ADVERTISEMENT

നാളെ വിഷു. ഐശ്വര്യ കാലത്തിന്റെ ആദ്യദിനം. വർഷം മുഴുവൻ കൈ നിറയെ കിട്ടാൻ പോകുന്ന സമൃദ്ധിയുടെ സൂചനയായാണ് ഇന്നു ലഭിക്കുന്ന കൈനീട്ടം കണക്കാക്കപ്പെടുന്നത്. കുടുംബത്തിലെ ഒരാൾക്കു പോലും കുറവു തോന്നിപ്പിക്കാതെ കാരണവർ, കൈ നിറയെ നൽകി ഈ വർഷം സമ്പന്നമാക്കുമെന്ന് കുടുംബാംഗങ്ങൾക്കു നൽകുന്ന സൂചന. വിഷുക്കാലവും തിരഞ്ഞെടുപ്പു കാലവും ഒരുമിച്ചെത്തിയപ്പോൾ ഇടുക്കി ലോക്സഭാ കുടുംബത്തിലെ അംഗങ്ങളായ വോട്ടർമാർക്ക്, അടുത്ത കാരണവർ സ്ഥാനം ഏറ്റെടുത്തേക്കാവുന്ന സ്ഥാനാർഥികൾ നൽകുന്ന വാഗ്ദാന കൈനീട്ടങ്ങൾ എന്തൊക്കെയാണ്. 

∙ഡീൻ കുര്യാക്കോസ്
ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ശല്യമാണ്. അതിനു പരിഹാരം കാണുന്നതിനുള്ള ശാശ്വതമായ സുരക്ഷാ സംവിധാനങ്ങൾ നിർമിക്കും എന്നതു തന്നെയാണ് ഒന്നാമത്തെ കാര്യം. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തും. തുടങ്ങിവച്ച ദേശീയ പാതകളുടെ നിർമാണം പൂർത്തീകരിക്കും. അങ്കമാലി – ശബരി, ഡിണ്ടിഗൽ – കുമളി റെയിൽവേ പദ്ധതികളും മുന്നിലുണ്ട്. ഇഎസ്ഐ ആശുപത്രി പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കും. ഏലം ബോർഡ്, തൊടുപുഴ കേന്ദ്രീയ വിദ്യാലയം എന്നിവ യാഥാർഥ്യമാക്കും. ജില്ലയിൽ ആരോഗ്യമേഖലയ്ക്ക് ആവശ്യമായ പരിഗണന നൽകി ആധുനിക ചികിത്സാ സൗകര്യങ്ങൾ ജില്ലയിൽ തന്നെ ലഭ്യമാക്കും.  

∙ജോയ്സ് ജോർജ്
ടൂറിസത്തിന്റെ നവീന രീതികളെ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ടൂറിസം സാധ്യതകളുമായി സമന്വയിപ്പിച്ച്, ആളുകളുടെ ജീവനോപാധി വർധനയെന്ന മുഖ്യ ലക്ഷ്യം മുന്നിൽ കണ്ട് സമഗ്രമായ  പദ്ധതി തയാറാക്കും. എന്നിട്ട് അതിനെ ഒരു ടൂറിസം ഉൽപന്നമായി ലോകത്താകമാനം മാർക്കറ്റ് ചെയ്യും. അങ്ങനെ ഇടുക്കിയിൽ ജീവിക്കുന്ന ചെറുപ്പക്കാർക്കും വളർന്നു വരുന്ന തലമുറയ്ക്കും പ്രതീക്ഷയോടു കൂടി ജീവിക്കുന്നതിനും ജീവനോപാധികൾ കണ്ടെത്താനും കഴിയുന്ന എല്ലാ സാഹചര്യങ്ങളും സൃഷ്ടിക്കും. 

∙സംഗീത വിശ്വനാഥൻ
ഇടമലക്കുടി ഗോത്രവർഗ മേഖലയിലെ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ വിഷു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ആദർശ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഇടമലക്കുടി ഗ്രാമത്തെ ദത്തെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഓരോ എംപിയും അതത് ലോക്സഭാ മണ്ഡലത്തിലെ ഒരു ഗ്രാമം ഏറ്റെടുത്ത് ആ ഗ്രാമത്തിൽ കാലോചിതമായ വികസന പദ്ധതികൾ നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. നിലവിൽ ഇടുക്കിയിൽ നിന്ന് ഒരു ഗ്രാമം പോലും ഈ പദ്ധതിയിൽ ഇല്ല. അതിനാൽ ഇടമലക്കുടി പഞ്ചായത്തിൽ വികസനമെത്തിക്കും എന്നതാണ് വാഗ്ദാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com