അസമയത്ത് സർവീസ് നടത്തി കെഎസ്ആർടിസി; 90 കിലോമീറ്റർ ദൂരം പിന്നിട്ട ബസിന് ലഭിച്ചത് 18 രൂപ !
Mail This Article
മൂന്നാർ ∙ 90 കിലോമീറ്റർ ദൂരം സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനു ലഭിച്ചത് 18 രൂപ വരുമാനം. വിഷു ദിനത്തിൽ രാത്രി 10.45ന് മൂന്നാറിൽ നിന്നും ഉടുമൽപേട്ടയ്ക്കു സർവീസ് നടത്തിയ ബസിനാണിത്. രാവിലെ 10.30ന് മൂന്നാറിൽ നിന്നു പോകുന്ന ബസ് വൈകിട്ട് 7ന് സാധാരണ മടങ്ങിയെത്തും. രാത്രി 8 ന് വീണ്ടും ഉടുമൽപേട്ടയ്ക്കു സർവീസ് നടത്തും. എന്നാൽ വിഷു ദിനത്തിൽ ചിന്നാറിലെ വനക്ഷേത്രത്തിൽ ഉത്സവം നടന്നതു കാരണമുള്ള തിരക്കുമൂലം 7 ന് വരേണ്ട ബസ് 10 നാണ് വന്നത്.
ഇതോടെ 8നുള്ള സർവീസ് പോകാൻ കഴിഞ്ഞില്ല. എന്നാൽ ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് സർവീസ് താമസിച്ചതെന്ന് ആരോപിച്ചാണ് ഡ്യൂട്ടി മാസ്റ്ററും ഡിപ്പോയിലെ മുതിർന്ന ഉദ്യോഗസ്ഥനും ചേർന്നു ഷെഡ്യൂൾ അല്ലാത്ത സമയത്ത് രാത്രി 10.45ന് ബസ് ഓടിക്കാൻ നിർദേശം നൽകിയത്.അസമയത്ത് ബസ് സർവീസ് നടത്തി നഷ്ടം ഉണ്ടാക്കിയതിനെതിരെ പരാതി നൽകാനുള്ള തയാറെടുപ്പിലാണ് ജീവനക്കാർ.