ഒടുവിൽ വനംവകുപ്പ് ഉണർന്നു; കാട്ടിൽ 5 കുളങ്ങൾ ഒരുക്കി, പുൽമേടുകളും തയാറാക്കുന്നു
Mail This Article
മൂന്നാർ ∙ കാട്ടിൽ ഭക്ഷണവും വെള്ളവും കുറഞ്ഞതിനാലാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് എത്തുന്നതെന്ന വാദം നിലനിൽക്കെ വനമേഖലയിൽ വന്യമൃഗങ്ങൾക്ക് വെള്ളം ലഭ്യമാക്കുന്നതിനായി വനംവകുപ്പ് 5 കുളങ്ങൾ സജ്ജീകരിച്ചു. മൂന്നാർ, ദേവികുളം റേഞ്ചുകൾക്ക് കീഴിലുള്ള ഗുണ്ടുമല, ഇഡ്ഡലിമൊട്ട, മീശപ്പുലിമല, തീർഥമല, പെട്ടിമുടി എന്നിവിടങ്ങളിലാണ് കുളം തയാറാക്കിയത്. വർഷങ്ങൾക്ക് മുൻപ് നിർമിച്ച കുളങ്ങളാണിവ. ചെളിയും കാടും പിടിച്ച് ഉപയോഗശൂന്യമായി കിടന്നിരുന്ന ഇവ വൃത്തിയാക്കി സമീപത്തെ ചോലകൾ, അരുവികൾ എന്നിവിടങ്ങളിൽ നിന്നു വെള്ളം എത്തിച്ചാണ് കുളം ഒരുക്കിയത്.
ആന, കാട്ടുപോത്ത് തുടങ്ങി ഏറ്റവുമധികം വന്യമൃഗങ്ങൾ വിഹരിക്കുന്ന കേന്ദ്രങ്ങളിലാണ് കുളങ്ങൾ തയാറാക്കിയിരിക്കുന്നത്. വേനലിൽ വന്യമൃഗങ്ങൾ തീറ്റയും വെള്ളവും തേടി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാകുകയും മൂന്നാർ മേഖലയിൽ കാട്ടാനകളുടെ ആക്രമണം വർധിക്കുകയും ചെയ്തതോടെയാണ് വനത്തിനുള്ളിൽ തന്നെ വെള്ളം സജ്ജീകരിക്കാൻ വനംവകുപ്പ് തയാറായത്.
പുൽമേടുകളും തയാറാക്കുന്നു
മൂന്നാർ വനം വന്യജീവി വകുപ്പ് ഡിവിഷനു കീഴിലുള്ള വനങ്ങൾക്കുള്ളിൽ വന്യമൃഗങ്ങൾക്കാവശ്യമുള്ള ഭക്ഷണത്തിനായി പുൽമേടുകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്. അധിനിവേശ സസ്യങ്ങളായ വാറ്റിൽ, പൈൻ എന്നിവ വെട്ടിമാറ്റി വേരുകൾ പിഴുതു നീക്കിയ ശേഷമാണ് പുതിയ സ്വാഭാവിക പുൽമേടുകളും ചോലക്കാടുകളും വച്ചുപിടിപ്പിക്കുന്നത്.
പാമ്പാടുംചോല, പട്ടിയാങ്കൽ എന്നിവിടങ്ങളിൽ 100 ഏക്കറിലധികം സ്ഥലത്ത് പുൽമേടുകൾ തയാറാക്കി കഴിഞ്ഞു. 350 ഹെക്ടർ സ്ഥലത്തു കൂടി പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വനത്തിനുള്ളിൽ തന്നെ മൃഗങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കാൻ കഴിയുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.