പടയപ്പയെ ‘പിടിയപ്പ’; പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി

Mail This Article
ദേവികുളം∙ പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇന്നലെ പുലർച്ചെ 1.30 നാണ് പടയപ്പ താലൂക്ക് ആസ്ഥാനമായ ദേവികുളത്ത് എത്തിയത്. ഇറച്ചിൽ പാറയിൽ പ്രവർത്തിക്കുന്ന കുമാറിന്റെ ഹോട്ടലിനു സമീപം ഏറെ നേരം നിന്നശേഷം ഗവ. സ്കൂളിന്റെ പരിസരം വഴിയാണ് സമീപത്തെ ജനവാസ മേഖലയിലെത്തിയത്. അമ്പലത്തിനു സമീപം താമസിക്കുന്ന സുകുമാരന്റെ വീടിന്റെ മുൻവശത്തുണ്ടായിരുന്ന ഗേറ്റ് തകർത്ത് അകത്തു കടന്ന പടയപ്പ ഏറെ നേരം ഇവിടെത്തന്നെ നിന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ദ്രുതകർമ സേന (ആർആർടി) സംഘമെത്തിയാണ് പടയപ്പയെ ജനവാസ മേഖലയിൽ നിന്ന് ഓടിച്ചത്.
ഇന്നലെ പകൽ സബ് കലക്ടറുടെ ബംഗ്ലാവിന് സമീപമുള്ള കാട്ടിലായിരുന്നു പടയപ്പ ഉണ്ടായിരുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി ചൊക്കനാട് , ദേവികുളം മിഡിൽ ഡിവിഷനുകളിലായിരുന്നു പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നത്. മദപ്പാടിനെ തുടർന്ന് ആക്രമണ സ്വഭാവം പുലർത്തിയിരുന്ന പടയപ്പ മദപ്പാട് മാറിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ശാന്തനാണ്. പടയപ്പയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ആർആർടി സംഘം മേഖലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഗൂഡാർവിള എസ്റ്റേറ്റിലെ ജനവാസ മേഖലയ്ക്കു സമീപമുള്ള മൈതാനത്ത് കുഞ്ഞുങ്ങളടക്കം ആറ് ആനകൾ ഇറങ്ങിയിരുന്നു. മണിക്കൂറുകൾ മൈതാനത്ത് മേഞ്ഞശേഷമാണ് മടങ്ങിയത്.