ADVERTISEMENT

നാടിന്റെ അനുഗ്രഹം വാങ്ങി ഡീൻ
ചെറുതോണി ∙ ജന്മനാടിന്റെ അനുഗ്രഹം വാങ്ങി ഡീൻ കുര്യാക്കോസ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിസിസി പ്രസിഡന്റ്‌ സി.പി.മാത്യു, കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ, യുഡിഎഫ് ജില്ല കൺവീനർ എം.ജെ.ജേക്കബ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.എ.ഷുക്കൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം. എ.കെ.മണിയുടെ നേതൃത്വത്തിൽ മൂന്നാറിലെ തോട്ടം തൊഴിലാളികൾ സമാഹരിച്ചു നൽകിയ തുകയാണ് ഡീൻ കുര്യാക്കോസ് തിരഞ്ഞെടുപ്പിൽ കെട്ടിവച്ചത്.

എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജ് നാമനിർദേശ പത്രിക നൽകുന്നതിന് മുന്നോടിയായി കലക്ടറേറ്റിലേക്കു നടത്തിയ പ്രകടനം.
എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജ് നാമനിർദേശ പത്രിക നൽകുന്നതിന് മുന്നോടിയായി കലക്ടറേറ്റിലേക്കു നടത്തിയ പ്രകടനം.

രാവിലെ ജന്മനാടായ പൈങ്ങോട്ടൂരിൽ വിവിധ ഇടങ്ങളിൽ ജനങ്ങളെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഡീൻ ചെറുതോണിയിൽ എത്തിയത്. തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർ ചേർന്ന് ചെറുതോണിയിൽ സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്ന് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഓഫിസിൽ എത്തി. അവിടെ നേതൃയോഗത്തിൽ പങ്കെടുത്തു. പൊതു പര്യടനത്തിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്തു. തുടർന്ന് കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കുന്നതിന് കലക്ടറേറ്റിൽ എത്തിയത്. നാളെ ഇടുക്കി ബ്ലോക്ക് പരിധിയിൽ നിന്നാണ് ഡീൻ കുര്യാക്കോസിന്റെ പൊതുപര്യടനം ആരംഭിക്കുന്നത്.



എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി വട്ടമേട് ആദിവാസിക്കുടിയിൽ രമേശൻ കാണിയെ സന്ദർശിച്ചപ്പോൾ
എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി വട്ടമേട് ആദിവാസിക്കുടിയിൽ രമേശൻ കാണിയെ സന്ദർശിച്ചപ്പോൾ

പ്രവർത്തകരുടെ അകമ്പടിയിൽ ജോയ്സ് 
എൽഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും അനുഭാവികളുടെയും അകമ്പടിയിൽ പ്രകടനമായെത്തി നാമനിർദേശ പത്രിക സമർപ്പിച്ച് ജോയ്സ് ജോർജ്. മന്ത്രി റോഷി അഗസ്റ്റിൻ, എം.എം.മണി എംഎൽഎ, എൽഡിഎഫ് നേതാക്കളായ കെ.കെ.ജയചന്ദ്രൻ, കെ.സലിംകുമാർ എന്നിവർക്കൊപ്പം രാവിലെ 11 മണിയോടെ കലക്ടറുടെ ചേംബറിലെത്തിയായിരുന്നു പത്രിക സമർപ്പണം. മൂന്നു സെറ്റ് പത്രികയാണ് സമർപ്പിച്ചത്. തങ്കമണി സഹ്യ ടീ ഫാക്ടറിയിലെ തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർഥിക്ക് കൈമാറിയത്. എംപി ആയിരുന്നപ്പോൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ജോയ്സ് ഫാക്ടറി നിർമാണത്തിനായി രണ്ടുകോടി രൂപ അനുവദിച്ചിരുന്നു.

രാവിലെ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ കുർബാനയിൽ കുടുംബമായി പങ്കെടുത്ത ശേഷം പിതാവിന്റെ കല്ലറയിൽ എത്തി പ്രാർഥിച്ചാണ് ജോയ്സ് ജോർജ് പത്രിക സമർപ്പണ ദിനം ആരംഭിച്ചത്. തുടർന്ന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് ആദ്യാക്ഷരം പഠിപ്പിച്ച കളരി ടീച്ചർ ഏലിയാമ്മ ജോർജിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ ശേഷം രാവിലെ ഒൻപതോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തി.

അവിടെ നിന്നു വെള്ളാപ്പാറ ചെമ്പൻ കൊലുമ്പൻ സമാധിയിലെത്തി പുഷ്പചക്രം അർപ്പിച്ചു. കൊലുമ്പൻ കോളനി ഊരുമൂപ്പൻ ടി.വി.രാജപ്പന്റെ നേതൃത്വത്തിൽ കൊലുമ്പന്റെ പിൻഗാമികൾ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് പൈനാവിൽ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തി അവിടെ നിന്നു നേതാക്കളോടൊപ്പം പുറപ്പെട്ടു. എൻജിനീയറിങ് കോളജ് ജംക്‌ഷനിൽ നിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായി കലക്ടറേറ്റിലേക്ക്. 11 ന് കലക്ടറുടെ ചേംബറിലെത്തി പത്രിക സമർപ്പിച്ചു. 11.40 ഓടെ പരിശോധനകൾ പൂർത്തിയാക്കി.

ജോയ്സ് ജോർജിന്റെപര്യടനം ഇന്നുമുതൽ
എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ പൊതു പര്യടനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 8ന് കുമളി ബസ്‌സ്റ്റാൻഡ് പരിസരത്ത് എൽഡിഎഫിന്റെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പൊതുപര്യടനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഒന്നാംമൈൽ, മുരുക്കടി, വെള്ളാരംകുന്ന്, ചെങ്കര, നാലുകണ്ടം, മത്തായിമൊട്ട, മഞ്ചുമല എൽ-ഡി, വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡ്, മഞ്ചുമല യു-ഡി, ഗ്രാമ്പി നമ്പർ 2, മൗണ്ട് എന്നിവിടങ്ങളിൽ പര്യടനം നടത്തി അരണക്കലിൽ സമാപിക്കും. നാളെ തൊടുപുഴ അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും.

പദ്ധതി നടപ്പാക്കുമെന്ന് സംഗീത വിശ്വനാഥൻ
വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് പ്രത്യേക പ്രോജക്ട് നടപ്പിലാക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ. വന്യമൃഗശല്യം പരിഹരിക്കാൻ എംപി ഫണ്ടിൽ നിന്നു മുപ്പതും നാൽപതും ശതമാനം തുക മാറ്റിവയ്ക്കും എന്ന് പറയുന്ന ഇടതുവലത് സ്ഥാനാർഥികളുടെ പ്രഖ്യാപനങ്ങൾ വെറും കണ്ണിൽ പൊടിയിടാൻ മാത്രമാണ്. രണ്ടു കൂട്ടരും ഇതിനുമുൻപും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

സ്വന്തം എംപി ഫണ്ട് പൂർണമായി വിനിയോഗിക്കാൻ പോലും സാധിക്കാത്തവർ ഇനിയും വിജയിച്ചാൽ സാധിക്കും എന്നു പറയുന്നത് ഇടുക്കിയിലെ ജനങ്ങൾ മുഖവിലയ്ക്ക് എടുക്കില്ല. കൂടുതൽ പ്രോജക്ടുകൾ സമർപ്പിച്ചിരുന്നെങ്കിൽ കൂടുതൽ പണം അനുവദിക്കുന്നതിന് കേന്ദ്രം തയാറായിരുന്നു. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ അവസരം ലഭിച്ചാൽ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് കേന്ദ്രത്തിൽ പുതിയ പ്രോജക്ട് സമർപ്പിച്ച് നടപ്പിലാക്കുമെന്നും സംഗീതാ വിശ്വനാഥൻ പറഞ്ഞു.

എൻഡിഎ ഇടുക്കി നിയോജകമണ്ഡലം കൺവൻഷൻ ബിജെപി സംസ്ഥാന സമിതി അംഗം പി.എ.വേലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ പ്രതീഷ് പ്രഭ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എൻ.സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, ജില്ലാ വൈസ് പ്രസിഡന്റ് പി.രാജൻ, മണ്ഡലം പ്രസിഡന്റുമാരായ സുരേഷ് എസ്.മീനത്തേരിൽ, പി.എൻ.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

മുഖ്യമന്ത്രിയോട് ഡീൻ കുര്യാക്കോസിന്റെ 10 ചോദ്യങ്ങൾ
∙1. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി മുഖ്യമന്ത്രി കട്ടപ്പനയിൽ പ്രഖ്യാപിച്ച 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ ഇതുവരെ എത്ര രൂപ അനുവദിച്ചു? എത്ര രൂപ ചെലവഴിച്ചു?
∙2. ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട കേസുകളിൽ കോടതികളിൽ നിന്ന് നിരന്തരം തിരിച്ചടി നേരിടുന്നത് എന്തുകൊണ്ടാണ്? കോടതിയിൽ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ എന്തുകൊണ്ട് സർക്കാർ തയാറാവുന്നില്ല?
∙ 3. ഉപാധിരഹിത പട്ടയം നൽകുമെന്നും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 1964 ലെ ഭൂപതിവ് നിയമപ്രകാരമുള്ള പട്ടയവിതരണം ഹൈക്കോടതി തടഞ്ഞിട്ട് 3 മാസമായി. കയ്യേറ്റ ഭൂമിക്ക് സർക്കാർ പട്ടയം നൽകിയിട്ടില്ലെന്നും കയ്യേറ്റ ഭൂമിയുടെ പട്ടയം വ്യാജമായി ഉണ്ടാക്കിയതാണെന്നും ഇത്തരം പട്ടയങ്ങൾ പരിശോധിച്ച് റദ്ദ് ചെയ്തിട്ടുണ്ടെന്നും തുടർ പരിശോധന നടത്തി വ്യാജ പട്ടയങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സത്യവാങ്മൂലം നൽകിയാൽ പട്ടയവിതരണത്തിനുള്ള സ്റ്റേ മാറുമെന്നിരിക്കെ എന്തുകൊണ്ട് സർക്കാർ ഇത് ചെയ്യുന്നില്ല? ഇത് ആരുടെ കയ്യേറ്റം മറച്ചു വയ്ക്കാനാണ്? 
∙4. 22/8/2019 ലെ നിർമാണ നിരോധന ഉത്തരവ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുമോ? സർക്കാരിന്റെ ഭൂപതിവ് നിയമഭേദഗതി പ്രകാരം വീട് ഒഴികെയുള്ള നിർമാണങ്ങൾ ക്രമവൽക്കരിക്കുന്നതിന് ഫീസ് ഈടാക്കില്ലെന്ന് ജില്ലയിലെ ജനങ്ങൾക്ക് ഉറപ്പുനൽകാൻ മുഖ്യമന്ത്രി തയാറാകുമോ? 
∙ 5. തോപ്രാംകുടി, കല്ലാർകുട്ടി, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ വില്ലേജുകളിലെ പട്ടയപ്രശ്നം പരിഹരിക്കാൻ സർക്കാർ എന്ത് ചെയ്തു? ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകാൻ ഏത് അളവ് വരെയുള്ള കെട്ടിടങ്ങൾക്ക് പട്ടയം നൽകാമെന്ന് വ്യക്തത വരുത്തി സർക്കാർ ഉത്തരവ് ഇറക്കിയോ?
∙6. മതികെട്ടാനിൽ ജനവാസമേഖലകൾ ഉൾപ്പെടെ ഒരു കിലോമീറ്റർ ബഫർ സോണിന്റെ പരിധിയിലാക്കി ഇറക്കിയ അന്തിമ വിഞ്ജാപനം പുനഃപരിശോധിക്കാൻ എന്തുകൊണ്ട് സർക്കാർ നടപടി സ്വീകരിച്ചില്ല.?
∙ 7. വന്യജീവി ശല്യം തടയാനുള്ള നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ട്?
∙ 8. ചെങ്കുളത്തും ചിന്നക്കനാലിലും കൃഷിഭൂമിയുൾപ്പടെ 1117 എക്കർ റിസർവ് ഫോറസ്റ്റ് ആയി ഇറക്കിയ നോട്ടിഫിക്കേഷൻ റദ്ദ് ചെയ്യാൻ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല?
∙ 9. ഏലം പട്ടയഭൂമിയിൽ ഒരു നിർമാണങ്ങൾക്കും അനുമതി നൽകാൻ പാടില്ലെന്ന 19/11/2019 ലെ ഉത്തരവ് റദ്ദ് ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കുമോ? സിഎച്ച്ആർ റിസർവ് ഫോറസ്റ്റ് ആക്കാനുള്ള നീക്കം തടയാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചു?
∙10. ഒരു പഠനവും നടത്താതെ ദുരിത നിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളിൽ നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുമോ? ‎

തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുന്നോട്ടുവയ്ക്കുന്നത് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെ വ്യക്തമായ നിലപാടാണ്. പ്രചാരണം തുടങ്ങിയതുമുതൽ വിവിധ ജനവിഭാഗങ്ങളിൽനിന്ന് വലിയ പിന്തുണയുണ്ട്. മലയോരവുമായും ജില്ലയുമായും മണ്ഡലവുമായും ബന്ധപ്പെട്ട് കഴിഞ്ഞകാലങ്ങളിൽ എൽഡിഎഫും സംസ്ഥാന സർക്കാരും നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ജനം അംഗീകരിക്കുന്നു. പശ്ചാത്തലം, അടിസ്ഥാന സൗകര്യ വികസനങ്ങൾ, ഭൂമി പ്രശ്‍നങ്ങൾ എന്നിവയിൽ വലിയ മാറ്റങ്ങളുണ്ടാക്കാനും നല്ല നിലപാട് സ്വീകരിക്കാനും എൽഡിഎഫിനായി. എംപിയായിരുന്നപ്പോഴുണ്ടായ വികസന മുന്നേറ്റങ്ങളും നിലപാടുകളും ജനങ്ങൾ ഒപ്പംനിൽക്കാൻ കാരണമാണ്. എംപി അല്ലാതിരുന്നപ്പോഴും നാടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഇടപെട്ട് ജനങ്ങൾക്കൊപ്പം നിൽക്കുന്നതിന്റെ സ്വീകാര്യതയും അനുഭവിച്ചറിയാനാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com