ADVERTISEMENT

തൊടുപുഴ∙ കാട് നാടിനോട് ഏറ്റുമുട്ടാൻ തുടങ്ങിയിട്ട് കാലം കുറെയായി. വന്യമൃഗ ശല്യം ഇടുക്കി ജില്ലയെ സംബന്ധിച്ച് പുതിയ കാര്യമല്ലെങ്കിലും ഇതുവരെ വന്യമൃഗ സാന്നിധ്യമുണ്ടായിട്ടില്ലാത്ത നഗരമേഖലകളിൽ പോലും അടുത്തിടെ വന്യമൃഗങ്ങൾ എത്തുന്നത് ജനങ്ങളെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കിയിട്ടുള്ളത്. എവിടെയും ഏതു സമയത്തും വന്യമൃഗങ്ങളെത്താം എന്ന സ്ഥിതിയാണ് ഇപ്പോൾ ജില്ലയിൽ. നാടിനെ സംരക്ഷിക്കേണ്ടവർ കണ്ണടച്ച് ഇരുട്ടാക്കിയും പരസ്പരം പഴി ചാരിയും തടിയൂരുമ്പോൾ ജനങ്ങൾക്കു മുൻപിൽ ഒരേയൊരു ചോദ്യം ബാക്കി– ഞങ്ങളെങ്ങനെ ജീവിക്കും?

രാജീവിന് ഇതു ദുഃഖവെള്ളി
കുമളി∙ കുരിശുമല കയറി വീട്ടിലേക്ക് മടങ്ങിയ സ്പ്രിങ് വാലി മുല്ലമല വീട്ടിൽ എം.ആർ. രാജീവിന് (46) കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റതിന് പിന്നാലെ ഉറക്കമുണർന്ന് വനംവകുപ്പ്. ആക്രമണകാരിയായ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ വനംവകുപ്പ് ഡ്രോൺ ഉപയോഗിച്ച് കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. പെരിയാർ കടുവ സങ്കേതത്തിന്റെ  വനാതിർത്തിക്കടുത്താണ് കാട്ടുപോത്തുള്ളതെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. 

കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് സ്ഥിരമായി കാട്ടുപോത്തിന്റെ  സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. രാജീവിന് നേരെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. കാട്ടുപോത്തിനെ കാട്ടിലേക്കു തുരത്തുകയോ മയക്കുവെടി വച്ച് പിടികൂടുകയോ ചെയ്യാനുള്ള ഉത്തരവ് 4 മണിക്ക് മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിച്ചു.  ഈ ഉത്തരവുമായി കാട്ടുപോത്തിനെ തേടിയിറങ്ങിയ ഉദ്യോഗസ്ഥർക്ക് നാട്ടുകാരുടെ പ്രതിഷേധം നേരിടേണ്ടി വന്നു. 

തുണയായത് സുഹൃത്തിന്റെ  വിളി 
വീട്ടിലേക്ക് തനിയെ മടങ്ങിയ രാജീവിന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് കാട്ടുപോത്ത്  പാഞ്ഞടുത്തത്. കൊമ്പിൽ കുത്തി എറിഞ്ഞശേഷം കാട്ടുപോത്ത് സമീപത്തെ കൃഷിയിടത്തിൽ മറഞ്ഞു. ഈ സമയം സമീപത്ത് ആരും ഇല്ലായിരുന്നു. വയറിന് മാരകമായ മുറിവേറ്റ രാജീവ് രക്തം വാർന്ന് തളർന്നിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സുഹൃത്തിന്റെ ഫോൺ എത്തുന്നത്. തന്നെ കാട്ടുപോത്ത് ആക്രമിച്ചെന്നും വയറിന് കുത്തേറ്റെന്നും  രാജീവ് സുഹൃത്തിനോട് പറഞ്ഞു. സുഹൃത്ത് വഴി സംഭവം  അറിഞ്ഞെത്തിയ നാട്ടുകാരാണ് ഉടൻതന്നെ രാജീവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 

യാത്രക്കാർ സൂക്ഷിക്കുക
കൊട്ടാരക്കര - ഡിണ്ടിഗൽ  ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക. ഈ പാതയിൽ കുമളി ചെളിമടയ്ക്ക് സമീപമുള്ള സ്വകാര്യ തോട്ടത്തിലാണ് കാട്ടുപോത്തിൻ കൂട്ടം പലപ്പോഴും തമ്പടിക്കുന്നത്. കാട്ടുപോത്തുകൾ ദേശീയപാതയ്ക്ക് കുറുകെ കടക്കുന്നത്  ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഭീഷണിയാണ്. 

നാട്ടിലെങ്ങും കാട്ടുപോത്ത്
നേര്യമംഗലത്തിനു സമീപം കാട്ടാന ശല്യത്തിന് പിന്നാലെ ആക്രമണത്തിനൊരുങ്ങി കാട്ടുപോത്തും. അഞ്ചാംമൈൽ, കമ്പിലൈൻ, ഇഞ്ചത്തൊട്ടി, പടിക്കപ്പ് പ്രദേശങ്ങളിലാണ് കാട്ടുപോത്ത് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ പടിക്കപ്പിൽ എത്തിയ കാട്ടുപോത്തിനെ നാട്ടുകാരുടെ പരിശ്രമത്തിനൊടുവിൽ വനത്തിലേക്ക് കയറ്റി വിടാൻ കഴിഞ്ഞിരുന്നു. എന്നാൽ വെള്ളിയാഴ്ച അഞ്ചാംമൈൽ ആദിവാസി സങ്കേതത്തിന് സമീപം 3 കാട്ടുപോത്തുകളെ നാട്ടുകാർ കണ്ടിരുന്നു. വൈകിട്ടോടെ കമ്പിലൈൻ ഭാഗത്ത് വീണ്ടും കാട്ടുപോത്തിനെ കണ്ടു. ഇന്നലെ രാവിലെ ഇഞ്ചത്തൊട്ടി ഭാഗത്ത് കണ്ടെത്തിയ കാട്ടുപോത്ത് പിന്നീട് വനത്തിലേക്ക് മറയുകയായിരുന്നു. വനമേഖലയോടു ചേർന്നുള്ള ജനവാസ മേഖലയിൽ നിന്ന് കാട്ടുപോത്ത് വിട്ടുമാറാത്ത സാഹചര്യം ജനങ്ങളുടെ ആശങ്ക വർധിക്കാൻ കാരണമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com