വന്യമൃഗശല്യം: മേയാൻ വിട്ട പശുവിന് ഗുരുതര പരുക്ക്; മൂന്നാറിൽ വീണ്ടും കടുവ
Mail This Article
മൂന്നാർ ∙ മേഖലയിൽ കടുവയുടെ കന്നുകാലി വേട്ട തുടരുന്നു. മേയാൻ വിട്ടിരുന്ന പശുവിനെ കടുവ ആക്രമിച്ചു പരുക്കേൽപിച്ചു. ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിക്കുടി ഡിവിഷനിൽ സി.പെരുമാളിന്റെ പശുവിനാണ് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. വെറ്ററിനറി ഡോക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ദിവസവും 10 ലീറ്ററിലധികം പാൽ ലഭിച്ചിരുന്ന പശുവാണ്. ഞായർ രാവിലെ മേയാൻ വിട്ടിരുന്ന പശു മടങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്നലെ രാവിലെ കൊളുന്ത് എടുക്കാൻ പോയ തൊഴിലാളികളാണ് തേയിലത്തോട്ടത്തിനു സമീപം കഴുത്തിൽ ഗുരുതര മുറിവുകളോടെ കിടക്കുന്ന പശുവിനെ കണ്ടത്.
ഈ വർഷം കൊന്നത് 13 പശുക്കളെ
മൂന്നാറിലെ തോട്ടം മേഖലയിൽ കടുവയുടെ ആക്രമണം തുടരുകയാണ്. ജനുവരി ഒന്നു മുതൽ ഇന്നലെ വരെ മൂന്നാറിലെ തോട്ടം മേഖലയിൽ 13 പശുക്കളെയാണ് കടുവ കൊന്നു തിന്നത്. 50,000 മുതൽ 1.25 ലക്ഷം രൂപ വരെ വിലമതിക്കുന്ന പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ ചത്തത്. മൂന്നു മാസത്തിനിടയിൽ മൂന്നു പശുക്കളെ പരുക്കേൽപിക്കുകയും ചെയ്തു.
കടുവയുടെ സഞ്ചാരപാതയിലെ ഇരകൾ
∙ 2024 ജനുവരി 3: പെരിയവര ലോവർ ഡിവിഷനിൽ എസ്.വലർമതിയുടെ 7 മാസം ഗർഭിണിയായിരുന്ന പശുവിനെ കടുവ കൊന്നുതിന്നു.
∙ ജനുവരി 12: കുണ്ടള സാൻഡോസ് ഗോത്രവർഗ കോളനിയിൽ പി.ഷൺമുഖത്തിന്റെ 4 പശുക്കളെ കടുവ കൊന്നുതിന്നു. 2 വയസ്സുള്ള പശുക്കിടാവിനെ ആക്രമിച്ച് പരുക്കേൽപിച്ചു.
∙ ജനുവരി 17: കല്ലാർ ഫാക്ടറി ഡിവിഷനിൽ രാവിലെ 8.15ന് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് സമീപം കടുവയിറങ്ങി.
∙ ഫെബ്രുവരി 9: തലയാർ കടുകു മുടിയിൽ എം.ശേഖറിന്റെ 5 മാസം ഗർഭിണിയായിരുന്ന പശുവിനെ തിന്നു.
∙ ഫെബ്രുവരി 11: കന്നിമല ലോവർ ഡിവിഷനിൽ ആർ.പളനിയമ്മയുടെ 6 മാസം ഗർഭിണി ഉൾപ്പെടെ 2 പശുക്കളെ കൊന്നുതിന്നു.
∙ ഫെബ്രുവരി 18: ചെണ്ടുവര വട്ടവടയിൽ പി.ജയകുമാറിന്റെ 5 മാസം ഗർഭിണിയായ പശുവിനെ കൊന്നുതിന്നു.
∙ മാർച്ച് 8: കുണ്ടള പുതുക്കടിയിൽ പി.രാമറിന്റെ പശുവിനെ കൊന്നുതിന്നു.
∙ മാർച്ച് 11: കുണ്ടള സാൻഡോസ് എസ്ടി കോളനിയിൽ കെ.തങ്കച്ചന്റെ കറവപ്പശുവിനെ കൊന്നുതിന്നു.
∙ മാർച്ച് 24: ലക്ഷ്മി മിഡിൽ ഡിവിഷനിൽ എസക്കിയപ്പന്റെ കറവപ്പശുവിനെ കൊന്നുതിന്നു
∙ മാർച്ച് 27: തലയാർ കടുകു മുടിയിൽ മുനിയാണ്ടിയുടെ പശുവിനെ കൊന്നുതിന്നു.