ADVERTISEMENT

കട്ടപ്പന ∙ റോഡ് നന്നാക്കാത്തതിനാൽ ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും വോട്ട് തേടി വരേണ്ടെന്നു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് ഒരു നാട്. കട്ടപ്പന നഗരസഭയിലെ മൂന്ന്, നാല് വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന കൊങ്ങിണിപ്പടവ്-തൂങ്കുഴിപടി-ട്രാൻസ്‌ഫോമർ പടി റോഡ് നന്നാക്കാത്തതിന് എതിരെയാണു നാട്ടുകാരുടെ പ്രതിഷേധം. എംഎൽഎയോടും ഇരു വാർഡുകളിലെ കൗൺസിലർമാരോടും പലതവണ ആവശ്യപ്പെട്ടിട്ടും റോഡ് നന്നാക്കാൻ നടപടി ഉണ്ടായിട്ടില്ലെന്നും റോഡിലെ കുഴികൾ അടയ്ക്കാനുള്ള തുകപോലും അനുവദിക്കാത്ത മെംബർമാരും ഒരു രാഷ്ട്രീയ പാർട്ടി അംഗങ്ങളും വോട്ട് ചോദിച്ചു വരേണ്ടതില്ലെന്നു വ്യക്തമാക്കിയാണു നാട്ടുകാർ ഫ്ലെക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരമുള്ള റോഡിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡിന്റെ ഒന്നര കിലോമീറ്റർ ദൂരമാണു മുൻപ് ടാർ ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന ഭാഗം ഇപ്പോഴും മൺപാതയായി കിടക്കുകയാണ്. ടാർ ചെയ്തിട്ടു വർഷങ്ങൾ കഴിഞ്ഞതിനാൽ പൊളിഞ്ഞ് മെറ്റൽ ഇളകിക്കിടക്കുകയാണ്. റോഡ് നന്നാക്കണമെന്ന് എംഎൽഎ അടക്കമുള്ളവരോടു പലതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണു തിരഞ്ഞെടുപ്പ് സമയത്തു പ്രതിഷേധ സൂചകമായി ഫ്ലെക്‌സ് ബോർഡ് സ്ഥാപിക്കാൻ നാട്ടുകാർ നിർബന്ധിതരായത്. പ്രദേശത്തെ നാൽപതോളം കുട്ടികൾക്ക് പോകാനായി സ്‌കൂൾ ബസ് ഉൾപ്പെടെ ഇതുവഴി എത്തുന്നതാണ്. റോഡ് നന്നാക്കിയില്ലെങ്കിൽ അടുത്ത അധ്യായനവർഷം മുതൽ ബസുകൾ വരാത്ത സ്ഥിതിയാകും. യാത്രാദുരിതം വർധിച്ചുവരുന്ന സാഹചര്യത്തിലാണു പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com