ADVERTISEMENT

പച്ചപ്പും കോടമഞ്ഞും ഇടകലർന്ന ഇടുക്കിയിലെ പാതകളിലൂടെ ആനവണ്ടി പോകുന്ന കാഴ്ചയും, ആനവണ്ടിക്ക് ഉള്ളിലിരുന്നുള്ള ഇടുക്കിയുടെ പുറം കാഴ്ചകളും ആരുടെയുംമനം കുളിർപ്പിക്കും. വാഗമൺ ഉൾപ്പെടെ പല റൂട്ടുകളിലും യാത്രക്കാരുടെ ഏക ആശ്രയവും കെഎസ്ആർടിസി തന്നെ. ജില്ലയുടെ ജീവനാഡിയായ കെഎസ്ആർടിസിയുടെ ചില വിശേഷങ്ങൾ

ഫ്രൻഡ്സ് ഓഫ് കെഎസ്ആർടിസി
കുമളി ∙ സ്ഥിരം യാത്രക്കാർ കെഎസ്ആർടിസി യാത്ര സുഗമമാക്കാൻ ഉണ്ടാക്കിയിരിക്കുന്ന  സൗഹൃദകൂട്ടായ്മയാണ് ഫ്രൻഡ്സ് ഓഫ്  കെഎസ്ആർടിസി എന്ന വാട്സാപ് കൂട്ടായ്മ. കട്ടപ്പനയിൽ നിന്ന് ആനവിലാസം വഴി കുമളിക്ക് വരുന്ന ബസിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയാണിത്. 2 വർഷം മുൻപ് ആരംഭിച്ച കൂട്ടായ്മയിൽ 52  അംഗങ്ങളുണ്ട്. കുമളി പഞ്ചായത്തിലെ ജീവനക്കാരിയായ സിജോ കെ. മോഹൻ അഡ്മിനായുള്ള ഗ്രൂപ്പിൽ സർക്കാർ ജീവനക്കാരും അധ്യാപകരും, നഴ്സുമാരുമൊക്കെ അംഗങ്ങളാണ്.

 രാവിലെ 8.35ന് കട്ടപ്പനയിൽ നിന്ന് യാത്ര തിരിക്കുന്ന ബസ് ഓഫിസ് സമയത്തിന് മുൻപ് കുമളിയിൽ എത്തും. വൈകിട്ട് 4.10ന് കുമളിയിൽ നിന്ന് കട്ടപ്പനയിലേക്ക് പുറപ്പെടും. ബസ് മുടങ്ങുകയോ, താമസിക്കുകയോ ചെയ്താൽ കെഎസ്ആർടിസി ജീവനക്കാർ വിവരം ഗ്രൂപ്പിലൂടെ അംഗങ്ങളെ അറിയിക്കും. സ്റ്റാൻഡിൽ എത്തുമ്പോൾ ബസ് പുറപ്പെട്ടിട്ട് രണ്ടോ മൂന്നോ മിനിറ്റായെങ്കിൽ ഓട്ടോ പിടിച്ച് പിന്നാലെ പോയാൽ വിവരം അറിയിച്ചാൽ ബസിന്റെ യാത്ര സ്ളോ ആകും. പിന്നാലെ വരുന്ന ആളെയും ഉറപ്പായും കയറ്റി യാത്ര തുടരും. 

ബസ് നിർത്തിയിട്ട് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെയുള്ള ഈ നടപടിയോടെ യാത്രക്കാരും സഹകരിക്കുന്നുണ്ട്. ഗ്രൂപ്പിന്റെ ഒന്നാം വാർഷികം മധുരം പങ്കുവച്ച് ആഘോഷിച്ചിരുന്നു.  രണ്ടാം വാർഷികം ജനുവരിയിൽ ആഘോഷിക്കേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ  മുടങ്ങിയെങ്കിലും കൂട്ടായ്മയിലെ അംഗങ്ങളുടെ സൗഹൃദം കോട്ടമില്ലാതെ മുന്നോട്ടു പോകുന്നു.

വാഗമൺ റൂട്ടിൽ ആനവണ്ടി തന്നെ ശരണം
തൊടുപുഴ, പീരുമേട് താലൂക്കുകളെ യോജിപ്പിക്കുന്ന മൂലമറ്റം–വാഗമൺ റൂട്ടിൽ കെഎസ്ആർടിസി ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. യാത്രക്കാർ കൂടുന്നതിനനുസരിച്ച് ഇവിടെ ബസ് സർവീസുകൾ കൂട്ടുന്നില്ല. റോഡ് നിർമാണം പൂർത്തിയാക്കിയ ഉടനെ റോഡ് ദേശസാൽക്കരിച്ചതിനാൽ സ്വകാര്യ ബസുകൾക്ക് ഇതുവഴി സർവീസ് നടത്താൻ അനുമതി ലഭിക്കുന്നില്ല. ടൂറിസം മേഖലയായ വാഗമണ്ണിനു കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേവരുപാറയിലേക്ക് കെഎസ്ആർടിസി ശരണം
വെള്ളിയാമറ്റം പഞ്ചായത്തിലെ ഗോത്രവർഗ മേഖലയായ ദേവരുപാറയിലേക്ക് കെഎസ്ആർടിസി ബസുകൾ മാത്രമാണ് ശരണം. പരിമിതമായ യാത്രാസൗകര്യമുള്ള ഇവിടേയ്ക്ക് മൂലമറ്റം ഡിപ്പോയിലെ വണ്ടിയാണ് തൊടുപുഴയിൽ നിന്ന് സർവീസ് നടത്തുന്നത്. തൊടുപുഴയിൽ നിന്ന് 25 കിലോമീറ്റർ ദൂരമുള്ള സ്ഥലമാണിത്. രാവിലെയും വൈകിട്ടുമാണ് സർവീസ്. 

പട്ടയംകുടിക്കാരുടെയും ഏക ആശ്രയം
വണ്ണപ്പുറം പഞ്ചായത്തിലെ ആദിവാസി മേഖയായ പട്ടയംകുടിയിലേക്കും കെഎസ്ആർടിസി ബസ് മാത്രമാണുള്ളത്. മലയോരത്തേക്ക് കെഎസ്ആർടിസി ബസ് എത്തുന്നത് മാത്രമാണ് ഇവിടെയുള്ളവരുടെ ആശ്രയം. തൊടുപുഴയി‍ൽ നിന്ന് 36 കിലോമീറ്റർ ദൂരമാണ് പട്ടയംകുടിക്ക്. 300 കുടുംബങ്ങളുടെ ഏക ആശ്രയമാണ് ദിവസേനയുള്ള 4 സർവീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com