ADVERTISEMENT

ഡീൻ കുര്യാക്കോസ് നെടുങ്കണ്ടത്ത്
∙നെടുങ്കണ്ടത്തും പരിസര പ്രദേശങ്ങളിലുമാണ് ഇന്നലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തിയത്. നെടുങ്കണ്ടം പള്ളിയിൽ വിശ്വാസികളെ കണ്ട് വോട്ട് തേടിയ ശേഷം കടകളും സ്ഥാപനങ്ങളും കയറി വോട്ട് അഭ്യർഥിച്ചു. വാഹനാപകടത്തിൽ മരിച്ച അഞ്ചു വയസ്സുകാരി ആമി എൽസ എബിയുടെ സംസ്കാര ശുശ്രൂഷയിലും പങ്കെടുത്തു.  

ഉച്ചയ്ക്ക് ശേഷം നെടുങ്കണ്ടം പാർട്ടി ഓഫിസിൽ എത്തി തുടർപ്രവർത്തനങ്ങൾ വിലയിരുത്തി. വൈകിട്ട് ഉടുമ്പൻചോലയിൽ നിയോജകമണ്ഡലം കൺവെൻഷനിലും ഡീൻ കുര്യാക്കോസ് പങ്കെടുത്തു. പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 

ഡീൻ നാളെ പത്രിക നൽകും
തൊടുപുഴ ∙ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് നാളെ 12നു നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ വീട്ടിൽ നിന്ന് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി ചെറുതോണി ഡിസിസി ഓഫിസിൽ എത്തും. തുടർന്ന് വെള്ളപ്പാറ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തും. അവിടെ നിന്ന് യുഡിഎഫ് നേതാക്കളോടൊപ്പം കലക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും.

എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ വാഴക്കുളത്ത് 
വോട്ട് അഭ്യർഥിക്കുന്നു.
എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ വാഴക്കുളത്ത് വോട്ട് അഭ്യർഥിക്കുന്നു.

സംഗീത വിശ്വനാഥൻ ഇന്ന് പത്രിക നൽകും
∙എൻഡിഎ മൂവാറ്റുപുഴ നിയോജകമണ്ഡലം കൺവെൻഷൻ വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്  ഇ.ടി.നടരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മധ്യമേഖല പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്തു. വാഴക്കുളം ടൗണിൽ നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം പ്രകടനമായിട്ടാണ് സ്ഥാനാർഥി സംഗീത എത്തിയത്. ടൗണിൽ ആളുകളെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ ഇന്ന് 2ന് കലക്ടറേറ്റിൽ വരണാധികാരിക്കു മുൻപാകെ പത്രിക സമർപ്പിക്കുമെന്ന് എൻഡിഎ ഇടുക്കി ലോക്സഭ മണ്ഡലം കൺവീനർ കെ.എസ്.അജി അറിയിച്ചു.

മുട്ടം കോടതിയിലെ അഭിഭാഷകരോട് സൗഹൃദം പുതുക്കുന്ന 
എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ്
മുട്ടം കോടതിയിലെ അഭിഭാഷകരോട് സൗഹൃദം പുതുക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ്

ജോയ്സ് ജോർജ് തൊടുപുഴ മണ്ഡലത്തിൽ 
∙തൊടുപുഴ മണ്ഡലത്തിൽ വോട്ട് അഭ്യർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ്. രാവിലെ കൊടികുത്തിയിൽ വർക്‌ഷോപ് തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർഥിച്ചു. പിന്നീട് മുട്ടം ജില്ലാ കോടതിയിൽ എത്തി അഭിഭാഷകരെ കണ്ടു. തുടർന്ന് തൊടുപുഴയിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ കണ്ട് വോട്ട് അഭ്യർഥിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരെയും കണ്ടും. ഉച്ചയ്ക്ക് ശേഷം  മുള്ളരിക്കുടിയിലും പട്ടയക്കുടിയിലും എത്തി. പട്ടയക്കുടിയിൽ നിന്നു ആരംഭിച്ച ബൈക്ക് റാലി മുള്ളരിങ്ങാട് അവസാനിച്ചു. ജോയ്സ് ജോർജ് ഇന്ന് മാമലക്കണ്ടത്ത് വോട്ട് തേടും.

നാളെ പത്രിക നൽകും
ചെറുതോണി ∙   ജോയ്സ് ജോർജ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 10ന് ചെറുതോണിയിൽ നിന്നും പുറപ്പെട്ട് വെള്ളപ്പാറ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം പൈനാവ് സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തും. അവിടെ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളോടൊപ്പം കലക്ടറേറ്റിൽ എത്തി 11ന് പത്രിക സമർപ്പിക്കും. തുടർന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.

പിണറായി നാളെ ഇടുക്കിയിൽ
ചെറുതോണി ∙ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇടുക്കിയിലെത്തും. 3 പൊതുസമ്മേളനങ്ങളിലാണു മുഖ്യമന്ത്രി പങ്കെടുക്കുന്നത്. 

രാവിലെ 10ന് കോതമംഗലത്താണ് ആദ്യ പരിപാടി. ഉച്ചകഴിഞ്ഞ് 3ന് രാജാക്കാട് ബസ് സ്റ്റാൻഡ് മൈതാനിയിലും വൈകിട്ട് 5ന് കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് മൈതാനിയിൽ പ്രത്യേകം തയാറാക്കിയ വേദിയിലും പ്രസംഗിക്കും. എൽഡിഎഫ് നേതാക്കളും സ്ഥാനാർഥി ജോയ്സ് ജോർജും സമ്മേളനങ്ങളിൽ പങ്കെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com