ഏഴു ദിവസം മോർച്ചറിയിൽ കാത്തിട്ടും മാതാപിതാക്കൾക്ക് കാണാനായില്ല; ആമി ഇന്ന് യാത്രയാകും
Mail This Article
നെടുങ്കണ്ടം ∙ ഏഴു ദിവസം മോർച്ചറിയിൽ കാത്തിട്ടും കുഞ്ഞോമനയെ മാതാപിതാക്കൾക്ക് ഒരു നോക്കു കാണാനായില്ല; വാഹനാപകടത്തിൽ പൊലിഞ്ഞ അഞ്ചുവയസ്സുകാരി കാട്ടേഴത്ത് ആമി എൽസ(കിളി)യുടെ സംസ്കാരം ഇന്നു നടക്കും. ആമി പഠിച്ചിരുന്ന മാർ ഇവാനിയോസ് ബഥനി പബ്ലിക് സ്കൂളിൽ രാവിലെ ഒൻപതോടെ മൃതദേഹം എത്തിക്കും.
കഴിഞ്ഞ 24നു രാവിലെ 7.30നു സ്കൂളിനു മുൻപിലുണ്ടായ അപകടത്തിലാണ് ആമി മരിച്ചത്. സ്കൂളിലെ പൊതുദർശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് 3നു വീട്ടിൽ സംസ്കാരശുശ്രൂഷ. തുടർന്നു കമ്പംമെട്ട് സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കരിക്കും. മലയാറ്റൂർ തീർഥാടനം കഴിഞ്ഞു മടങ്ങിയ അഞ്ചംഗകുടുംബം സഞ്ചരിച്ചിരുന്ന വാൻ കമ്പത്തു നിന്നു നെടുങ്കണ്ടത്തേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ആമിയുടെ പിതാവ് എബി (33), മാതാവ് അമലു (31), ആമിയുടെ ഇളയ സഹോദരൻ എയ്ഡൻ (2), എബിയുടെ പിതാവ് ജോസഫ് വർക്കി (63), മാതാവ് മോളി (58) എന്നിവർക്കു പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ എബി, എബിയുടെ പിതാവ് ജോസഫ് വർക്കി, മാതാവ് മോളി എന്നിവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആമിയുടെ വിയോഗവാർത്ത പിതാവ് എബിയും എബിയുടെ മാതാപിതാക്കളായ ജോസഫ് വർക്കിയും മോളിയും ഇനിയും അറിഞ്ഞിട്ടില്ല. എബിയുടെ ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പരുക്കേറ്റു. ജോസഫ് വർക്കിയുടെ വാരിയെല്ലിനു പൊട്ടലുണ്ട്. മോളി ഇപ്പോഴും ഐസിയുവിലാണ്.
ചികിത്സച്ചെലവ് ഇപ്പോൾത്തന്നെ ലക്ഷങ്ങൾ കഴിഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിൽ പൗരസമിതി രൂപീകരിച്ചു സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മ അമലുവിനെ ആമിയുടെ സംസ്കാരശുശ്രൂഷയിൽ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ.