25 ന് കാെഴിപ്പനക്കുടി സ്വദേശിയായ വനം വകുപ്പ് വാച്ചർ ശക്തിവേൽ കാട്ടാനയാക്രമണത്തിൽ കാെല്ലപ്പെട്ടിരുന്നു. അതിനുശേഷം കുടിയിലെത്തിയ ജനപ്രതിനിധികൾ ഇവിടത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് വാക്ക് നൽകിയതാണ്. എന്നാൽ 14 മാസം കഴിഞ്ഞിട്ടും പഴയ അവസ്ഥ തുടരുന്നു.

ജൽ ജീവൻ മിഷൻ പദ്ധതി നടപ്പാകുമോ ?
കാെഴിപ്പനക്കുടിയിലെ ശുദ്ധജല ക്ഷാമത്തെ കുറിച്ചുള്ള മനോരമ വാർത്തയെ തുടർന്ന് ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി 3 മാസത്തിനുള്ളിൽ ശുദ്ധജല വിതരണ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ ജില്ല കലക്ടർ കട്ടപ്പന വാട്ടർ അതോറിറ്റി ഡിവിഷന് നിർദേശം നൽകിയിരുന്നു. പദ്ധതി പൂർത്തിയാകുന്നത് വരെ പ്രശ്നത്തിന് താൽക്കാലികമായ പരിഹാരം കാണാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചർച്ച നടത്തി പദ്ധതി തയാറാക്കാനും നിർദേശിച്ചു. എന്നാൽ ജൽജീവൻ മിഷൻ പദ്ധതി ഇതുവരെ യാഥാർഥ്യമായിട്ടില്ല. 

ശുദ്ധജല ക്ഷാമം താൽക്കാലികമായി പരിഹരിക്കാൻ ശാന്തൻപാറ പഞ്ചായത്ത് മുൻകയ്യെടുത്ത് ഇവിടെ കുഴൽക്കിണർ നിർമിച്ചെങ്കിലും അതിൽ വെള്ളം ലഭിച്ചില്ല. മറ്റാെരു ജലസ്രോതസ്സിൽ നിന്നു മോട്ടർ ഉപയോഗിച്ച് വെള്ളം എത്തിക്കുന്നതിന് പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുണ്ട്. എന്നാൽ ഇവിടെയുണ്ടായിരുന്ന വൈദ്യുത കണക്‌ഷൻ കെഎസ്ഇബി വിഛേദിച്ചതിനാൽ ഇൗ ശ്രമവും പരാജയപ്പെട്ടു. ബിൽ കുടിശിക അടച്ച് വൈദ്യുത കണക്‌ഷൻ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പുതിയ മോട്ടർ വാങ്ങുന്നതിന് തുകയനുവദിച്ചിട്ടുണ്ടെന്നും ശാന്തൻപാറ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com